/sathyam/media/media_files/fvErnJHJ2o65bvHzrKJc.jpg)
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞതടക്കം നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയായ വസീം(24)നെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
കാട്ടാക്കട, വിളപ്പില്‍ശാല , നെയ്യാര്‍ഡാം, ആര്യനാട് പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായതോടെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു.
പെരുംകുളം കൊണ്ണിയൂര്‍ പൊന്നെടത്താംകുഴി സ്വദേശിയും അരുവിക്കര ചെക്കനാലപുറം ഡാം റോഡില്‍ സി എസ് വില്ലയില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ ഇയാളെ കോട്ടൂരില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദര്‍ശന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ കലക്റ്റര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പിന്നാലെയാണ് അരുവിക്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമക്കേസുകളടക്കം ഏഴോളം ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ മുമ്പ് നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.