യുഡിഎഫ് സീറ്റ് വിഭജന ചർച്ചകളിൽ 'മേശമേൽ കൈകൊണ്ടടിച്ച്' കോൺഗ്രസ് നേതാക്കളെ വിരട്ടി ഉറച്ച സീറ്റുകൾ പിടിച്ചെടുക്കാൻ സമ്മർദ്ദവുമായി പിജെ ജോസഫ്. കേരള കോൺഗ്രസിന് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ വീണ്ടും വിട്ടു നൽകിയാൽ മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് കോൺഗ്രസിന് മുന്നറിയിപ്പ്. പിന്മാറാതെ ജോസഫും. കേരള കോൺഗ്രസ് പിന്നെയും യുഡിഎഫിന്റെ അന്തകരാകുമൊ ?

കേരള കോണ്‍ഗ്രസിന് 4 സീറ്റുകളില്‍ അധികം നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. സമ്മര്‍ദ്ദം ശക്തമായാല്‍ മാത്രം 2 സീറ്റുകള്‍ കൂട്ടി 6 വരെയാക്കാം. 

New Update
pj joseph-2
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചകള്‍ വഴിമുട്ടിയതിനെ തുടര്‍ന്ന് യുഡിഎഫിന്‍റെ സീറ്റ് വിഭജനം പ്രതിസന്ധിയില്‍. കേരള കോണ്‍ഗ്രസ്, യുഡിഎഫിന് ജയസാധ്യതയുള്ള 8 സീറ്റുകളില്‍ അവകാശവാദം ശക്തമാക്കിയതോടെയാണ് മുന്നണി പ്രതിസന്ധിയിലായത്.

Advertisment

ജോസഫ് വിഭാഗം അവകാശവാദമുന്നയിക്കുന്ന സീറ്റുകളെല്ലാം യുഡിഎഫിന് രാഷ്ട്രീയ മുന്‍തൂക്കമുള്ള മണ്ഡലങ്ങളാണെങ്കിലും ഇവിടങ്ങളില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചാല്‍ ജയസാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. 


അതേസമയം, ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നതെങ്കില്‍ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തവണ 7 സീറ്റുകള്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചതിനാല്‍ മാത്രം പരാജയപ്പെട്ടവയാണ്. 


ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, ഇടുക്കി, കോതമംഗലം, കുട്ടനാട്, ഇരിങ്ങാലക്കുട, തിരുവല്ല എന്നിങ്ങനെ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മല്‍സരിച്ച മണ്ഡലങ്ങളെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചാല്‍ വിജയിക്കുന്നവയാണ്.


എന്നാല്‍ ഈ മണ്ഡലങ്ങള്‍ വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാകാത്തതാണ് മുന്നണിയിലെ പ്രതിസന്ധി. ഉഭയകക്ഷി ചര്‍ച്ചകളില്‍ 'മേശമേല്‍ അടിച്ച് ' കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തി കാര്യം കാണുന്ന പിജെ ജോസഫിന്‍റെ സ്ഥിരം ശൈലിതന്നെയാണ് ജോസഫ് ഇത്തവണയും പയറ്റുന്നത്.

കേരള കോണ്‍ഗ്രസിന് 4 സീറ്റുകളില്‍ അധികം നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. സമ്മര്‍ദ്ദം ശക്തമായാല്‍ മാത്രം 2 സീറ്റുകള്‍ കൂട്ടി 6 വരെയാക്കാം. 

പക്ഷേ അത് കഴിഞ്ഞ തവണ മല്‍സരിച്ച യുഡിഎഫ് സീറ്റുകള്‍ ആകാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ധാരണ.


കേരള കോണ്‍ഗ്രസിന് 1000 പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത കോട്ടയം പാര്‍ലമെന്‍റ് മണ്ഡലം ജോസഫ് ഗ്രൂപ്പിന് കൊടുക്കുമ്പോള്‍ തന്നെ നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകണം എന്ന ഉപാധി കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരുന്നു. 


അന്ന് പിജെ ജോസഫ് അത് അംഗീകരിച്ചിരുന്നു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പ് ആയതോടെ ജോസഫ് വാക്കു മാറ്റുന്ന കാഴ്ചയാണ് കാണുന്നത്. കോണ്‍ഗ്രസിന്‍റെ സീറ്റുകളില്‍ അവരുടെ വോട്ട് വാങ്ങി വിജയിച്ച് പാര്‍ട്ടി വളര്‍ത്തുക എന്ന സ്ഥിരം തന്ത്രമാണ് ജോസഫ് പ്രയോഗിക്കുന്നത്.

ഇത്തരത്തില്‍ പോയാല്‍ യുഡിഎഫിന്‍റെ ജയസാധ്യതയെതന്നെ അത് ഗൗരവമായി ബാധിക്കും എന്ന വിലയിരുത്തല്‍ ശക്തമാണ്.

Advertisment