/sathyam/media/media_files/2025/01/12/9C8CWBqATfSJ51ThiRau.jpg)
കോട്ടയം: രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ പെരുകുമ്പോള്‍ ഇന്ത്യയുടെ കൂറുമാറ്റ വിരുദ്ധ നിയമം നിശബ്ദ കാഴ്ചക്കാരനായി തുടരുന്നു. കൂറുമാറ്റ നിരോധന നിമത്തിലെ പഴുതുകളാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്.
പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടെ വ്യാപക കൂറുമാറ്റം തടയുന്നതിനായി 1985ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂളിനു കീഴില്‍ നിലവില്‍ വന്നതാണു കൂറുമാറ്റ വിരുദ്ധ നിയമം.
രസകരമായ വസ്തുത എന്തെന്നാല്‍, കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇന്ത്യ കൂടുതല്‍ കൂറുമാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു എന്നുള്ളതാണ്.
ഇതു ചൂണ്ടിക്കാട്ടി 2002ല്‍ ഭരണഘടനയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാനുള്ള ദേശീയ കമ്മീഷന്‍ നിയമത്തെ രൂക്ഷമായി വിര്‍ശിച്ചിരുന്നു.
പി.വി അന്‍വര്‍ എം.എല്‍.എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്കു തുടക്കമായത്.
അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ നിയമസഭാംഗത്വം നഷ്ടമാകുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്വതന്ത്രനായി മത്സരിച്ചു ജയിച്ചയാള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമെടുക്കാനാവില്ല. പരാതി ലഭിച്ചാല്‍ നടപടി എടുക്കേണ്ടതു നിയമസഭാ സ്പീക്കര്‍ ആണെന്നും നിയമ വിദഗ്ധര്‍ പറയുന്നു.
പക്ഷേ, പത്താം ഷെഡ്യൂളിലെ പോരായ്മകള്‍ വഴി അന്‍വറിനു നിമയ നടപടികള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നു ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്. പത്താം ഷെഡ്യൂളിന്റെ പല പോരായ്മകളും അതിന്റെ ഡ്രാഫ്റ്റിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
ഇതു കൂറുമാറ്റങ്ങള്‍ക്ക്, വിശേഷിച്ചും ഗ്രൂപ്പ് മാറ്റങ്ങള്‍ക്കു വ്യക്തമായ പഴുതുകള്‍ അവശേഷിപ്പിക്കുന്നുണ്ട്. തങ്ങളുടെ പാര്‍ട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയോ പാര്‍ലമെന്റിലോ സംസ്ഥാന അസംബ്ലിയിലോ തങ്ങളുടെ പാര്‍ട്ടിയുടെ നിര്‍ദേശത്തിന് എതിരെ വോട്ടു ചെയ്യുമ്പോഴോ നിയമസഭാംഗങ്ങളെ പത്താം ഷെഡ്യൂള്‍ അയോഗ്യരാക്കുന്നു.
സ്വതന്ത്ര എംപിമാര്‍, എം.എല്‍.എമാര്‍ തെരഞ്ഞെടുപ്പിനു ശേഷം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ സഭയില്‍ നിന്ന് അയോഗ്യരാക്കപ്പെടാന്‍ ബാധ്യസ്ഥരാണ്. അയോഗ്യതക്കായുള്ള ഹര്‍ജികള്‍ സ്പീക്കറുടെ മുമ്പാകെയാണ് എത്തുക.
കൂറുമാറ്റ വിരുദ്ധ നിയമത്തില്‍ രണ്ട് ഇളവ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ പിളര്‍പ്പ്, മറ്റൊന്ന് രണ്ട് പാര്‍ട്ടികള്‍ തമിലുള്ള ലയനം. പക്ഷേ, ഈ ഇളവ് പലരുടെയും സൗകര്യങ്ങള്‍ക്കായി പലപ്പോഴും ഉപയോഗിച്ചു.
കൂറുമാറ്റങ്ങള്‍ വര്‍ധിച്ചതിനാലും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്ന പ്രവണത കൂടിയകതിനാലും പിളര്‍പ്പില്‍ ഉണ്ടായ ഇളവ് 2003ല്‍ ഭരണഘടനയില്‍ നിന്ന് എടുത്തു കളഞ്ഞു. അപ്പോഴും ലയനത്തിലുള്ള ഇളവു തുടര്‍ന്നു.
പത്താം ഷെഡ്യൂളിലെ ഖണ്ഡിക 4 ല്‍ പറയുന്നതു പ്രകാരം രണ്ടു വ്യവസ്ഥകള്‍ ഒരേസമയം നിറവേറ്റുകയാണെങ്കില്‍ ഒരു നിയമ സഭാംഗത്തിന് അയോഗ്യതയില്‍ നിന്ന് ഇളവ് അവകാശപ്പെടാം.
ആദ്യത്തേത്, നിയമസഭാംഗത്തിന്റെ യഥാര്‍ഥ രാഷ്ട്രീയ പാര്‍ട്ടി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ലയിക്കുന്നു. രണ്ടാമതായി, ലയനത്തിനു സമ്മതിക്കുന്ന ലെജിസ്ലേച്ചര്‍ പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ നിയമസഭാംഗം ഉള്‍പ്പെടുന്ന ഗ്രൂപ്പിന്റെ ഭാഗമാകണം.
ഒരു പ്രത്യേക നിയമസഭ കക്ഷിയുടെ മൂന്നില്‍ രണ്ടു ഭാഗവും മറ്റൊരു നിയമസഭ കക്ഷിയുമായി ലയിക്കാന്‍ സമ്മതിച്ചാല്‍ ഉടന്‍ തന്നെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ലയനം നടന്നതായി കണക്കാക്കപ്പെടും എന്നാണു മുന്‍പുണ്ടായ കേസുകളില്‍ പല ഹൈക്കോടതികളുടെയും വ്യാഖ്യാനം.
പാര്‍ട്ടിയുടെ, സഭയ്ക്കുള്ളിലെ നിയമനിര്‍മാണ വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം മാത്രമേ ആവശ്യമുള്ളൂ എന്നതിനാല്‍ ലയനങ്ങള്‍ തടസങ്ങള്‍ ഒന്നുമില്ലാതെ അംഗീകരിക്കപ്പെടും. കൂറുമാറ്റ നിരോധന നിയമപ്രകാരം കൂറുമാറിയ നിയമസഭാംഗങ്ങളെ അയോഗ്യരാക്കാതിരിക്കാനുള്ള പ്രാഥമിക കാരണം സ്വാഭാവികമായും ലയനങ്ങളും പിളര്‍പ്പുകളുമാണ്.
സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി (വിധി) 1986-2004 കാലയളവില്‍ ലോക്‌സഭ സ്പീക്കര്‍മാര്‍ക്കു മുമ്പാകെ സമര്‍പ്പിച്ച 55 അയോഗ്യത ഹര്‍ജികളുടെ സര്‍വേ നടത്തി.
ഈ ഹര്‍ജികളില്‍ 49 നിയമസഭാംഗവും കൂറുമാറിയതിന് അയോഗ്യരാക്കപ്പെട്ടില്ല. ഇവരില്‍ 77% തങ്ങളുടെ യഥാര്‍ഥ പാര്‍ട്ടിയില്‍ പിളര്‍പ്പ് അല്ലെങ്കില്‍ മറ്റൊന്നുമായി ലയനം നടന്നെന്നു തെളിയിച്ചതിനാല്‍ കൂറുമാറിയ നിയമസഭാംഗങ്ങളെ അയോഗ്യരാക്കാന്‍ കഴിഞ്ഞില്ല.