/sathyam/media/media_files/VXSDgfRG0TYFBmmldLe1.jpg)
തിരുവനന്തപുരം: നമ്മുടെ സംസ്ഥാനം ജനാധിപത്യത്തിന്‍റെ ഒരു പുതിയ മാതൃക ലോകത്തിനു സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നാടിന്‍റെ വികസനം എന്നത് ജനങ്ങളുടെ ആവശ്യവും അനിവാര്യതയും പ്രതിസന്ധികളും സ്വപ്നങ്ങളും ആഴത്തില്‍ മനസ്സിലാക്കി സമൂഹത്തിലെ ഓരോരുത്തരുടെയും സര്‍ഗാത്മകവും സക്രിയവുമായ പങ്കാളിത്തം ഉറപ്പു വരുത്തേണ്ട പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ഘട്ടത്തിലും ജനങ്ങളുമായി സംവദിച്ചു കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നാടിന്‍റെ പുരോഗതി ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്. ഇനിയുള്ള നാളുകളിലും കൂടുതല്‍ ക്രിയാത്മകമായി അതുറപ്പു വരുത്താന്‍ സഹായകമായ ബൃഹത്തും സമഗ്രവുമായ ഒരു പഠന പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്.
നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ നടപ്പാക്കുന്ന ഈ നവകേരള വികസനക്ഷേമ പഠന പരിപാടി കേരളത്തിന്‍റെ പുരോഗതിയ്ക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും സമ്മാനിക്കുമെന്ന് സുനിശ്ചിതമാണ്.
സംസ്ഥാനത്താകെ സന്നദ്ധ സേനാഗംങ്ങള്‍ ജനങ്ങള്‍ക്ക് അരികിലെത്തിയാണ് ഈ പഠനം നടത്തുക. ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം സൂക്ഷ്മാംശത്തില്‍ കേള്‍ക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുകയും ചെയ്യും. അതിന്‍റെ തുടര്‍ച്ചയായി സമഗ്രമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും.
അത് ക്രോഡീകരിച്ചും അപഗ്രഥിച്ചും വരുംകാലത്തേക്കുള്ള നാടിന്‍റെ പുരോഗതി എങ്ങനെ ആകണം എന്ന രൂപരേഖ ഉണ്ടാക്കും. ഇതിലൂടെ നവകേരളത്തിലേക്കുള്ള പാതയില്‍ കൂടുതല്‍ വെളിച്ചവും പ്രതീക്ഷയും പകരാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പ്രത്യാശിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ പൊതുനയങ്ങളില്‍ നിന്നും ഭിന്നമായി സ്വീകരിച്ച ജനപക്ഷ ഭരണനയങ്ങളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന ജീവിതനിലവാരമുള്ള നാടാക്കി കേരളത്തെ വളര്‍ത്തിയത്.
ഈ വികസനരീതി 'കേരള മോഡല്‍' എന്ന പേരില്‍ ലോകശ്രദ്ധ നേടി. ജീവിത നിലവാരസൂചികയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്.
ഭൂപരിഷ്കരണവും പൊതുവിദ്യാഭ്യാസ നയവും ജനകീയാസൂത്രണവും സാക്ഷരതാ യജ്ഞവും തുടങ്ങി ലോകചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തിയ നിരവധി ജനാധിപത്യ ജനക്ഷേമ ഇടപെടലുകളുടെ ഫലമായാണ് ഇന്നത്തെ കേരള സമൂഹം വാര്‍ത്തെടുക്കപ്പെട്ടത്.
ആ അടിത്തറയില്‍ ഊന്നി നിന്നാണ് ജനക്ഷേമ പദ്ധതികളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കിയും കേരളമിതു വരെ കാണാത്ത വികസന നേട്ടങ്ങള്‍ വ്യാവസായിക അടിസ്ഥാനസൗകര്യ മേഖലകളില്‍ സ്വന്തമാക്കിയും കഴിഞ്ഞ ഒരു ദശാബ്ദമായി നാം പുതിയ ഉയരങ്ങളിലേയ്ക്ക് കുതിച്ചത്.
ജനാധിപത്യത്തെ അര്‍ത്ഥവത്താക്കുന്ന, ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളും ഒപ്പം കൊണ്ടുപോകാനും നമുക്കു സാധിച്ചു. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ ഓരോ വാഗ്ദാനവും പൂര്‍ത്തീകരിക്കുക മാത്രമല്ല, ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ടുകളിലൂടെ അവയുടെ പുരോഗതി ജനങ്ങളെ അറിയിക്കുന്ന സമ്പ്രദായം രാജ്യത്ത് ആദ്യമായി കേരളം ആരംഭിച്ചു.
നവകേരള കര്‍മ്മപദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജനങ്ങളുമായി സംവദിക്കുന്നതിനും അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതിനുമായി മന്ത്രിസഭ ഒന്നടങ്കം പങ്കെടുത്തു കൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിക്കുകയും ഭരണ നിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി മേഖല അവലോകന യോഗങ്ങള്‍ നടത്തുകയും ചെയ്തു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ വികസന സദസ്സുകള്‍ ആരംഭിച്ചു. അതിപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം രൂപീകൃതമായിട്ട് 2031ല്‍ 75 വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞകാല വളര്‍ച്ച വിലയിരുത്തിക്കൊണ്ട് ഭാവിക്കു വേണ്ടിയുള്ള വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് 33 വിഷയങ്ങളില്‍ സംസ്ഥാനത്തുടനീളം സെമിനാറുകള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തെ പുരോഗമനപരവും വികസിതവുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 'വിഷന്‍ 2031' എന്ന പേരില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ജനങ്ങളില്‍ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് അവരുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് 'സിഎം വിത്ത് മീ' എന്ന പേരില്‍ സിറ്റിസണ്‍ കണക്ട് സെന്‍റര്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ നവകേരള നിര്‍മ്മിതിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് എല്ലാ മേഖലകളിലും നടന്നുവരികയാണ്. വികസനക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ ജീവിതനിലവാരത്തില്‍ വളര്‍ച്ചയും, മുന്നേറ്റവും ഉണ്ടാക്കിയിട്ടുണ്ട്.
ഇതിനകം നടപ്പിലാക്കിയ പദ്ധതികളുടെ അനുഭവങ്ങളെ വിലയിരുത്തേണ്ടത് നവകേരള നിര്‍മ്മിതിയുടെ ലക്ഷ്യം നേടുന്നതിന് അത്യന്താപേക്ഷിതമാണ്. നവകേരള നിര്‍മ്മാണത്തിന്‍റെ ഇതുവരെയുള്ള അനുഭവങ്ങള്‍ നമ്മുടെ ആവശ്യകതയുമായി തുലനം ചെയ്ത് വിലയിരുത്തപ്പെടേണ്ടതുണ്ട്.
കേരളം ഇതിനോടകം കൈവരിച്ച നേട്ടങ്ങളില്‍ നിന്നും ഒരു പടികൂടി കടന്ന് വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരമുള്ള നാടായി കേരളത്തെ ഉയര്‍ത്തുവാനാണ് ലക്ഷ്യമിടുന്നത്.
എല്ലാവര്‍ക്കും വിദ്യാഭ്യാസം, ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍, ഓരോ കുടുംബത്തിനും വീട്, ജീവിത വരുമാനത്തിനായി തൊഴില്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, വികസന നേട്ടങ്ങളുടെ ഗുണഫലം എല്ലാ വിഭാഗത്തിനും ലഭ്യമാക്കുക, വിനോദത്തിനും കായികവളര്‍ച്ചയ്ക്കും മറ്റു ജീവിത മുന്നേറ്റത്തിനും സംവിധാനമൊരുക്കല്‍ എന്നിവയാണ് നവകേരളത്തിന്‍റെ ലക്ഷ്യം.
ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോകാന്‍ ഇതിനകം സംസ്ഥാനത്ത് നടപ്പിലാക്കിയ ഭരണനടപടികളിലൂടെ സാധിച്ചിട്ടുണ്ട്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം 2025 നവംബര്‍ ഒന്നോടു കൂടി രാജ്യത്ത് ആദ്യമായി കൈവരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. അദ്ദേഹം പറഞ്ഞു.