/sathyam/media/media_files/14i74O3QhlxAgN26UD9Y.jpg)
മലപ്പുറം: പി.എം ശ്രീ പദ്ധതിയിൽ ചേർന്ന് വിദ്യാഭ്യാസ മേഖലയിലെ സംഘ്പരിവാറിൻ്റെ ഹിന്ദുത്വവത്ക്കരണത്തിന് കൈയൊപ്പ് ചാർത്തിയ സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നാളെ (ബുധൻ) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും.
പി.എം ശ്രീയും എൻ.ഇ.പിയും കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല, ഫെഡറൽ തത്ത്വങ്ങൾ ലംഘിച്ച് സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ ഫണ്ട് തടയുന്ന കേന്ദ്ര സർക്കാർ നടപടിയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിദ്യാഭ്യാസ ബന്ദിൽ ഉയർത്തുക. സെക്രട്ടറിയേറ്റ് മാർച്ച്, ജില്ലകളിൽ കലക്ടറേറ്റ് ഉപരോധം, കേന്ദ്ര സർക്കാർ ഓഫീസ് മാർച്ചുകൾ, മണ്ഡലം, കാമ്പസ്, സ്കൂൾ തല പ്രതിഷേധങ്ങൾ എന്നിവ ഫ്രറ്റേണിറ്റി ഇതിനകം സംഘടിപ്പിച്ചു.
മന്ത്രിസഭയിലോ സ്വന്തം മുന്നണിയിലോ പോലും അറിയിക്കാതെ വിദ്യാഭ്യാസ വകുപ്പ്
പി.എം ശ്രീയിൽ ഒപ്പുവെച്ചത് ആരുടെ താത്പര്യ സംരക്ഷണത്തിന് വേണ്ടിയാണ്?. ഇതിലൂടെ വിദ്യാലയങ്ങളെ സംഘ്പരിവാർ വത്ക്കരിക്കാനുള്ള ബി.ജെ.പിയുടെ അജണ്ടക്ക് തലവെച്ചുകൊടുത്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. നിലപാട് പണയപ്പെടുത്തി ഫണ്ടിന് വേണ്ടി മാത്രമായി പി.എം ശ്രീയിൽ ഒപ്പുവെച്ച വിദ്യാഭ്യാസ മന്ത്രി പ്രതിഷേധങ്ങളുയർന്നപ്പോൾ പി.എം ശ്രീയുടെ നടപടികൾ ആരംഭിക്കില്ലെന്ന് വിടുവായിത്തം പറയുകയാണ്. അതിന് പകരം പി.എം ശ്രീയുടെ ധാരണ പത്രത്തിൽ നിന്ന് പിൻവാങ്ങാനുള്ള നടപടി കൈക്കൊള്ളാൻ മന്ത്രി ധൈര്യം കാണിക്കാത്തതെന്താണ്?.
ഹിന്ദുത്വ അജണ്ടകൾ തിരുകിക്കയറ്റാനായുള്ള ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായ പി.എം ശ്രീയിൽ നിന്ന് സി.പി.ഐ എന്നല്ല ആരുടെ ഭാഗത്തുനിന്നും പ്രതിഷേധങ്ങളുണ്ടായാലും പിൻവാങ്ങില്ലെന്നാണ് സി.പി.എം പറയുന്നത്. പി.എം ശ്രീയിൽ ചേർന്നതിന് എ.ബി.വി.പി നൽകിയ അഭിനന്ദനം മന്ത്രി ശിവൻകുട്ടി അഭിമാനപൂർവമാണ് സ്വീകരിച്ചത്.
പി.എം ശ്രീയിൽ ചേർന്നതോടെ മന്ത്രി വിദ്യാർത്ഥി സംഘടനകൾക്ക് നൽകിയ ഉറപ്പുകൂടിയാണ് ലംഘിച്ചത്. പി.എം ശ്രീ പ്രകാരം ഫണ്ട് ലഭിക്കാനുള്ള ആദ്യപടി ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന എം.ഒ.യു ഒപ്പുവെക്കലാണ്. അതിൽ കൈയൊപ്പ് ചാർത്തി വന്നിട്ടാണ് കേരളത്തിൽ ദേശീയ വിദ്യാഭ്യസ നയം നടപ്പിലാക്കില്ലെന്ന് വാചകമടിക്കുന്നത്. പി.എം ശ്രീയിൽ ഒപ്പുവെച്ചില്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ ഫണ്ടുകളും തരില്ലെന്ന കേന്ദ്ര സർക്കാറിൻ്റെ തിട്ടൂരത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്.
സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരു പോലെ അവകാശമുള്ള ഭരണഘടനയുടെ കൺകറൻ്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തിനെ കേന്ദ്രത്തിൻ്റെ അധികാര പരിധിയിലാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനോടനുബന്ധിച്ചാണ് വിദ്യാഭ്യാസ നയത്തെ അടിച്ചേൽപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ തടഞ്ഞുവെക്കുന്നതും പി.എം ശ്രീയിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും. ഇതിന് വഴങ്ങിക്കൊടുത്തത് വഴി ഫെഡറൽ മൂല്യങ്ങൾക്ക് കടക്കൽ കത്തിവെക്കുന്ന പണി കൂടിയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തത്.
ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകൾ എന്ന നിരക്കിൽ കേരളത്തിലെ മുന്നൂറിൽപരം സ്കൂളുകളെ കേന്ദ്രത്തിൻ്റെ രാഷ്ട്രീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുക. പി.എം ശ്രീ വഴി വിദ്യാഭ്യാസ രംഗത്തെ സംഘ്പരിവാറിന് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാടിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിൻവാങ്ങിയില്ലെങ്കിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്കിറങ്ങും.
ഗവർണറുടെ സംഘ്പരിവാർ നയങ്ങൾക്കെതിരെ കേരളത്തിലുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുള്ള എസ്.എഫ്.ഐക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെയും കേരള സർക്കാറിൻ്റെയും പ്രത്യക്ഷത്തിൽ തന്നെയുള്ള ഈ സംഘ്പരിവാർ വിധേയത്വത്തിന് മുന്നിൽ ആശങ്ക രേഖപ്പെടുത്താനുള്ള നട്ടല്ലേയുള്ളൂവെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ കുറ്റപ്പെടുത്തി.
വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുന്നവർ:
1. മുഹമ്മദ് സഈദ് ടി.കെ (സംസ്ഥാന ജനറൽ സെക്രട്ടറി)
2. ബാസിത് താനൂർ (സംസ്ഥാന ജനറൽ സെക്രട്ടറി)
3. വി.ടി.എസ്.ഉമർ തങ്ങൾ (സംസ്ഥാന കമ്മിറ്റിയംഗം)
4.അഡ്വ. അമീൻ യാസിർ (മലപ്പുറം ജില്ല ജനറൽ സെക്രട്ടറി)
5. ഹംന സി.എച്ച് (ജില്ല സെക്രട്ടറി)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us