/sathyam/media/media_files/2025/02/10/8KFzGupKi2cVwSzMybmq.jpg)
തിരുവനന്തപുരം: നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ ശക്തിപ്പെടുത്താനും ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് സാധിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിന്റെ വികസനത്തിനു വിഘാതം നിന്ന നിരവധി പ്രവണതകളെ തിരുത്തിക്കുറിച്ച എട്ടു വര്‍ഷങ്ങളാണ് കടന്നു പോയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങകുവെച്ച കുറുപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്...
കേരളത്തിന്റെ വികസനത്തിനു വിഘാതം നിന്ന നിരവധി പ്രവണതകളെ തിരുത്തിക്കുറിച്ച എട്ടു വര്‍ഷങ്ങളാണ് കടന്നു പോയത്. കേരളം വ്യവസായത്തിന് അനുയോജ്യമല്ലെന്ന മുന്‍വിധികളെല്ലാം ഇന്ന് വിസ്മൃതിയിലായി. രാജ്യത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി നമ്മള്‍ മാറി. സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ആസൂത്രണ മികവുമാണ് ഈ നേട്ടം സാധ്യമായത്.
ആ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ദിശാബോധവും പകരുന്ന 'ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്' ഫെബ്രുവരി 21, 22 തിയ്യതികളിലായി കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുകയാണ്. ഇതിലൂടെ കേരളത്തിന്റെ ഉത്തരവാദിത്ത വികസന വളര്‍ച്ചയാണ് ലക്ഷ്യം വെക്കുന്നത്.
സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ ശക്തിപ്പെടുത്താനും ഈ ഉച്ചകോടി വഴിയൊരുക്കും.
ഇതിനു മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഗള്‍ഫ് മേഖലയിലും അന്താരാഷ്ട്ര വിദഗ്ദ്ധരടക്കമുള്ളവര്‍ പങ്കെടുത്ത ബൃഹദ് പരിപാടികള്‍ സംഘടിപ്പിച്ചു. ഒന്‍പത് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ഈ വലിയ ഉച്ചകോടിക്ക് കേരളം ആതിഥ്യമരുളുന്നത്.
രണ്ടുദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ വ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കമുള്ളവര്‍ പങ്കെടുക്കുന്ന വിവിധ വിനിമയപരിപാടികള്‍ അരങ്ങേറും.
2016ല്‍ ഇടതുപക്ഷം അധികാരത്തിലേറിയതിന് ശേഷം വ്യവസായ രംഗത്ത് കേരളമുണ്ടാക്കിയ വളര്‍ച്ച അന്താരാഷ്ട്രതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്.
വ്യാവസായിക സൗഹാര്‍ദ്ദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് ദേശീയ, അന്തര്‍ദ്ദേശീയ അംഗീകാരങ്ങള്‍ ലഭിക്കുകയുണ്ടായി.
കേരളത്തിന്റെ വികസനമുന്നേറ്റത്തിലെ പുതിയ നാഴികക്കല്ലായി 'ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്' മാറും.