കോട്ടയം: എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി ഐ.ടി. പ്രഫഷണലുകള്‍ മുതല്‍ നഴ്‌സങ്ങ് വിദ്യാര്‍ഥികള്‍ അന്തര്‍ സംസ്ഥാന ബസുകളില്‍ ബംഗളൂരു ഉള്‍പ്പടെയുള്ളുള്ള നഗരങ്ങളില്‍ നിന്നു നാട്ടിലേക്ക് എത്തുന്നു. അന്തര്‍ സംസ്ഥാന ബസുകളിലൂടെയുള്ള രാസലഹരിമരുന്നുകള്‍ കടത്തു തടയാന്‍ നിരീക്ഷണം ശക്തമാക്കി പോലീസ്.
/sathyam/media/media_files/fvErnJHJ2o65bvHzrKJc.jpg)
ജോലിക്കും പഠനത്തിനുമായി ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെത്തി അവധിക്കാലത്തു നാട്ടിലേക്കു മടങ്ങുന്നുവെന്ന വ്യാജേനയാണു കാരിയര്‍മാര്‍ ബസില്‍ കയറുന്നത്. പരിശോധനയും ഒറ്റും പേടിച്ച് ഇടയ്ക്കുള്ള സ്റ്റോപ്പുകളിലാണ് ഇവര്‍ ഇറങ്ങുന്നത്. പിന്നീട് മറ്റു ബസുകള്‍ കയറിയാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതു തടയാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ബസുകളില്‍ മിന്നല്‍ പരിശോധന നടത്താനാണു തീരുമാനം. ബംഗളൂരുവില്‍ നിന്നും മറ്റുമെത്തുന്ന ബസുകളില്‍ ലഹരിമരുന്നു കടത്തുന്നതിനു പുറമേ വാഹനത്തില്‍ തന്നെ ലഹരി ഉപയോഗിക്കുന്നതായും പോലീസിനു വിവരം ലഭിച്ചിരുന്നു. സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ലെങ്കിലും നിരീക്ഷണം തുടരാനാണു തീരുമാനം.
പോലീസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടും ലഹരിയുടെ കടത്തലും ഉപയോഗവും മുമ്പെങ്ങുമില്ലാത്ത വിധം നാട്ടില്‍ വ്യാപകമാകുകയാണ്. അധികൃതര്‍ പരമ്പരാഗത മാര്‍ഗങ്ങളിലൂടെ നിരീക്ഷണം തുടരുമ്പോള്‍ പുതുവഴികളിലൂടെ യുവാക്കളിലേക്കു ലഹരി നിര്‍ബാധം ഒഴുകിയെത്തുകയാണ്.
/sathyam/media/media_files/8lk1S4z6pvkO1irQbB7d.jpg)
അന്തര്‍ സംസ്ഥാന ബസുകള്‍, കൊറിയര്‍ സ്ഥാപനങ്ങള്‍ തുടങ്ങി സ്‌കൂള്‍, കോളജ് പരിസരങ്ങള്‍, ലോഡ്ജ് മുറികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ലഹരിക്കടത്ത്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. അതേസമയം, ബസുകളിലെ യാത്രക്കാരുടെ ബാഗുകള്‍ പുലര്‍ച്ചെയും മറ്റും ബസ് തടഞ്ഞ് പരിശോധിക്കുന്നതിനു പരിമിതികള്‍ ഏറെയുള്ളതായും അധികൃതര്‍ വ്യക്തമാക്കുന്നു.