കൊച്ചി: മലയാള താരസംഘടനയായ ‘അമ്മ’യുടെ കൊച്ചി ഇടപ്പള്ളിയിലെ ഓഫീസിൽ പൊലീസ് പരിശോധന. നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. ഇത് രണ്ടാം തവണയാണ് അന്വേഷണസംഘം ‘അമ്മ’ ഓഫീസിൽ പരിശോധന നടത്തുന്നത്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവരികയും നടൻമാർക്കെതിരെ നിരവധി പേർ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തുവന്നിരുന്നു.
പിന്നാലെ ‘അമ്മ’ ഓഫീസിന് മുന്നിൽ വിദ്യാർത്ഥികൾ റീത്ത് സമർപ്പിച്ചിരുന്നു. എറണാകുളം ലോ കോളജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയാണ് റീത്ത് വെച്ചത്. ‘അച്ഛനില്ലാത്ത അമ്മയ്ക്ക്’ എന്നാണ് റീത്തില്‍ എഴുതിയിരുന്നത്.
ഇതിനിടെ ഓൺലൈൻ വിൽപന വെബ്സൈറ്റായ ഒ.എൽ.എക്സിൽ ‘അമ്മ’ ഓഫീസ് വിൽപനക്കുണ്ടെന്ന് ഏതോ വിരുതൻമാർ പരസ്യം നൽകുകയും ചെയ്തിരുന്നു. വെറും 20,000 രൂപക്ക് ‘അർജന്റ് സെയിൽ’ എന്ന് നൽകിയായിരുന്നു വ്യാജ പരസ്യം. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു.