സര്‍ക്കാരിനു വേണ്ടി കേസുകള്‍ നടത്തിയ പ്രോസിക്യൂട്ടറുടെ മരണത്തിലും അന്വേഷണം അട്ടിമറിച്ച് പോലീസ്. ഡിവൈ.എസ്.പിയടക്കം 2 ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം. കൃത്യവിലോപവും ഉത്തരവാദിത്തമില്ലായ്മയും വ്യക്തമെന്ന് ആഭ്യന്തരവകുപ്പ്. 20 മാസമായിട്ടും പ്രോസിക്യൂട്ടറുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാതെ കള്ളക്കളി. മരണക്കുറിപ്പും ശബ്ദ സന്ദേശങ്ങളുമുണ്ടായിട്ടും തെളിവുകളെല്ലാം അവഗണിച്ച് പോലീസ്

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണറെ ഇതിനായി നിയോഗിച്ചു. അന്വേഷണം 2മാസത്തിനകം തീ‌ർക്കണമെന്നാണ് നിർദ്ദേശം.

New Update
police

തിരുവനന്തപുരം: സർക്കാരിനു വേണ്ടി കേസുകൾ നടത്തിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ മരണത്തിലെ അന്വേഷണത്തിൽ പോലും പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തി സർക്കാർ.

Advertisment

പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് രണ്ട് പൊലീസുദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.


അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി എൻ. ഷിബു, ഇൻസ്പെക്ടർ സുജിത് ജി നായർ എന്നിവർക്കെതിരെയാണ് അന്വേഷണം.

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണറെ ഇതിനായി നിയോഗിച്ചു. അന്വേഷണം 2മാസത്തിനകം തീ‌ർക്കണമെന്നാണ് നിർദ്ദേശം. അതിനു ശേഷം ഈ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാവും.


കേസിന്റെ തുടക്കം മുതൽ പ്രോസിക്യൂഷൻ വിഭാഗത്തിലുള്ളവരുമായി പോലീസ് ഒത്തുകളിക്കുകയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം കോടതിയിലെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അനീഷ്യയുടെ അമ്മ പ്രസന്ന കുറ്റപ്പെടുത്തിയിരുന്നു.


തൊഴിലിടത്തുണ്ടായ പീഡനത്തെ തുടർന്നാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്‌തതെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. ആത്മഹത്യ പ്രേരണക്ക് പ്രതിചേർത്ത ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്‌ദുൾ ജലീലിനെയും എപിസി ശ്യാം കൃഷ്ണനെയും അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം നൽകിയിരുന്നു. തനിക്ക് നേരെയുണ്ടായ മാനസിക പീഡനങ്ങളെ കുറിച്ച് 19 പേജുള്ള ആത്മഹത്യാ കുറിപ്പിൽ അനീഷ്യ എഴുതിയിരുന്നു. 

സുഹൃത്തുക്കൾക്ക് ശബ്ദ സന്ദേശവും അയച്ചിരുന്നു. തെളിവുകളുണ്ടായിട്ടും മറ്റ് പ്രതികളിലേക്ക് അന്വേഷണം പോവുകയോ,  പ്രതിചേർത്തവർക്കെതിരെ തെളിവുകൾ ശേഖരിക്കുകയോ ചെയ്യുന്നില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം.  വ്യാജ രേഖകളുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതികളെന്ന് ജസ്റ്റിസ് ഫോർ അനീഷ്യ ആക്ഷൻ കൗണ്‍സിലും ആരോപിച്ചിരുന്നു.

ഇതിനെല്ലാം പുറമെയാണ് അനീഷ്യയുടെ ഫോൺ ഫോറൻസിക് പരിശോധന നടത്തുന്നതിലുണ്ടായ ഗുരുതര വീഴ്ച. 2024 ജനുവരി 21നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


ക്രൈംബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. അനീഷ്യ ഉപയോഗിച്ചിരുന്ന നിർണായക തെളിവുകൾ അടങ്ങിയ ഐ ഫോൺ ബന്ധുക്കൾ പൊലീസിനു കൈമാറിയിരുന്നു. ഫോണിന്റെ ലോക്ക് ഇതുവരെ തുറക്കാനായിട്ടില്ല. 


തുടർന്ന് ഫോൺ ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലേക്ക് അയക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. ഫോണിലെ വോയിസ് മെസേജുകളും ഡിജിറ്റൽ രേഖകളും കേസിൽ നിർണായക തെളിവുകളാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

അനീഷ്യയുടെ അമ്മ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്നതിന് നടപടിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപം, നിരുത്തരവാദപരമായ സമീപനം എന്നിവ പ്രഥമദൃഷ്ട്യാ വെളിവായിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.


കേസിലെ അന്വേഷണം കാര്യമായി മുന്നോട്ടു പോവുന്നില്ലെന്നാണ് ആരോപണം. അനീഷ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ളവർ അന്വേഷണ ഉദ്യോഗസ്ഥരേക്കാൾ ഉയർന്ന റാങ്കുള്ളവരാണ്. അതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമാവാത്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.


കേസ് കുറ്റാരോപിതർക്കുവേണ്ടി അട്ടിമറിക്കാൻ ശ്രമിക്കുന്ന പ്രോസിക്യൂഷൻ ഡയറക്ടർ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരെ തൽസ്ഥാനത്തുനിന്നും മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു.

ഉന്നത ഉദ്യോഗസ്ഥർ, ചില സഹപ്രവർത്തകർ എന്നിവരിൽ നിന്നു കടുത്ത മാനസിക പീഡനം നേരിട്ടുവെന്നു സൂചന നൽകുന്ന അനീഷ്യയുടെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു.

Advertisment