മലപ്പുറം: ജൂനിയർ വിദ്യാർഥികളെ തല്ലാൻ കാത്തുനിന്ന സീനിയർ വിദ്യാർഥികളെ പൊക്കി കോട്ടക്കൽ പൊലീസ്. സംഭവത്തിൽ മരവട്ടം ഗ്രൈസ് വാലി കോളേജിലെ 19 സീനിയർ വിദ്യാർഥികളെ പൊലീസ് കരുതൽ തടങ്കലിലാക്കി.
ബുധനാഴ്ച വൈകുന്നേരം ആറരയോടെ പുത്തൂർ ചിനക്കൽ ബൈപ്പാസ് റോഡിലെ കുറ്റിപ്പുറത്ത് കാവ് ജംങ്ഷനിലാണ് സംഭവം. ഇതുവഴി ജൂനിയർ വിദ്യാർഥികൾ കോളേജ് വിട്ട് വരുന്നതറിഞ്ഞ് വിദ്യാർത്ഥികൾ സംഘടിച്ച് നിൽക്കുകയായിരുന്നു.
രണ്ടു കാറും ആറ് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. വാഹനങ്ങളും പിടിച്ചെടുത്ത മൊബൈൽ ഫോണും കോടതിയിൽ ഹാജരാക്കുമെന്നും ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറിയിച്ചു.
എസ്.ഐ സൈഫുല്ല, പ്രബോഷണൽ എസ്.ഐ നിജുൽ രാജ്, എസ്.ഐ വിമൽ, എസ്.എസ്.ബി നസീർ, പൊലീസുകാരായ റാഫി, അജീഷ്, നൗഷൗദ് അടങ്ങുന്ന സംഘമാണ് വിദ്യാർഥികളെ പിടികൂടിയത്.