തുടർച്ചയായ നാലു വര്‍ഷത്തിനിടെ വിജയ ശതമാനം 80 കടക്കാനാവാതെ കോട്ടയം. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 79.39 ശതമാനം വിജയം. ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. മുഴുവന്‍ മാര്‍ക്കും നേടിയതു മൂന്നു വിദ്യാര്‍ഥികള്‍

New Update
X

കോട്ടയം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കോട്ടയം ജില്ലയില്‍ 79.39 ശതമാനം വിജയം. 1899 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷം വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധന മാത്രമാണുള്ളത്.

Advertisment

കഴിഞ്ഞ തവണ ജില്ലയില്‍ 78.53 ശതമാനമായിരുന്നു വിജയം. ഇക്കുറി ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി കഴിഞ്ഞ തവണ 2,283 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസും നേടിയിരുന്നു.


ഇത്തവണ ജില്ലയിലെ 130 സ്‌കൂളുകളില്‍നിന്നായി പരീക്ഷയെഴുതിയ 18690 വിദ്യാര്‍ഥികളില്‍ 14,838 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. ഇതില്‍ മൂന്നു വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി(1200).


നാലു സ്‌കൂളുകള്‍ നൂറുശതമാനം വിജയവും സ്വന്തമാക്കി. ഗവ.എച്ച്.എസ്.എസ്. അരീപ്പറമ്പിലെ റാബിയ മുഹമ്മദ്(ഹുമാറ്റീസ്), സെന്റ അലോഷ്യസ് എച്ച്.എസ്.എസ് അതിരമ്പുഴയിലെ അനീഷ ജോഷി (സയന്‍സ്), സെന്റ് അഗസ്റ്റീന്‍സ് എച്ച്.എസ്.എസ്. രാമപുരത്തെ അനിഖ രജീവ്(ഹുമാനിറ്റീസ്) എന്നിവരാണു മുഴുവന്‍ മാര്‍ക്കും നേടിയത്.

വാഴപ്പള്ളി സെന്റ് തെരേസാസ് ജി.എച്ച്.എസ്.എസ്, പാലാ വിൻസെൻ്റ് ഡീ പോൾ എച്ച്. എസ്.എസ്, കുറവിലങ്ങാട് ഡീ പോള്‍ എച്ച്.എസ്.എസ്., തലയോലപ്പറമ്പ് നീര്‍പ്പാറ ഡെഫ് എച്ച്.എസ്.എസ് എന്നീ സ്‌കൂള്‍ നൂറു ശതമാനം വിജയം കരസ്തമാക്കി.


ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 123പേര്‍ പരീക്ഷയെഴുതിയതില്‍ 66 പേര്‍  ഉപരിപഠനത്തിനു യോഗ്യത നേടി, വിജയം 53.66%. ആര്‍ക്കും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്‌നേടാനായില്ല.


ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 63.2 ശതമാനമാണു വിജയം. 231 പേര്‍ പരീക്ഷയെഴുതിയതില്‍ 146 പേര്‍ വിജയിച്ചു. മൂന്നു പേര്‍ സമ്പൂര്‍ണ എ പ്ലസും സ്വന്തമാക്കി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വിജയ ശതമാനം 80നു താഴെപ്പോയതിന്റെ നിരാശയിലാണു ജില്ല.

ഇക്കുറി വിജയ ശതമാനം നേരിയ തോതില്‍  വര്‍ധിച്ചെങ്കിലും എ പ്ലസുകളുടെ കാര്യത്തില്‍ വൻ കുറവാണുണ്ടായത്. മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ഥികളുടെ എണ്ണവും കുറഞ്ഞു.

കഴിഞ്ഞ തവണ എട്ടു കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടിയപ്പോള്‍ ഇക്കുറി അത് മൂന്നായി കുറയുകയായിരുന്നു. 100 ശതമാനം വിജയം നേടിയ സ്‌കൂളുകളും ആറില്‍ നിന്നു നാലായി കുറഞ്ഞു.