/sathyam/media/media_files/2026/02/15/mani-sankar-pinarayi-2026-02-15-21-18-27.jpg)
കോട്ടയം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തന്നെ തുടരുമെന്നു തനിക്ക് ഉറപ്പുണ്ടെന്നു മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍. പഞ്ചായത്തീരാജ് സംവിധാനത്തില്‍ കേരളത്തിന്റെ ഒന്നാം സ്ഥാനം നിയമപരമായി കൂടി ഉറപ്പിക്കാനാവശ്യമായ ഭേദഗതികള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നിര്‍ദേശിക്കുകയാണെന്നും അദ്ദേഹം പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.
മണിശങ്കര്‍ അയ്യര്‍ സര്‍ക്കാരിന്റെ വേദിയില്‍ എത്തുന്നത് ആദ്യമല്ല. 2023ല്‍ കോണ്‍ഗ്രസും യു.ഡി.എഫും ബഹിഷ്‌കരിച്ച സര്‍ക്കാരിന്റെ കേരളീയത്തിലും മണിശങ്കര്‍ അയ്യര്‍ പങ്കെടുത്തിരുന്നു. കേരളീയത്തില്‍ പങ്കെടുക്കരുതെന്നു പാര്‍ട്ടി പറഞ്ഞിരുന്നെന്നു മണിശങ്കര്‍ അയ്യര്‍ പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍, താന്‍ കേരളീയം വേദിയിലെത്തിയത് രാഷ്ട്രീയം പറയാനല്ല. രാജ്യത്ത് പഞ്ചായത്തീരാജ് എന്നതു രാജീവ് ഗാന്ധി മുന്നോട്ടു വച്ച ആശയമാണ്.
അതിദാരിദ്ര്യം തുടച്ചു നീക്കലാണു പഞ്ചായത്തീരാജിന്റെ അടിസ്ഥാന ആശയം. പരിപാടിയില്‍ പങ്കെടുത്തതിനു കോണ്‍ഗ്രസ് നേതൃത്വത്തോടും മണിശങ്കര്‍ അയ്യര്‍ ക്ഷമ ചോദിച്ചിക്കുകയും ചെയ്തു. അന്ന് കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തദ്ദേശ വകുപ്പ് സംഘടിപ്പിച്ച കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ വിഷയത്തിലെ സെമിനാറില്‍ പങ്കെടുത്താണ് അദ്ദേഹം സംസാരിച്ചത്.
ഇക്കുറി സര്‍ക്കാരിന്റെ 'വിഷന്‍ 2031: വികസനവും ജനാധിപത്യവും' അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് മണിശങ്കര്‍ അയ്യര്‍ എത്തിയത്. പാവപ്പെട്ടവര്‍ക്കും ഇതു തങ്ങളുടെ രാജ്യമാണെന്ന് തോന്നുന്ന, രാജ്യനിര്‍മ്മാണത്തില്‍ അവര്‍ക്കു ഫലപ്രദമായ പങ്കാളിത്തമുള്ള ഒരു ഇന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്നമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ ലക്ഷ്യത്തിലേക്ക് ഏറ്റവും പ്രശംസനീയമായ പുരോഗതി കൈവരിച്ചത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളമാണെന്നത് ഒരു കൗതുകകരമായി തോന്നാമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ തന്നെയാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഞാന്‍ ഒന്നുകൂടി അഭ്യര്‍ഥിക്കുകയാണ്: പഞ്ചായത്തീരാജ് രംഗത്ത് കേരളത്തിന്റെ ഒന്നാം സ്ഥാനം പൂര്‍ണ്ണമായി ഉറപ്പിക്കാന്‍ നമ്മുടെ അനുഭവങ്ങളുടെയും, തോമസ് ഐസക്കിന്റെ ഉള്‍ക്കാഴ്ചകളുടെയും, ഞാന്‍ അധ്യക്ഷനായിരുന്ന അഞ്ച് വാല്യങ്ങളുള്ള റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാന നിയമ ഭേദഗതി കൊണ്ടുവരണം.
എല്ലാറ്റിനുമുപരി, ആസൂത്രണ കമ്മീഷന്‍ പഞ്ചായത്തീരാജില്‍ വിശ്വസിച്ചിരുന്ന കാലത്ത് വി.കെ. രാമചന്ദ്രന്‍ തയ്യാറാക്കിയ ജില്ലാ ആസൂത്രണത്തെക്കുറിച്ചുള്ള കുറിപ്പും ഇതിനായി പരിഗണിക്കണം. രാജ്യത്ത് ഇന്ന് പഞ്ചായത്തീരാജിനായി ശബ്ദമുയര്‍ത്താന്‍ അധികം ആരും അവശേഷിക്കുന്നില്ല. അതിനാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പക്കല്‍ ഞാന്‍ അപേക്ഷിക്കുന്നു: സര്‍, ദയവായി കോണ്‍ഗ്രസ് കൈവിട്ട ആ ദൗത്യം അങ്ങ് ഏറ്റെടുക്കണമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us