/sathyam/media/media_files/2025/11/25/v-sivankutty-voter-list-rivision-2025-11-25-16-42-54.jpg)
തിരുവനന്തപുരം: ബി.എൽ.ഒമാരുടെ ആത്മഹത്യയും ജീവനക്കാരുടെ അമിത ജോലിഭാരവും കാരണം പ്രതിസന്ധിയിലായ വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്.ഐ.ആർ) വേഗത്തിലാക്കാൻ ഹയർസെക്കൻഡറി വിദ്യാർത്ഥികളെ ഉപയോഗിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ എതിർത്ത് സർക്കാർ.
സ്കൂളുകളിലെ എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വോളണ്ടിയർമാരെ എസ്.ഐ.ആർ ഫോം പൂരിപ്പിക്കാനും വിതരണത്തിനും ഉപയോഗിക്കാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. തഹസിൽദാർമാരും ഡെപ്യൂട്ടി കളക്ടർമാരും ഇക്കാര്യമാവശ്യപ്പെട്ട് സ്കൂളുകളിൽ നിർദ്ദേശം നൽകുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക പരിഷ്കരണത്തിനായാണ് സ്കൂൾ കുട്ടികളെ ഉപയോഗിക്കാനുള്ള നീക്കം നടന്നത്.
എന്നാൽ വോട്ടർപട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കെ, 10 ദിവസത്തിലധികം വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് വിദ്യാർത്ഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനങ്ങൾക്കും എൻ.എസ്.എസ്/എൻ.സി.സി എന്നിവ പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും, അധ്യയന ദിവസങ്ങളിൽ തുടർച്ചയായി ക്ലാസ്സ് നഷ്ടപ്പെടുത്തി ഓഫീസ് ജോലികൾക്കും ഫീൽഡ് വർക്കുകൾക്കും കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ല.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്. വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിലവിൽ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാരായി പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിലെ 5623 ഉദ്യോഗസ്ഥരാണ്. ഇതിൽ 2938 അദ്ധ്യാപകരുമുണ്ട്.
ബി.എൽ.ഒമാർ വിതരണം ചെയ്ത ഫോമുകൾ തിരികെ വാങ്ങാനാണ് വിദ്യാർത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങിയത്.
ക്രിസ്തുമസ് പരീക്ഷ ആരംഭിക്കാനിരിക്കെ കുട്ടികളെ തിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിക്കുന്നത് അദ്ധ്യാപകർക്കിടയിലും വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഇതിനിടയിലാണ് സർക്കാർ പരസ്യമായ എതിർപ്പുമായി രംഗത്തെത്തിയത്.
ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ തീരുമാനത്തിൽ നിന്ന് പിൻവാങ്ങുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം വേണ്ടെന്ന് രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചിരുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us