/sathyam/media/media_files/2025/08/03/untitledindia-uspk-2025-08-03-14-57-40.jpg)
കോഴിക്കോട്: ലഹരി പരിശോധനയ്ക്കിടെ സഹോദരന്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ വിവാദത്തിലായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. ലഹരി ഇടപാടില്‍ ഫിറോസിന്റെ സഹോദരന്റെ പങ്ക് വ്യക്തമല്ലെങ്കിലും രാഷ്ട്രീയ എതിരാളികള്‍ പ്രതികരണവുമായി രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയിരിക്കുന്നത്.
ലഹരി വ്യാപനം സംബന്ധിച്ച് മുന്‍പ് പി.കെ.ഫിറോസ് സര്‍ക്കാരിനെതിരെ നടത്തിയ പ്രതികരണങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് ഇടത് യുവജന സംഘടനകളുടെ രംഗപ്രവേശം. ലഹരി വ്യാപനത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാത്തത് കളളന്‍ കപ്പലില്‍ തന്നെയായത് കൊണ്ടാണെന്നായിരുന്നു ഫിറോസ് മുന്‍പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റ് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോന്റെ വിമര്‍ശനം. 'കപ്പലില്‍ തന്നെയുള്ള കള്ളന്മാര്‍ക്കെതിരെയുള്ള പി.കെ.ഫിറോസിന്റെ പോരാട്ടത്തിന് എ ഐ വൈ എഫ് പിന്തുണ നല്‍കുമെന്ന് ടി.ടി.ജിസ്‌മോന്‍ പരിഹസിച്ചു.
''യൂത്ത് ലീഗും അതിന്റെ സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസും ലഹരിക്കെതിരെ വലിയ രീതിയില്‍ പ്രസംഗിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് കാണാറുണ്ട്.
കേരളത്തിലേക്ക് മയക്ക് മരുന്ന് വരുന്നത് എങ്ങനെ ആണെന്നും മയക്ക് മരുന്നിന്റെ വ്യാപനം തടയാന്‍ കഴിയാത്തതെന്ത് കൊണ്ടാണെന്നും ധാര്‍മിക രോഷം കൊള്ളുന്ന പി.കെ.ഫിറോസ്, മയക്ക് മരുന്ന് ലോബിയെ സഹായിക്കുന്നവര്‍ കപ്പലില്‍ തന്നെയാനുള്ളതെന്നും മുന്‍പൊരിക്കല്‍ ആരോപിച്ചിരുന്നു.
ഏതായാലും കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന ഫിറോസിന്റെ ആരോപണം വാസ്തവമായിരുന്നുവെന്ന് കേരളം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. 'കപ്പലില്‍ തന്നെയുള്ള കള്ളന്മാര്‍'ക്കെതിരെയുള്ള പി.കെ.ഫിറോസിന്റെ പോരാട്ടത്തിന് എ ഐ വൈ എഫ് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നു'' ടി.ടി.ജിസ്‌മോന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
സഹോദരന്‍ പൊലിസ് പിടിയിലായതിന്റെ അടിസ്ഥാനത്തില്‍ പി.കെ.ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് ബിനീഷ് കോടിയേരി ആവശ്യപ്പെട്ടു. പി.കെ.ഫിറോസിന്റെ സഹോദരന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും ബിനീഷ് കോടിയേരി ആവശ്യപ്പെട്ടു.
മുന്‍പുണ്ടായ പല കേസുകളിലും യൂത്ത് ലീഗും പി.കെ ഫിറോസും എടുത്ത നിലപാട് ഈ കേസിലും ആവര്‍ത്തിക്കുമോയെന്നും ബിനീഷ് ചോദിച്ചു.
''ശ്രീ പികെ ഫിറോസിന്റെ അനുജന്റെ നമ്പര്‍ ആരുടെയെങ്കിലും കയ്യില്‍ ഉണ്ടെങ്കില്‍ ശ്രീ പി.കെ നവാസിനോ യൂത്ത് ലീഗിനോ അയച്ചുകൊടുത്തു ആ 5000 രൂപ എത്രയും പെട്ടെന്ന് കരസ്ഥമാക്കേണ്ടതാണ്. അവസാനം കെഎസ്യുകാര് പറയുന്നതുപോലെ കാശ് അണ്ണന്‍ തരുമെന്ന് പറയരുത്'' ലഹരി ഉറവിടങ്ങളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്ന എം.എസ്.എഫിന്റെ പ്രസ്താവന ഓര്‍മ്മിപ്പിച്ച് കൊണ്ട് ബിനീഷ് കോടിയേരി ഫേസ് ബുക്കില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ട് കോഴിക്കോട് വെച്ചാണ് ലഹരിപരിശോധനയുടെ ഭാഗമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്റെ സഹോദരന്‍ പി.കെ. ബുജൈറിനെ പൊലീസ് പിടികൂടിയത്. കുന്നമംഗലം ചൂലാംവയല്‍ ബസ് സ്റ്റോപ്പിന് സമീപം വെച്ചായിരുന്നു പൊലീസ് ബുജൈറിനെ പരിശോധനക്ക് വിധേയനാക്കിയത്.
കോഴിക്കോട് പതിമംഗലം സ്വദേശിയും യൂത്ത് ലീഗ് നേതാവ് ഫിറോസിന്റെ സഹോദരനുമായ പി.കെ ബുജൈര്‍ ലഹരി വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനക്ക് എത്തിയത്. കുന്നമംഗലം പൊലീസായിരുന്ന ബുജൈറിന്റെ ഇരുചക്ര വാഹനം പരിശോധിച്ചത്.
ഇതില്‍ പ്രകോപിതനായ ബുജൈര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനെ തല്ലിയെന്നാണ് ആക്ഷേപം. മര്‍ദ്ദനമേറ്റ പൊലീസുകാരന്‍ ചികിത്സ തേടി. ബുജൈറിന്റെ കൈയ്യില്‍ നിന്ന് ലഹരി പൊതിയാന്‍ ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ പിടിച്ചെടുത്തു.
ലഹരി ഇടപാട് കേസിലെ പ്രതിയും ചൂലാംവയല്‍ സ്വദേശിയായ റിയാസിന്റെ കുറ്റസമ്മതം മൊഴിയില്‍ നിന്നാണ് പൊലീസിന്റെ അന്വേഷണം പി.കെ.ഫിറോസിന്റെ സഹോദരന്‍ പി.കെ. ബുജൈറിലേക്ക് അന്വേഷണമെത്തിയത്.
കൃത്യനിര്‍വ്വഹണം നടത്തിയ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബുജൈറിനെതിരെ കേസ് എടുത്തിരിക്കുന്നത്.
യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്റെ സഹോദരന്‍ ലഹരി ആരോപണത്തില്‍ പെട്ടതിനൊപ്പം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി.ഹാരിസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായതും മുസ്‌ളീം ലീഗിനെ വിവാദത്തിലാക്കിയിട്ടുണ്ട്.
പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്ന ഹാരിസ് മറ്റൊരു രാജ്യത്തേക്ക് പോകാന്‍ മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.
മലപ്പുറം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് ഹാരിസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശ്വാസവഞ്ചന, ചതി, പണം തട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി പി ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഹാരിസ് തട്ടിപ്പ് നടത്തിയത്. മൂന്നരക്കോടി രൂപ തട്ടിച്ചെന്ന രാമപുരം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
പരാതികള്‍ വ്യാപകമായതോടെ ഹാരിസിനെ മുസ്ലിംലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലീഗ് നേതാവിന്റെ തട്ടിപ്പിനെതിരെ എല്‍.ഡി.എഫ് ശക്തമായി രംഗത്തുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉയര്‍ന്നുവന്ന ആക്ഷേപം ലീഗിന് നാണക്കേടായിട്ടുണ്ട്.