/sathyam/media/media_files/2025/02/05/G1uwhtoP2ohlK8ye2WC6.jpg)
തിരുവനന്തപുരം: പോലീസ് ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും ഒരു ഘട്ടത്തിലും ആത്മ സംയമനം കൈവിടരുതെന്നും ഡിജിപി ആവർത്തിച്ച് സർക്കുലറുകൾ ഇറക്കുമ്പോഴാണ് പത്തനംതിട്ടയിൽ വാഹന യാത്രികർക്കു നേരെ പൊലീസ് മര്‍ദ്ദനമുണ്ടായത്.
ദമ്പതികൾ അടക്കമുള്ള സംഘത്തെ നടുറോഡിൽ അകാരണമായി തല്ലിചതച്ച സംഭവത്തില്‍ പത്തനംതിട്ട എസ്ഐ എസ് ജിനുവിനെ സ്ഥലംമാറ്റിയിട്ടുണ്ട്. എന്നാൽ പോലീസിന്റെ വകതിരിവില്ലാത്ത നടപടിയിൽ വിമർശനം ശക്തമാണ്
ഇന്നലെ രാത്രി 11 മണിയോടെ അബാൻ ജംഗ്ഷനിലായിരുന്നു സംഭവം. വിവാഹത്തിനുപോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. ഇതിൽ ചിലർ പുറത്തിറങ്ങി നിൽക്കുമ്പോഴാണ് പത്തനംതിട്ട എസ്ഐയും സംഘവും സ്ഥലത്ത് എത്തി റോഡിൽ നിന്നവരെ ആകാരണമായി മർദ്ദിച്ചത്.
മുണ്ടക്കയം സ്വദേശി സിത്താര, ഭർത്താവ് ശ്രീജിത്ത്, ബന്ധു ഷിജിൻ എന്നിവർക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. വാഹനത്തിന് പുറത്ത് നിന്ന മറ്റുള്ളവർക്കും അടി കിട്ടി. പൊലീസ് പോയതിനു പിന്നാലെ മർദനത്തിൽ പരിക്കേറ്റവർ സ്വന്തം വാഹനത്തിലാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.
ബാറിന് മുന്നിൽ ചിലർ പ്രശ്നമുണ്ടാക്കുന്നെന്ന് വിവരം ലഭിച്ചാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ യഥാർത്ഥത്തിൽ പ്രശ്നമുണ്ടാക്കിയത് ആരാണെന്ന് പോലും അന്വേഷിക്കാതെ പൊലീസ് പൊതിരെ തല്ലിയത് എന്തിനെന്ന ചോദ്യത്തിന് മുതിർന്ന ഉദ്യോഗസ്ഥർക്ക് പോലും മറുപടിയില്ല. പരിക്കേറ്റവരുടെ മൊഴിയിൽ എസ്ഐ അടക്കമുള്ള പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്
പത്തനംതിട്ടയിൽ നടന്നത് പോലീസ് നരനയാട്ടാണെന്നും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഒരു പ്രകോപനവുമില്ലാതെയാണ് വിവാഹ സംഘത്തിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്.
ആളുമാറിയാണ് വിവാഹ സംഘത്തിലുള്ളവരെ പോലീസ് തല്ലിച്ചതച്ചതെന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പോലീസിന് സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്.
അധികാര ദുർവിനിയോഗവും നരനായാട്ടും നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ അത് അനുവദിക്കില്ല. കേരളത്തിലെ പോലീസ് സി.പി.എമ്മിന് അടിമവേല ചെയ്യാനുള്ളവരല്ല പോലീസെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ളവരാണെന്നും സതീശൻ പറഞ്ഞു
പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി ഉത്തരവുപ്രകാരം ഡിജിപി അടുത്തിടെയും സർക്കുലർ ഇറക്കിയിരുന്നതാണ്. എല്ലാ റാങ്കിലുള്ളവരും ജനങ്ങളോട് മാന്യമായി സംസാരിക്കുകയും പെരുമാറുകയും വേണം. ഇത് ഭരണഘടനാപരമായും നിയമപരമായുമുള്ള ബാദ്ധ്യതയാണ്.
സഭ്യമായ പദപ്രയോഗം മാത്രമേ നടത്താവൂ. ജില്ലാ പൊലീസ് മേധാവികൾ ഇതേക്കുറിച്ച് സേനാംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് നൽകണം. എല്ലാ പൊലീസുകാർക്കും പരിശീലനം ലഭിച്ചെന്നുറപ്പാക്കണം. ജനങ്ങളോടുള്ള പെരുമാറ്റം നിരീക്ഷിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കണം.
പൊലീസിന്റെ പ്രവർത്തനങ്ങളും നടപടികളും ഓഡിയോ, വീഡിയോ റെക്കാർഡിംഗ് നടത്താൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. അതിനാൽ ജനങ്ങൾ വീഡിയോയോ ഇലക്ട്രോണിക് രേഖകളോ നിയമവിധേയമായി എടുക്കുന്നത് തടയരുത്.
സേനയിൽ പുതുതായി എത്തുന്നവർക്ക് ജനങ്ങളോട് പെരുമാറേണ്ട രീതിയെക്കുറിച്ചും ഭരണഘടനാ പ്രകാരം പൗരന്മാരുടെ അവകാശത്തെക്കുറിച്ചും പരിശീലനം നൽകണം. പൊലീസ് അക്കാഡമി ഡയറക്ടറും ട്രെയിനിംഗ് ഐ.ജിയും പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലും ഇക്കാര്യം ഉറപ്പാക്കണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു
ശരിയായ രീതിയിൽ കൃത്യനിർവഹണം നടത്താതെ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്നത് സംഘർഷങ്ങൾക്കു ഇടയാക്കുന്നെന്ന് നേരത്തേ എഡിജിപി എം.ആർ അജിത്കുമാർ വ്യക്തമാക്കിയിരുന്നു.
ലഹരി ഉപയോഗിച്ചശേഷം പൊലീസുദ്യോഗസ്ഥർ ഓഫീസിൽ വരുന്നില്ലെന്നും ഡ്യൂട്ടി ചെയ്യുന്നില്ലെന്നും മേലുദ്യോഗസ്ഥൻ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിമാർക്കയച്ച സർക്കുലറിലാണ് എ.ഡി.ജി.പിയുടെ ഈ പരാമർശം .
ഇത്തരം പ്രവൃത്തികൾ സർക്കാരിനും സേനയ്ക്കും കളങ്കം വരുത്തും. മദ്യപിച്ച് എത്തിയാലോ, ഡ്യൂട്ടി ചെയ്താലോ അതിന്റെ പൂർണ ഉത്തരവാദിത്വം യൂണിറ്റ് മേധാവിക്കാണ്.
മദ്യപിച്ചെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനും യൂണിറ്റ് മേധാവിക്കും മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനും എതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
പെരുമാറ്റ ദൂഷ്യമുള്ള പൊലീസുകാരെ മേലുദ്യോഗസ്ഥർ തിരിച്ചറിയണം. ലഹരി വിമുക്ത ചികിൽസ ആവശ്യമുള്ള പൊലീസുകാർക്കു അതു വേഗത്തിൽ ലഭ്യമാക്കാൻ നടപടി വേണം. വിട്ടുവീഴ്ച പാടില്ല. കൗൺസലിംഗും നൽകാം
ലഹരി ഉപയോഗത്തിന്റെ പേരിലുള്ള പെരുമാറ്റദൂഷ്യം വച്ചുപൊറുപ്പിക്കാനാകില്ല. ജോലിക്കിടെ പൊലീസുകാർ മദ്യപിക്കുന്നതും ജനങ്ങളുമായി സംഘർഷമുണ്ടാകുന്നതും ഏറി വരുന്ന സാഹചര്യത്തിലായിരുന്നു എ.ഡി.ജി.പിയുടെ സർക്കുലർ.
നെടുമ്പാശേരിയിൽ മദ്യലഹരിയിലായിരുന്ന എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സ്ത്രീ അടക്കമുള്ളവരെ രാത്രിയിൽ ചൂരലിന് അടിച്ചോടിച്ചത് വൻ വിവാദമായതിന് പിന്നാലെയായിരുന്നു സർക്കുലർ.