ആശ പ്രവർത്തകർക്കെതിരെ പോലീസ് അതിക്രമം: ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമം ജനാധിപത്യവിരുദ്ധം - റസാഖ് പാലേരി

New Update
razak paleri
തിരുവനന്തപുരം: കഴിഞ്ഞ എട്ടുമാസമായി തുടരുന്ന ആശാവർക്കർമാരുടെ സമരത്തിന് നേരെ പോലീസ് നടത്തിയ കടന്നാക്രമണം പ്രതിഷേധാർഹവും തികച്ചും ജനാധിപത്യവിരുദ്ധവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള ജനകീയ സമരങ്ങളെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് തല്ലി ഒതുക്കാൻ ശ്രമിക്കുന്നത് തികഞ്ഞ ഏകാധിപത്യമാണ്. അടിസ്ഥാന ജീവിത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആശാവർക്കർമാർ നടത്തിവരുന്ന സമരത്തെ വിലകൽപ്പിക്കാനോ നീതിപൂർവമായ ചർച്ച നടത്താനോ മുഖ്യമന്ത്രി തയ്യാറാകാത്തത് കേരളത്തോടുള്ള വെല്ലുവിളിയാണ്.
Advertisment
കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തിയ ആശ പ്രവർത്തകരുടെ മൈക്കും അനുബന്ധ സംവിധാനങ്ങളും പിടിച്ചെടുക്കുകയും സമര നേതാക്കളെ തല്ലിയൊതുക്കാനുമാണ് പോലീസ് ശ്രമിച്ചത്. സമരം നടത്തിയവരുടെ നേരെ പോലീസ് വാഹനം ഓടിച്ചു കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സമരത്തെ കൈകാര്യം ചെയ്യുകയാണ് ഉണ്ടായത്.
 ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യാനുള്ള ഭരണഘടന അവകാശത്തെ അനുവദിക്കുകയില്ല എന്നതാണോ ഇടതുപക്ഷ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അനാവശ്യ പിടിവാശി ഉപേക്ഷിച്ച് വേതന വർദ്ധനവ് നടപ്പാക്കാൻ പിണറായി സർക്കാർ തയ്യാറാകണം. കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന ആശ പ്രവർത്തകരുടെ തീരുമാനത്തെ പാർട്ടി സ്വാഗതം ചെയ്യുന്നു. ആശാപ്രവർത്തകർ നടത്തിവരുന്ന സമരത്തിന് എല്ലാവിധ ഐക്യദാർഢ്യവും അറിയിക്കുന്നതായി റസാഖ് പാലേരി പറഞ്ഞു.
Advertisment