/sathyam/media/media_files/2025/05/02/CMnjexaabLUWxXchZ0yH.jpg)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേൾക്കാൻ കഴിയാത്തതാണ് പിഴവിന് കാരണമെന്ന് പരിഭാഷകന് പള്ളിപ്പുറം ജയകുമാർ. വർഷങ്ങളായി താൻ പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് പ്രസംഗത്തിന്റെ കോപ്പി ലഭിച്ചിരുന്നു. പ്രസംഗത്തിനിടയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകുമെന്നും ഓഫീസിൽനിന്ന് അറിയിച്ചിരുന്നു.
എന്നാൽ പ്രധാനമന്ത്രി പറഞ്ഞത് എനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല. പ്രധാനമന്ത്രി വരുന്നതിനുമുമ്പുതന്നെ ശബ്ദക്രമീകരണത്തിലെ പ്രശ്നം മൈക്ക് ഓപ്പറേറ്ററോട് മന്ത്രിമാർ പറഞ്ഞിരുന്നു.
എനിക്ക് നൽകിയ സ്ക്രിപ്റ്റിലെ മാറ്റങ്ങൾ ശ്രദ്ധയോടെ പ്രധാനമന്ത്രിയെ കേട്ട് ഞാൻ പരിഭാഷപ്പെടുത്തി. ഒരു സ്ഥലത്ത് അദ്ദേഹം പറഞ്ഞത് എനിക്ക് ശരിക്ക് കേൾക്കാൻ സാധിച്ചില്ല. എനിക്ക് തെറ്റുപറ്റിയത് അദ്ദേഹത്തിന് മനസിലായി. ക്ഷമാപണം നടത്തി തിരുത്താൻ ശ്രമിച്ചപ്പോൾ പ്രധാനമന്ത്രി വീണ്ടും സംസാരിച്ചു തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ വിഷയമായതുകൊണ്ടാണ് ഇത് വിവാദമായത്. താൻ ഒരു ബിജെപി അനുഭാവിയാണെന്നും മോദിയുടെ ആരാധകനാണെന്നും പള്ളിപ്പുറം ജയകുമാർ പറഞ്ഞു.