/sathyam/media/media_files/2026/01/08/pinarai-vijayan-ak-balan-2026-01-08-20-55-11.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ എ.കെ ബാലന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി രംഗത്ത് വന്നതോടെ ഭൂരിപക്ഷ പ്രീണനമെന്ന സി.പി.എം തിരഞ്ഞെടുപ്പ് തന്ത്രമാണ് വ്യക്തമാവുന്നത്.
ജമാഅത്തെ ഇസ്ലാമിക്ക് എതിരെ പറയുമ്പോൾ തങ്ങൾ അത് മുസ്ലീങ്ങൾക്കെതിരെയാക്കുന്നത് അവരുടെ തന്ത്രമായാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നിരവധി വർഗീയ കലാപങ്ങൾ നാട്ടിലുണ്ടാകുമെന്ന ബാലന്റെ പ്രസ്താവനയെ പിപൂർണ്ണമായും പിന്തുണച്ച് കൊണ്ടാണ് മുഖ്യമ്രന്തി രംഗത്ത് വന്നത്.
നിലവിൽ സിപിഎമ്മിന്റെ അടിസ്ഥാന വോട്ടായ ഈഴവ വിഭാഗത്തിൽ നിന്നുള്ള വോട്ട് ചോർച്ച പരമാവധി കുറച്ചുകൊണ്ട് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്ലീം വിഭാഗങ്ങൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെ കൂടിയാണ് പിണറായി പരോക്ഷമായി പിന്തുണയ്ക്കുന്നത്. യുഡിഎഫിൽ ഘടകകക്ഷിയായ മുസ്ലീം ലീഗിനെയും വെള്ളാപ്പള്ളിയും എകെ ബാലനും കടന്നാക്രമിച്ചിരുന്നു.
ഇവരെ പിന്തുണയ്ക്കുക വഴി പ്രത്യേകിച്ച് മലബാറിലെയും സംസ്ഥാനമൊട്ടാകെയുമുള്ള ഭൂരിപക്ഷവിഭാഗങ്ങളുടെ വോട്ടിലാണ് സിപിഎം കണ്ണുനട്ടിരിക്കുന്നത്. സിപിഎമ്മിന്റെ പല കേന്ദ്രങ്ങളിലുമുള്ള ബിജെപിയുടെ കടന്നുകയറ്റം കൂടി തടയുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്.
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ ഒട്ടുമുക്കാൽ ശുപാർശകളും നടപ്പാക്കിയെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി ഈ വരുന്ന ഒമ്പതിന് ഇവരുടെ യോഗം അദ്ദേഹത്തിന്റെ ചേംബറിൽ വിളിച്ചിട്ടുള്ളതിനും രാഷ്ട്രീയ മാനമുണ്ട്.
ക്രൈസ്തവ വിഭാഗങ്ങളെ കേരള കോൺഗ്രസ് എമ്മിന്റെ മധ്യസ്ഥത കൂടി ഉൾപ്പെടുത്തി അവരെ ഇടതിനൊപ്പം ചേർത്ത് നിർത്താനും നീക്കമുണ്ട്. അങ്ങനെ സമാഹരിക്കപ്പെടുന്ന വോട്ടുകളിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിലുള്ള തോൽവിയുടെ ആഘാതം പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്.
ഇതിനിടെ എകെ ബാലന്റെ ജമാ അത്തെ വിരുദ്ധ പ്രസ്താവനയെ ചൊല്ലി രൂക്ഷ വിമർശനമാണ് സിപിഎം പാലക്കാട് ജില്ലാക്കമ്മറ്റി യോഗത്തിലുണ്ടായത്. ബാലൻ സംസാരിച്ചാൽ തന്നെ സിപിഎമ്മിന് വോട്ട് നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്നുമായിരുന്നു വിമർശനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us