ആറ്റുകാൽ പൊങ്കാല: 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും ഒരുക്കി വാട്ടർ അതോറിറ്റി

New Update
attukal ponkala1

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാല പ്രദേശങ്ങളിൽ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തുന്നതിനും മലിനജലം സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും വാട്ടർ അതോറിറ്റി തയാറെടുപ്പുകൾ പൂർത്തിയാക്കി. 

Advertisment

പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി ടാങ്കറുകളിലും കുടിവെള്ളം എത്തിക്കും.

പൊങ്കാല പ്രദേശങ്ങളെ ആറ്റുകാൽ, ഫോർട്ട്- ചാല, ശ്രീവരാഹം എന്നിങ്ങനെ മൂന്നു മേഖലകളായി തരംതിരിച്ച് കുടിവെള്ള വിതരണം സുഗമമാക്കാനായി പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

മാർച്ച് 11, 12,13 തീയതികളിൽ മൂന്ന് മേഖലകളിലും പ്രതിദിനം മൂന്ന് ഷിഫ്റ്റുകളിലായി ഓരോ അസിസ്റ്റന്റ് എൻജിനീയർമാരുടെ നേതൃത്വത്തിൽ സംഘം പ്രവർത്തിക്കും. വാട്ടർ അതോറിറ്റിയുടെ അടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. 

ശുദ്ധജലവിതരണത്തിനായി 16.12 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കിയത്. മലിനജല നിർമ്മാർജന സംവിധാനങ്ങളുടെ നവീകരണ ജോലികളും പൂർത്തിയാക്കി. സീവറേജ് സംവിധാനത്തിന്റെ മേൽനോട്ടത്തിനായും പ്രത്യേകം സംഘത്തെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.