മലപ്പുറം: മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപമാനിച്ചെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. മുഖ്യമന്ത്രി കള്ളപ്രചാരവേല നടത്തുകയാണ്. ഈ നീക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽനിന്നും രക്ഷപ്പെടാനാണ്. മുഖ്യമന്ത്രിയോട് സഹതാപമാണെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പോലീസ് പിടികൂടിയത് 150 കിലോ സ്വര്‍ണവും കോടികളുടെ ഹവാല പണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തില്‍ എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സലാം.
ഏത്ര രാജ്യദ്രോഹ കേസുകൾ മലപ്പുറത്ത് രജിസ്ട്രർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയണമെന്നും സലാം ആവശ്യപ്പെട്ടു. ഏത്ര കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏത്ര പേരെ ശിക്ഷിച്ചിട്ടുണ്ടെന്ന് പറയാൻ മുഖ്യമന്ത്രി പറ്റുമോ. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും തെളിവുണ്ടോയെന്നും സലാം ചോദിച്ചു.
മലപ്പുറം ജില്ലയിൽ ചെയ്തുവെന്ന് പറയുന്നത് കരിപ്പുർ വിമാനത്താവളം അവിടെ ആയതുകൊണ്ടാകാം. ആ വിമാനത്താവളത്തിലൂടെ വരുന്ന സ്വർണത്തെ കുറിച്ചായിരിക്കാം. അവിടെ പിടിക്കപ്പെട്ടവരിൽ ഏറെയും കണ്ണൂർ ജില്ലക്കാരാണ്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് സംവിധാനം ഉപയോഗിച്ച് സ്വർണം കടത്തിയിട്ട് ആരെയെങ്കിലും പിടിച്ചോ എന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു പ്രദേശത്തെ അപമാനിക്കുന്ന് പ്രസ്താവനയുമായി വന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി ഇത്രയും വൃത്തികേടിലേക്ക് പോകാൻ പാടില്ല. മുഖ്യമന്ത്രി തറ നേതാവിൽനിന്നും അൽപമെങ്കിലും ഉയരാൻ ശ്രമിക്കേണ്ടേ. ഇന്ന് പറഞ്ഞത് ഏറ്റവും രൂക്ഷമായ പ്രസ്താവനയാണ്. അൻവറിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയട്ടേയെന്നും സലാം പറഞ്ഞു.