ജനാഭിപ്രായങ്ങളിലൂടെ സമഗ്ര വികസനം ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

'കേരളത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായി. നടപ്പിലാകില്ല എന്ന് വിധിയെഴുതിയ പലതും ഇച്ഛാശക്തിയോടെ നടപ്പിലാക്കാൻ കഴിഞ്ഞു

New Update
vikasana

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സിൽ നിന്നും സ്വരൂപിക്കുന്ന ജനാഭിപ്രായങ്ങളിലൂടെ സമഗ്രമായ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .വികസന സദസ്സ് സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാണ് ആദ്യ വികസന സദസ്സ് നടന്നത്.

Advertisment

pin

'വികസന സദസ്സിലൂടെ കേരളം പുതിയ കാൽവയ്പ്പ് നടത്തുകയാണ്. നാടിന്റെ എല്ലാ ഭാഗങ്ങളെയും കേട്ടുകൊണ്ടുള്ള ഭാവി വികസനം നടപ്പിലാക്കും. സർക്കാരിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളിലൂടെ നേടാൻ കഴിഞ്ഞ വികസന നേട്ടങ്ങൾ ചർച്ച ചെയ്യപ്പെടും. അതോടൊപ്പം എന്റെ നാട് എങ്ങനെ വികസിച്ചു വരണം എന്നുള്ള അഭിപ്രായങ്ങൾ ജനങ്ങളിൽ നിന്നും ശേഖരിക്കും' മുഖ്യമന്ത്രി പറഞ്ഞു. 

 'ഈ അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് ഭാവി വികസനത്തിന് അടിത്തറ പാകുന്ന വികസന പദ്ധതികൾ രൂപീകരിക്കും. പ്രാദേശിക പ്രത്യേകത അനുസരിച്ചു  താഴെത്തട്ടിൽ നിന്നുള്ള ആസൂത്രണം സാധ്യമാക്കാനും കഴിയും. ഇതിനായി ഒരു മാസം നീണ്ടു നിൽക്കുന്ന വികസന സദസ്സുകൾ കേരളത്തിലാകെ നടക്കും'..

pm

'.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള ജനങ്ങൾ അവിടത്തെ ഭാവി വികസനത്തെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തും. വികസന സദസ്സിലൂടെ സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിക്കും'.,  മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

'സംസ്ഥാന വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രധാന പങ്കുണ്ട്. ഓരോ പ്രദേശത്തിന്റെയും വികസനം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനമാണ്. വികസന നേട്ടങ്ങൾ ചർച്ച ചെയ്യുമ്പോൾ ജനങ്ങൾക്കാണ് പ്രാധാന്യം. ഭരണത്തിലുള്ളവർ മാത്രമല്ല എല്ലാവരും അവരുടെ നാടിന്റെ വികസനത്തിനായി ഇതിൽ പങ്ക് വഹിക്കണം. നാടിന്റെ വികസന കാര്യത്തിൽ ഒന്നിച്ചു നിൽക്കുക വളരെ പ്രധാനമാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ്സുകൾ നടത്തി ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയാണ് വേണ്ടത്', മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിനാകെ മാതൃകയായി അധികാരവികേന്ദ്രീകരണവും ജനകീയ ആസൂത്രണവും മികച്ച രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. കേരള സംസ്ഥാനം രൂപീകരിച്ച ശേഷം അധികാരത്തിൽ വന്ന ഇ എം എസ് സർക്കാർ അടിസ്ഥാന വികസനത്തിന് അടിത്തറയിട്ടു. അന്ന് മുതൽ അധികാര വികേന്ദ്രീകരണം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.

ജനകീയ ആസൂത്രണത്തിലൂടെ പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ വലിയ തോതിൽ പങ്കാളികളായി. എല്ലാവരെയും ചേർത്ത് നിർത്തിയുള്ള വികസനമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും വികസന പ്രവർത്തനങ്ങളിൽ വേർതിരിവില്ലാത്ത പിന്തുണയാണ് സംസ്ഥാന സർക്കാർ നൽകുന്നത്.

'കേരളത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായി. നടപ്പിലാകില്ല എന്ന് വിധിയെഴുതിയ പലതും ഇച്ഛാശക്തിയോടെ നടപ്പിലാക്കാൻ കഴിഞ്ഞു.  ഡിസംബറിൽ ദേശീയപാതയുടെ നാലൊരു ഭാഗം പൂർത്തിയാകും. 2026 മാർച്ചോടെ ചില ഭാഗങ്ങൾ ഒഴികെ ദേശീയപാത പൂർത്തിയാകും'.

 'ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാക്കി പ്രവർത്തനസജ്ജമായി. തീരദേശ, മലയോര ഹൈവേയ്ക്ക് പതിനായിരം കോടി രൂപ കിഫ്ബിയിലൂടെ വകയിരുത്തി. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത പദ്ധതിയിലെ ചേറ്റുവ വരെ ഡിസംബറിൽ പൂർത്തിയാകും'.

'ആരോഗ്യ മേഖല രാജ്യത്തിൽ ഒന്നാമതാണ് കേരളം. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളിൽ മികച്ച മുന്നേറ്റം സാധ്യമാക്കി. നവജാത ശിശുമരണ നിരക്കിൽ വികസിത രാജ്യങ്ങൾക്കും മുന്നിലാണ് കേരളം ഇന്ന്. കേരളത്തിന്റെ ആരോഗ്യ സൗകര്യങ്ങൾ ലോകം ശ്രദ്ധിച്ച കോവിഡ് കാലത്ത് ഉൾപ്പടെ ആർദ്രം പദ്ധതിയിലൂടെ വെന്റിലേറ്ററുകൾ ഉൾപ്പടെ മികച്ച ആരോഗ്യസേവനങ്ങൾ നടപ്പാക്കാനായി'.

' വിദ്യാലയങ്ങൾ അക്കാദമികമായും അടിസ്ഥാന നൂതന സാങ്കേതിക സൗകര്യങ്ങളിലും മികച്ച നിലവാരത്തിലേക്ക് ഉയർത്തി. കാർഷിക, വ്യാവസായിക, ഐ ടി ഉൾപ്പടെ സമഗ്രമേഖലകളിലും വികസന നേട്ടങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അതിദാരിദ്ര്യം പരിഹരിക്കാൻ ശ്രമങ്ങളുണ്ടായി'.

' സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ കൃത്യമായി നടപ്പിലാക്കി, പ്രോഗ്രസ്സ് റിപ്പോർട്ടിലൂടെ അവ ജനങ്ങളെ അറിയിച്ചു. ഈ വികസനങ്ങൾ നാടിനും പാവപ്പെട്ടവർക്കും സർക്കാർ നൽകുന്ന പിന്തുണയാണ് വ്യക്തമാക്കുന്നത്. എല്ലാ മേഖലകളിലും കേരളം ഒന്നാമതാണ്. ഇനിയും മുന്നോട്ട് പോകുവാൻ നാട് ഒന്നിച്ചു നിൽക്കണം' മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യതിഥിയായി. 

എം എൽ എ മാരായ ആന്റണി രാജു, വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ,  തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ,  തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ്, ഡയറക്ടർ (അർബൻ) സൂരജ് ഷാജി, ഡയറക്ടർ (റൂറൽ) അപൂർവ ത്രിപാഡി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

Advertisment