തിരുവനന്തപുരം: തിരുവനന്തപുരത്ത് പിറന്നാള്‍ പാര്‍ട്ടിയില്‍ ഒത്തുകൂടിയ ഗുണ്ടകള്‍ പൊലീസുകാരുമായി ഏറ്റുമുട്ടി. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. കാപ്പാക്കേസ് പ്രതി ഉള്‍പ്പെടെ 12 പേര് പൊലീസ് കസ്റ്റഡിയിലാണ്.
തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാമ്പര്‍ അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തിലാണ് കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. സിഐ, എസ്ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്ക് അതിക്രൂരമര്‍ദ്ദനം ഏറ്റു.
അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉള്‍പ്പെടുത്തി ഇന്നലെ രാത്രി പാര്‍ട്ടി നടത്തിയിരുന്നു. പിറന്നാള്‍ പാര്‍ട്ടി പൊലീസ് കഴിഞ്ഞ ദിവസം തന്നെ വിലക്കിയതായിരുന്നു.
എന്നാല്‍ പൊലീസ് അറിയാതെ ഗുണ്ടാ സംഘങ്ങള്‍ ഒത്തുകൂടുകയായിരുന്നു. ഇതറിഞ്ഞെത്തിയ പൊലീസ് ഗുണ്ടാ സംഘത്തെ വളഞ്ഞു. പിടി വീഴുമെന്ന് ആയപ്പോള്‍ പ്രതികള്‍ വാഹനങ്ങളില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് വടികൊണ്ട് പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.