പാലക്കാട് സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പി.കെ. ശശി കളംമാറുന്നു. വിമത കൺവൻഷൻ ഉദ്ഘാടനം ചെയ്യും; ലക്ഷ്യം നിയമസഭാ സീറ്റ്? ഷൊർണൂരിലോ ഒറ്റപ്പാലത്തോ സ്ഥാനാർത്ഥിയായേക്കും

സിപിഎം ജില്ലാ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എം.എല്‍.എയും കെ.ടി.ഡി.സി ചെയര്‍മാനുമായിരുന്ന പി.കെ.ശശിയാണ് കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുന്നത്.

New Update
Untitled

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാലക്കാട് ജില്ലയിലെ സിപിഎം വിമതര്‍ സംഘടപ്പിക്കുന്ന കണ്‍വന്‍ഷന്‍ ഇന്ന്. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം വിട്ടുപോയവരുടെയും പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്നവരുടെയും കൂട്ടായ്മ ലക്ഷ്യമിട്ടാണ് പാലക്കാട് ജില്ലയിലെ വിമതര്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

Advertisment

സിപിഎം ജില്ലാ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എം.എല്‍.എയും കെ.ടി.ഡി.സി ചെയര്‍മാനുമായിരുന്ന പി.കെ.ശശിയാണ് കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുന്നത്.


വിമത കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യുന്നതോടെ പി.കെ.ശശി സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെടുകയോ സ്വയം പുറത്താകുകയോ ചെയ്യും.

ശശിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന സിപിഎം നേതൃത്വം വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ്. യുഡിഎഫുമായുളള നിരന്തര ആശയവിനിമയത്തെ തുടര്‍ന്നാണ് പി.കെ ശശി കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതെന്നാണ് സിപിഎമ്മിന്റെ നിഗമനം.


ഷൊര്‍ണൂരിലോ ഒറ്റപ്പാലത്തോ യു.ഡി.എഫ് പിന്തുണയോടെ സ്ഥാനാര്‍ത്ഥി ആകാന്‍ പി.കെ.ശശി ശ്രമിക്കുന്നതായും സിപിഎമ്മിന് സംശയമുണ്ട്. പാര്‍ട്ടിയിലെ അസംതൃപ്തരെ ഒരുമിപ്പിക്കുന്ന ദൌത്യം പി.കെ.ശശി ഏറ്റെടുത്തതിന് പിന്നിലും യുഡിഎഫ് അജണ്ടയാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ സംശയം.


വിമത നേതൃത്വത്തിലേക്ക് ശശി കൂടി എത്തുന്നതോടെ പാലക്കാട്ടെ സിപിഎം നേതൃത്വവുമായി കലഹിച്ച് നില്‍ക്കുന്നവരുടെ കൂട്ടായ്മക്ക് ഏകീകൃത രൂപം കൈവരും. കൊഴിഞ്ഞാമ്പാറയില്‍ തുടങ്ങിയ വിമത മുന്നേറ്റം ഇപ്പോള്‍ ജില്ലയുടെ എല്ലാ ഭാഗത്തേക്കും വ്യാപിക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊഴിഞ്ഞാമ്പാറയില്‍ ഇന്ത്യാ സഖ്യം എന്ന പേരിലാണ് സിപിഎം വിമതര്‍ മത്സരിച്ചത്. സിപിഎം മേഖലകളില്‍ ചലനം ഉണ്ടാക്കാന്‍ വിമതര്‍ക്ക് കഴിഞ്ഞതോടെയാണ് കൂടുതല്‍ ശക്തമായി രംഗത്തിറങ്ങാനുളള ആത്മവിശ്വാസം ലഭിച്ചത്. ചിറ്റൂരിന് പുറമേ, മൂണ്ടൂര്‍, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി തുടങ്ങിയ മേഖലകളിലും വിമതര്‍ക്ക് വേരുകളായി തുടങ്ങിയിട്ടുണ്ട്.

വിമത കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുന്ന പി.കെ.ശശി, കൂട്ടായ്മയുടെ രാഷ്ട്രീയ ലൈന്‍ വ്യക്തം ആക്കുമെന്നാണ് സൂചന.ഇന്ന് രാവിലെ 10ന് പാലക്കാട് ചന്ദ്രനഗറിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് പാലക്കാട്ടെ സിപിഎം വിമതരുടെ ഒത്തുചേരല്‍. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗവുമായ എം.സതീഷാണ് വിമത കണ്‍വന്‍ഷന് ചുക്കാന്‍ പിടിക്കുന്നത്.


കണ്‍വന്‍ഷന് മുന്നോടിയായി സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് സതീഷ് രംഗത്തു വന്നിരുന്നു. സിപിഎമ്മിനുള്ളിലെ പെട്ടിതൂക്കികളെ മാത്രം സംരക്ഷിച്ചു പോരുന്ന സമീപനമാണ് പാലക്കാട് ജില്ലാ നേതൃത്വം സ്വീകരിക്കുന്നതെന്നാണ്  സതീഷിന്റെ ആരോപണം.


കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് എതിരെ സിപിഎം ജില്ലാ നേതൃത്വം നടപടിക്ക് വിധേയമാക്കി.ജില്ലാ നേതൃത്വത്തിന്റെ ഏകാധിപത്യപരമായ സമീപനത്തിന്റെ തെളിവാണിതെന്നും വിമത നേതാവായ എം. സതീഷ് ആരോപിച്ചു. വിമത കണ്‍വന്‍ഷന് ഒടുവില്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ട് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കാനാണ് വിമതപക്ഷത്തെ ആലോചന.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവിന്റെ തട്ടകമായ ചിറ്റൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കൊഴിഞ്ഞാമ്പാറയില്‍ നിന്നാണ് ജില്ലയിലെ വിമത നീക്കത്തിന്റെ ഉല്‍ഭവം. ഇതര പാര്‍ട്ടികളില്‍ നിന്ന് സിപിഎമ്മിലേക്ക് ചേര്‍ന്നവരെ പെട്ടെന്ന് തന്നെ നിര്‍ണായകമായ പാര്‍ട്ടി പദവികളില്‍ നിയമിച്ചതായിരുന്നു കൊഴിഞ്ഞാമ്പാറയിലെ വിമത നീക്കത്തിന്റെ അടിസ്ഥാന കാരണം.

പ്രശ്‌നം പരിഹരിക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും തന്നെ നടത്താതിരുന്ന സിപിഎം പാലക്കാട് ജില്ലാ നേതൃത്വം പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടിയുമായി കലഹിച്ചുനിന്ന വിഭാഗം പുറത്തുപോയി. തദ്ദേശ തിരഞ്ഞെടുപ്പിന് കുറച്ചുമുന്‍പ് ഒരുവിഭാഗത്തെ തിരിച്ചുകൊണ്ടുവരാന്‍ സിപിഎം ജില്ലാ നേതൃത്വത്തിന് കഴിഞ്ഞെങ്കിലും പ്രശ്‌നത്തിന് പൂര്‍ണ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല.


ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന വിമത നീക്കം മണ്ണാര്‍ക്കാട്ടെ പി.കെ.ശശി അനുകൂലികള്‍ പിന്തുണച്ചതോടെയാണ് കൂടുതല്‍ ശക്തി പ്രാപിച്ചത്.തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് എതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ മണ്ണാര്‍ക്കാട്ടെ വിമതര്‍ക്ക് ശശിയുടെ അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്നു. 


ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവിനോടുളള എതിര്‍പ്പാണ് പി.കെ.ശശിയെ വിമതക്കൂട്ടായ്മയിലേക്ക് എത്തിച്ചത്.വിമതര്‍ ജില്ലാടിസ്ഥാനത്തില്‍ കണ്‍വന്‍ഷന്‍ വിളിച്ചതോടെ സിപിഎം ജില്ലാ നേതൃത്വം ഉണര്‍ന്നിട്ടുണ്ട്.  ജില്ലയില്‍ സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ചേര്‍ത്തു നിര്‍ത്താന്‍ നേതൃത്വം ശ്രമം തുടങ്ങി. 

വല്ലപ്പുഴയിലെ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ആറു പേരെ അനുനയിപ്പിച്ചു പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. ഇവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനവും  ജില്ലാ നേതൃത്വം റദാക്കി.

Advertisment