തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി ലാഭത്തില്‍ ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കശുവണ്ടി കമ്പനികള്‍ ആധുനികവത്ക്കരണം നടത്തണം. ആധുനികവത്ക്കരണം നടപ്പിലാക്കാതെ ലാഭകരമാക്കാന്‍ ആകില്ലെന്നും. കയര്‍മേഖലയില്‍ ഉല്‍പാദന ക്ഷമത കൂട്ടണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
മത്സരക്ഷമ കൂട്ടി വരുമാനം വര്‍ധിപ്പിക്കണം. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ 33 എണ്ണത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വന്ദേ ഭാരതിന്റെ ബോര്‍ഡും ഡോറും കാണുമ്പോള്‍ ഇനി മഞ്ചേശ്വരത്തെ ഓര്‍ക്കണമെന്നും കാരണം മഞ്ചേശ്വരത്തെ വ്യവസായ പാര്‍ക്കിലെ ഒരു കമ്പനിയാണ് അത് നിര്‍മ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ വ്യവസായിക അന്തരീക്ഷത്തെ വിമര്‍ശിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കണം. മഞ്ചേശ്വര എംഎല്‍എയും ഇത് നിഷേധിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു.
വ്യവസായ രംഗത്ത് നല്ല മാര്‍ക്കറ്റിംഗ് നടത്തുന്നുണ്ട്. മാര്‍ക്കറ്റ് ചെയ്യുന്നത് കേരളത്തെയാണെന്നും ഇത് കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി നല്ല മാര്‍ക്കറ്റിംഗ് തന്ത്രം നടത്തുന്നുണ്ട് എന്ന എപി അനില്‍കുമാറിന്റെ വിമര്‍ശനത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വ്യവസായ രംഗത്തെ വിവിധ കോണ്‍ക്ലേവും ഫെയറുകളും സഭയില്‍ മന്ത്രി വിവരിച്ചു. കേരളത്തിന്റെ നേട്ടങ്ങളെ പ്രതിപക്ഷം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും നേട്ടങ്ങളെ അവഗണിക്കുകയല്ല വേണ്ടത് മറിച്ച് അധികാരത്തില്‍ വന്നാല്‍ ഇതിനേക്കാള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകും എന്നല്ലേ പ്രതിപക്ഷം പറയേണ്ടത് എന്നും മന്ത്രി ചോദിച്ചു.
ഈസ് ഓഫ് ഡൂയിങ് ബിസിനസിലെ നേട്ടം നിയമസഭയില്‍ വിശദീകരിച്ച മന്ത്രി, ഗ്രേഡിങ്ങില്‍ മാറ്റം വന്നതാണ് എന്നും നേട്ടങ്ങള്‍ അധികം ഉണ്ടായത് കേരളത്തിനാണെന്നും അറിയിച്ചു. അതു കൊണ്ടാണ് കണക്കുകള്‍ നിരത്തി റാങ്കിങ്ങില്‍ കേരളം ഒന്നാമതാണെന്ന് പറഞ്ഞത് ഇതിനെയാണ് പ്രതിപക്ഷം തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.
മാത്യു കുഴല്‍നാടന് വേണമെങ്കില്‍ കേന്ദ്രമന്ത്രിയെ കണ്ടു റാങ്കിംഗ് സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെടാം. കേരളം ഇരുപത്തെട്ടാം സ്ഥാനത്തായപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ ഇത് പറഞ്ഞില്ലാ കേരളം ഒന്നാം സ്ഥാനത്ത് എത്തുമ്പോഴാണ് പ്രതിപക്ഷത്തിന് സങ്കടമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം രാഷ്ട്രീയ അന്ധത കാരണം കേരളത്തിന്റെ ശത്രുക്കളായി നില്‍ക്കുന്നു എന്നും മന്ത്രി പറഞ്ഞു.