കോഴിക്കോട്: പോലീസുകാരനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. രാമനാട്ടുകര നിസരി ജംഗ്ഷൻ സ്വദേശി പ്രവീഷ് കുമാർ ആണ് മരിച്ചത്.
ഫറോക് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ആണ് ആരോപണം. ശനിയാഴ്ച രാവിലെയാണ് പോലീസുകാരനെതിരെ ആരോപണം ഉന്നയിച്ചുള്ള വീഡിയോ പ്രവീഷ്കുമാർ വാട്സ്ആപ്പിലൂടെ അടുത്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചത്.
പിന്നാലെ അന്വേഷിച്ചിറങ്ങിയവരാണ് രാവിലെ ഏഴരയോടെ യുവാവിനെ വീടിന് സമീപത്തെ കടമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പ്രവീഷ്കുമാറിനെതിരെ ഭാര്യ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. മക്കളെ ഉപദ്രവിച്ചതിന് ബാല സംരക്ഷണ വകുപ്പ് പ്രകാരവും കേസെടുത്തിരുന്നു. ഇതിന് പിന്നിൽ ഫറോക്ക് സ്റ്റേഷനിൽ നേരത്തെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് പ്രവീഷിന്റെ ആരോപണം.
മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകീട്ട് സംസ്കരിച്ചു. സംഭവത്തിൽ അസ്വാഭാവിക മണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.