കോട്ടയം: ക്രിമിനല്‍ സംഘങ്ങളുടെ മര്‍ദനമേറ്റു സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ ഇനിയും കോട്ടയത്തെ പോലീസുകാര്‍ക്കു വിട്ടുമാറിയിട്ടില്ല.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ കോട്ടയം മാഞ്ഞൂര്‍ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ് രണ്ടംഗ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം
മടങ്ങുന്ന വഴി തെള്ളകത്തിനു സമീപമുള്ള ബാറിന് മുമ്പിലുണ്ടായ യുവാക്കളുടെ സംഘര്‍ഷം കണ്ടു ഇടപെട്ടതാണു ശ്ര്യം പ്രസാദ്. പക്ഷേ, രണ്ടംഗ സംഘം പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.
നെഞ്ചില്‍ ചവിട്ടുകയും ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ 4 മണിയോടെ മരിച്ചു.
അക്രമി സംഘത്തില്‍ ഒരാളായ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
പെരുമ്പായിക്കാട് സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ജിബിന്‍ ജോര്‍ജിനെയാണ് സബ് ഡിവിഷന്‍ പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുമരകം എസ്.എച്ച്.ഒ കെ ഷിജിയും സംഘവും ചേർന്നു പിടികൂടിയത്
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.ആര്‍ പ്രശാന്ത്കുമാറിന്റെ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട ശ്യാം.
എല്ലാവരോടും മാന്യമായ പെരുമാറ്റം ഉള്‍പ്പടെ ശ്യാമിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് നല്ല കാര്യങ്ങൾ മാത്രമാണ് പറയാനുള്ളത്. മരണവാര്‍ത്ത അറിഞ്ഞു തളര്‍ന്നു പോയ ശ്യാമിന്റെ കുടുംബത്തെ എന്തു പറഞ്ഞു ആശ്വസിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു.