മകരജ്യോതി ദര്‍ശനവും തിരിച്ചിറങ്ങലും സുരക്ഷിതമാക്കണം. ഭക്തര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസ്

മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ പോലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കണമെന്ന് സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ വി. അജിത് അറിയിച്ചു. 

New Update
sabarimala12

ശബരിമല: മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ പോലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കണമെന്ന് സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ വി. അജിത് അറിയിച്ചു. 

Advertisment

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്/സ്‌പോട്ട് ബുക്കിംഗ് ഉള്ളവരെ മാത്രമേ 13, 14 തീയതികളില്‍ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. 14ന് രാവിലെ 7.30 മണിമുതല്‍ നിലക്കലില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. 


14ന് രാവിലെ 10 മണിവരെ മാത്രമേ നിലക്കലില്‍ നിന്നും പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുള്ളൂ. ഉച്ചക്ക് 12 മണിവരെ മാത്രമേ പമ്പയില്‍നിന്നും ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ.


 (തിരുവാഭരണം വലിയാനവട്ടത്ത് എത്തുന്ന സമയം മുതല്‍). പിന്നീട് തിരുവാഭരണം ശരംകുത്തിയില്‍ എത്തിയശേഷം മാത്രമേ (വൈകുന്നേരം 5.30 മണിക്കുശേഷം) ഭക്തരെ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. 

സ്റ്റൗ, വലിയ പാത്രങ്ങള്‍ ഗ്യാസ് കുറ്റി എന്നിവയുമായി ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. മരത്തിന്റെ മുകളില്‍ നിന്നോ, ഉയരമുള്ള കെട്ടിടങ്ങളുടെ ടെറസ്സില്‍ കയറിനിന്നോ, വാട്ടര്‍ ടാങ്കുകളുടെ മുകളില്‍ കയറിനിന്നോ മകരജ്യോതി ദര്‍ശനം അനുവദിക്കില്ല.


ദേവസ്വം അനുവദിക്കുന്ന സ്പെഷ്യല്‍ പാസ് ഉള്ളവരെ മാത്രമേ തിരുമുറ്റത്ത് ദീപാരാധന സമയത്ത് നില്‍ക്കാന്‍ അനുവദിക്കുകയുള്ളൂ. പമ്പയിലും സന്നിധാനത്തും പരിസരത്തുമുള്ള പുറംകാടുകളിലും തുറസ്സായ സ്ഥലങ്ങളിലും താത്കാലിക കുടിലുകള്‍, പര്‍ണ്ണശാലകള്‍ എന്നിവ കെട്ടാന്‍ അനുവദിക്കില്ല. യാതൊരു കാരണവശാലും താത്കാലിക പാചകം നടത്താന്‍ ഭക്തരെ അനുവദിക്കില്ല. 


ഭക്തര്‍ കെ.എസ്.ആര്‍.ടി.സി വാഹനങ്ങളില്‍ ക്യൂ പാലിച്ച് മാത്രം കയറണം. മകരജ്യോതി ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളില്‍ ചാരി നില്‍ക്കാനോ കെട്ടിയിരിക്കുന്ന വടം മുറിച്ച് കടക്കാനോ ശ്രമിക്കരുത്. 

വാട്ടര്‍ ടാങ്കുകള്‍, ഉയരം കൂടിയ കെട്ടിടങ്ങള്‍ എന്നിവയില്‍ കയറി നില്‍ക്കരുത്.

അവരവരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. മണികണ്ഠസ്വാമികള്‍, മാളികപ്പുറങ്ങള്‍, വയോധികരായ സ്വാമിമാര്‍ എന്നിവരെ കൂട്ടം തെറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം.


ഭക്തര്‍ വന്ന വാഹന നമ്പര്‍, പാര്‍ക്ക് ചെയ്ത ഗ്രൗണ്ട് നമ്പര്‍, ഡ്രൈവര്‍, ഗുരുസ്വാമിമാരുടെ ഫോണ്‍നമ്പര്‍ എന്നിവ പ്രത്യേകം വാങ്ങി സൂക്ഷിക്കണം.


 മടങ്ങിപോകുന്ന സ്വാമിമാര്‍ അതത് പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലെത്തി വാഹനങ്ങളില്‍ കയറി എത്രയുംവേഗം നാട്ടിലേക്ക് മടങ്ങാന്‍ ശ്രദ്ധിക്കണം. സാവധാനവും സുരക്ഷിതവുമായി വാഹനമോടിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം.

അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം 

അനുവദനീയമായ സ്ഥലങ്ങള്‍ നിന്ന് മാത്രം മകരജ്യോതി ദര്‍ശിക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണം. നിലക്കലില്‍ അട്ടത്തോട്, അട്ടത്താട് പടിഞ്ഞാറെ കോളനി, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല എന്നീ സ്ഥലങ്ങളില്‍ ദര്‍ശിക്കാം. പമ്പയില്‍ ഹില്‍ടോപ്പ്, ഹില്‍ടോപ്പ് മധ്യഭാഗം, വലിയാനവട്ടം എന്നിവിടങ്ങളിലും സന്നിധാനത്ത് പാണ്ടിത്താവളം, ദര്‍ശനം കോപ്ലക്സിന്റെ പരിസരം, അന്നദാന മണ്ഡപത്തിന്റെ മുന്‍വശം, തിരുമുറ്റം തെക്കുഭാഗം, ആഴിയുടെ പരിസരം, കൊപ്രാക്കളം, ജ്യോതിനഗര്‍, ഫോറസ്റ്റ് ഓഫീസിന്റെ മുന്‍വശം, വാട്ടര്‍ ആതോറിറ്റി ഓഫീസിന്റെ പരിസരം എന്നിവിടങ്ങളില്‍ നിന്ന് മകരജ്യോതി ദര്‍ശിക്കാന്‍ അനുമതിയുണ്ട്. 


എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പാണ്ടിത്താവളം ജംഗ്ഷന്‍, വാവര്‍ നട, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, ചരല്‍മേട് എന്നിവിടങ്ങളില്‍ തയാറാണ്. വിവിധ സ്ഥലങ്ങളില്‍ സ്ട്രച്ചര്‍ സേവനം ലഭ്യമാണ്. 



ഉരക്കുഴി, പാണ്ടിത്താവളം ജംഗ്ഷന്‍, അന്നദാനമണ്ഡപത്തിന്റെ സമീപം, നടപ്പന്തല്‍, മേലെ തിരുമുറ്റം, ജീപ്പ് റോഡ്, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, ചരല്‍മേട് എന്നിവിടങ്ങളിലാണ് സ്ട്രച്ചര്‍ സൗകര്യമുള്ളത്.


അസ്‌കാ ലൈറ്റുകളുടെ സേവനം ഉരക്കുഴി, പാണ്ടിത്താവളം ജംഗഷന്‍, അന്നദാനമണ്ഡപത്തിന്റെ സമീപം, വാവര്‍നട, ബെയിലി ബ്രിഡ്ജ്, ജീപ്പ്റോഡ്, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, ചരല്‍മേട് എന്നിവിടങ്ങളില്‍ സജ്ജമാണ്. 



മെഗാഫോണുകള്‍ ഉരക്കുഴി, പാണ്ടിത്താവളം ജംഗ്ഷന്‍, അന്നദാനമണ്ഡപം, ബെയിലി ബ്രിഡ്ജ്, ജീപ്പ്‌റോഡ്, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, ചരല്‍മേട് എന്നിവിടങ്ങളില്‍ ലഭ്യമാണ്. 

 

Advertisment