ബിനോയ് വിശ്വത്തിന് എസ്എഫ്‌ഐയുടെ മറുപടി; സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വലതുപക്ഷ പൊതു ബോധത്തിൻെറ ഭാഗമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ; ഇടത് നേതാക്കൾ പ്രതികരിക്കേണ്ടത് ഇത്തരത്തിലല്ലെന്നും ഉപദേശം !  ഇടതുപക്ഷത്തിന് ബാധ്യതയാണെങ്കിൽ വരുന്ന കലാലയ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിക്കാൻ എഐഎസ്എഫ് തയാറാകണമെന്നും ആർഷോ

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് കനത്ത തിരിച്ചടിയുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആ‍ർഷോ

New Update
pm arsho binoy viswam

കോഴിക്കോട്: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് കനത്ത തിരിച്ചടിയുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആ‍ർഷോ. കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷത്തിൻെറ പേരിൽ എസ്.എഫ്.ഐയെ വിമർശിച്ച ബിനോയ് വിശ്വത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകിക്കൊണ്ടാണ് എസ്.എഫ്.ഐയുടെ തിരിച്ചടി.

Advertisment

എസ്.എഫ്.ഐക്ക് എതിരായ ബിനോയ് വിശ്വത്തിൻെറ പ്രസ്താവന വലതുപക്ഷ പൊതുബോധത്തിൻ്റെ ഭാഗമാണെെന്നാണ് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മറുപടി. ബിനോയ് വിശ്വത്തിന് മറുപടി നൽകിയ ആർഷോ സി.പി.ഐയുടെ വിദ്യാ‍ർത്ഥി സംഘടനയായ എ.ഐ.എസ്.എഫിനോടും അതേതോതിൽ തന്നെ പ്രതികരിച്ചു.


എസ്.എഫ്.ഐ ഇടതുപക്ഷത്തിന് ബാധ്യതയാണെങ്കിൽ കലാലയ യൂണിയനുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ആ സംഘടനയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിക്കാൻ എ.ഐ.എസ്.എഫ് തയാറാകണമെന്ന് പി.എം.ആർഷോ ആവശ്യപ്പെട്ടു.


എസ്.എഫ്.ഐക്കെതിരെ നിരന്തരം വിമർശനപരമായ വാ‍ർത്തകൾ നൽകുന്ന മാധ്യമങ്ങളെയും ആർഷോ വിമർ‍ശിച്ചു. മാധ്യമങ്ങൾ ഏകപക്ഷീയമായി എസ്.എഫ്.ഐ വധം നടപ്പിലാക്കുകയാണെന്നാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ വിമ‍ർശനം. എസ് എഫ് ഐ കേൾക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും പി.എം. ആർഷോ കുറ്റപ്പെടുത്തി.

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻെറ മരണത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻെറ റിപോ‍ർട്ടിലും സി.ബി.ഐ സമ‍ർ‍പ്പിച്ച  കുറ്റപത്രത്തിലും  സംഘടനക്ക് നേരെ രൂക്ഷമായ കുറ്റപ്പെടുത്തലുകളൊന്നുമില്ലെന്ന്  വ്യക്തമായതാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേയും എ.ഐ.എസ്. എഫിനെയും മാധ്യമങ്ങളെയും വിമ‍ർശിച്ച് രംഗത്തെത്താൻ എസ്.എഫ്.ഐക്ക് ആത്മവിശ്വാസം നൽകുന്നത്.

'' പൂക്കോട് വെറ്റനറി സർവകലാശാലയിലെ സിദ്ധാർഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് എതിരെ ഉയർന്ന വിമർശനങ്ങളെ എസ്.എഫ്.ഐ  ഉൾക്കൊണ്ടു. എസ് എഫ് ഐ കൊന്നുവെന്നായിരുന്നു പ്രചാരണം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് മരിച്ച സിദ്ധാർഥിൻ്റെ പിതാവും പറഞ്ഞു. എന്നിട്ടും എസ്.എഫ്.ഐ നിയമ നടപടി എടുക്കാൻ തയ്യാറായില്ല. എസ്.എഫ്.ഐയെ കേൾക്കാൻ മാധ്യമങ്ങളും തയ്യാറായിരുന്നില്ല. സി.ബി.ഐയുടെ കുറ്റപത്രത്തിലെവിടെയും എസ്.എഫ്.ഐ കൊലപാതകം നടത്തിയെന്ന് പറഞ്ഞിട്ടില്ല. ഇപ്പോൾ സിദ്ധാ‍ർത്ഥിൻെറ മരണം ആത്മഹത്യയാണെന്ന് അറിഞ്ഞിട്ടും തെറ്റ് തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ഇനി സി.ബി.ഐയുടെ കണ്ടെത്തൽ തെറ്റാണെങ്കിൽ അത് എന്തുകൊണ്ട് ചർച്ച ചെയ്യാൻ തയാറാകുന്നില്ല. സി.ബി.ഐയുടെ കുറ്റപത്രം പോലെതന്നെ ജുഡീഷ്യൽ  കമ്മിഷൻ റിപ്പോർട്ട് പോലും ചർച്ച ചെയ്യുന്നില്ല''-പി.എം.ആർഷോ ചോദിച്ചു.

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ സർക്കാ‍‍ർ അനുകൂല നടപടി എടുത്തിട്ടും പിന്നെയും സമരത്തിനിറങ്ങുന്ന മുസ്ലീം ലീഗിന് മറ്റ് താൽപര്യങ്ങൾ ഉണ്ടെന്നും  എസ്.എഫ്.ഐ ആരോപിച്ചു. സർക്കാർ സ്കൂളുകളിൽ അധിക ബാച്ച് അനുവദിക്കണമെന്നല്ല ലീഗിൻെറ ആവശ്യം. അതിൽ തന്നെ ലീഗിൻെറ താൽപര്യം വ്യക്തമാണെന്നും ആർഷോ ആരോപിച്ചു.


കിട്ടിയ ഏറ്റവും അനുകൂലമായ അവസരത്തിൽ തന്നെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് തക്കതായ മറുപടി നൽകിയ പി.എം.ആർഷോ, സി.പി.എം നേതൃത്വത്തിൻെറ അനുമതിയോടെയാണ് പരസ്യമായി മറുപടി പറഞ്ഞത്.


'' എസ്.എഫ്.ഐക്കെതിരായ ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവന വലതുപക്ഷ പൊതുബോധത്തിൻ്റെ ഭാഗമാണ്. എസ്.എഫ്.ഐ  പ്രാകൃത രൂപത്തിൽ പെരുമാറുന്ന സംഘടനയല്ല. വലതുപക്ഷ മാധ്യമങ്ങളുടെ പൊതുബോധത്തിന് അനുസരിച്ചല്ല ഇടത് നേതാക്കൾ പ്രതികരിക്കേണ്ടത്. കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷത്തിൽ തെറ്റുപറ്റിയത്  എസ്.എഫ്.ഐ അംഗീകരിച്ചതാണ്. തെറ്റ് തിരുത്താനും എസ്.എഫ്.ഐ  തയ്യാറാണ്. എന്നിട്ടും എസ്.എഫ്.ഐയ്ക്കെതിരെ വിമർശനം ഉയരുന്നു''-പി.എം.ആർഷോ പ്രതികരിച്ചു.

ഇടത് വിദ്യാർത്ഥി സംഘടനകൾ എന്ന നിലയിൽ യോജിച്ച് പ്രവർത്തിക്കുമ്പോഴും എസ്.എഫ്.ഐയെ ഒളിഞ്ഞു തെളിഞ്ഞും ആക്രമിക്കുന്ന ശൈലി പിന്തുടരുന്നതാണ് സി.പി.ഐയുടെ വിദ്യാ‍ർത്ഥി സംഘടനയായ എ.ഐ.എസ്.എഫിനെ വിമർശിക്കാൻ പി.എം.ആർഷോ തുനിഞ്ഞിറങ്ങിയത്. കൊയിലാണ്ടി കോളജ് വിഷയത്തിൽ സംഘടനയെ വിമർശിച്ചതാണ് ഏറ്റവും ഒടുവിലായി എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചത്.

'' ഇടതുപക്ഷത്തിന് ബാധ്യതയാണെങ്കിൽ വരുന്ന കലാലയ തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിക്കാൻ എ.ഐ.എസ്.എഫ് തയാറാകണം. എസ്.എഫ്.ഐക്കെതിരെ നടക്കുന്ന പ്രചരണം ഇടതുപക്ഷത്തെയാകെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്. എ.ഐ.എസ്.എഫ് അത് തിരിച്ചറിയുന്നില്ല. എന്നിട്ടും ഉന്തിനൊരു തള്ളെന്ന രീതിയാണ്  എ.ഐ.എസ്.എഫ്   സ്വീകരിക്കുന്നത്. എസ്.എഫ്.ഐ ഒരു ബാധ്യതയാണ് എങ്കിൽ എ.ഐ.എസ്.എഫ്  പേറേണ്ടതില്ല''-പി.എം.ആർഷോ നിലപാട് വ്യക്തമാക്കി.

സിദ്ധാർത്ഥിൻെറ മരണത്തോട് അനുബന്ധിച്ചും കൊയിലാണ്ടി കോളജിലെ സംഘർഷത്തിൻെറ പേരിലും ഏൽക്കേണ്ടി വന്ന വിമ‍‍ർശനങ്ങൾ എസ്.എഫ്.ഐയെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയിരുന്നു. സി.പി.എം നേതൃത്വത്തെയും സർക്കാരിനെയും വരെ പ്രതിരോധത്തിലേക്ക് തളളിവിട്ട വിഷയത്തിൽ എസ്.എഫ്.ഐക്ക് ഏറെ പഴികേൾക്കേണ്ടിവന്നിരുന്നു. അതാണ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ബിനോയ് വിശ്വത്തിനും എ.ഐ.എസ്.എഫിനും മറുപടി നൽകാൻ എസ്.എഫ്.ഐ തയാറായത്.

Advertisment