Advertisment

സ്ത്രീകളെ സംരക്ഷിക്കാൻ നിയമങ്ങൾ പലതുണ്ട്. പക്ഷേ, സരക്ഷിക്കപ്പെടുന്നില്ലെന്നു മാത്രം. തൊഴിലിടങ്ങളിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നത് സിനിമാ മേഖലയിൽ മാത്രമല്ല, കോർപ്പറേറ്റ് സ്ഥാപനങ്ങളിലും. പോഷ് നിയമത്തിന്റെ നടത്തിപ്പ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അപൂര്‍ണം

ജോലിസ്ഥലത്തെ പീഡനം സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
posh law

കോട്ടയം: സിനിമാ മേഖലയിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ നടൻമാർക്ക് നേരെ ഉയരുന്ന പരാതികളും സിനിമ മേഖലയിൽ നടക്കുന്ന ചൂഷണങ്ങളും ഇതിനോടകം വലിയ ചർച്ചയായി മാറി കഴിഞ്ഞു. അതേ സമയം മൾട്ടി നാഷ്ണൽ കമ്പനികളിലും സംസ്ഥാന ത്തെ സ്വകാര്യ സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന സ്ത്രീകൾക്കു നേരിടേണ്ടി വരുന്നത് ഇനിയും ചർച്ച ചെയ്യാൻ അധികൃതരോ തയാറല്ല. സർക്കാരിന്റെ കീഴിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും മാനസിക പീഡനങ്ങൾ എൽക്കേണ്ടി വരുന്നു എന്നുള്ളത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.  

Advertisment

ജോലിസ്ഥലത്തെ പീഡനം സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണ്.  നയങ്ങളും നിയന്ത്രണങ്ങളും ഉണ്ടെങ്കിലും, കോർപ്പറേറ്റ് ലോകത്തിൻ്റെ വൃത്തികെട്ട യാഥാർഥ്യമാണ് ജോലിസ്ഥലത്തെ പീഡനം. ജോലി നഷ്‌ടപ്പെടുമെന്ന ഭയം, പരാതി പറയാനുള്ള സംവിധാനങ്ങളുടെ  അഭാവം എന്നിവ കാരണം പീഡനക്കേസുകളിൽ ജോലിസ്ഥലത്തെ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു. കൂടുതൽ പേരും ഇത്തരത്തിൽ പരാതി പറഞ്ഞാൽ നേരിടുന്ന ഭീഷണികളും ചിലപ്പോൾ കരിയർ തന്നെ ഇല്ലാതായേക്കുമെന്നു ഭയപ്പെടുന്നവരുമാണ്. ഇത്തരം പരാതികൾ ഉന്നയിച്ചാൽ മറ്റു സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനു തടസമാക്കുമെന്ന് ഭയന്ന് പരാതി നൽകാതെ രാജി വെച്ചു പോകുന്നവരും ഉണ്ട്. 

 


പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ലൈംഗികപീഡനം തടയലും നിരോധനവും പരിഹാരവും അഥവാ പോഷ് നിയമം നിലവില്‍വരുന്നത്. എന്നാൽ ഇതു ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്നു ഉറപ്പു വരുത്താൻ ഇനിയും സർക്കാരും ശ്രമിക്കുന്നില്ലന്നുള്ളതാണ് യാഥാർത്ഥ്യം.


തൊഴിലിടത്തിലെ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്ന പോഷ് നിയമത്തിന്റെ നടത്തിപ്പ് കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും അപൂര്‍ണമാണെന്ന കണക്കുകൾ  നാലു മാസം മുൻപ് പുറത്തു വന്നിരുന്നു. സ്ത്രീ സൗഹൃദ സംഘടനയായ സഖി വിമിന്‍സ് റിസോഴ്‌സ് സെന്റര്‍ നടത്തിയ പഠനത്തിലാണ് സംസ്ഥാന സർക്കാരിന് നാണക്കേടായ കണക്കുകൾ ഉള്ളത്. നിയമം നിലവില്‍ വന്നതിന് ശേഷം ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട 266 പരാതികളാണ് വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. സഖിയുടെ റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 543 തൊഴിലിടങ്ങളില്‍ പഠനം നടത്തിയതിൽ 253 സ്ഥാപനങ്ങള്‍ മാത്രമാണ് അവരുടെ സ്ഥലത്ത് ആഭ്യന്തര കമ്മിറ്റികള്‍ ഉണ്ടെന്ന് അറിയിച്ചത്. പത്ത് പേരില്‍ കൂടുതല്‍ തൊഴില്‍ എടുക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കണമെന്നിരിക്കെയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഈ അവസ്ഥ.

ആഭ്യന്തര കമ്മിറ്റികളിലെ പ്രിസൈഡിങ് ഓഫീസര്‍ ഒരു സ്ത്രീ ആയിരിക്കണം എന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍, അതിനു വിരുദ്ധമായി 18-ഓളം സ്ഥാപനങ്ങളില്‍ പുരുഷന്മാരായിരുന്നു പ്രിസൈഡിങ് ഓഫീസര്‍മാര്‍. പോഷ് നിയമത്തിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ട്രെയിനിങ്ങുകള്‍ ജീവനക്കാര്‍ക്ക് നല്‍കണമെന്നുള്ളത്. എന്നാല്‍, 397 സ്ഥാപനങ്ങളില്‍ വെറും 10 ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് നിയമത്തെ സംബന്ധിച്ച് ജീവനക്കാര്‍ക്ക് പരിശീലനമോ ബോധവത്ക്കരണമോ നല്‍കിയിരുന്നത്. 

തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം കുറ്റകരമാണെന്നും ആഭ്യന്തരക്കമ്മിറ്റിയെ സംബന്ധിച്ചു കൃത്യമായ വിവരങ്ങളും എല്ലാ തൊഴില്‍ സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്ന് നിയമം അനുശാസിക്കെ 387 സ്ഥാപനങ്ങളില്‍ 180 സ്ഥലങ്ങളില്‍ മാത്രമേ ഇത് പാലിച്ചിരുന്നുള്ളൂ.  

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതു പിന്നാലെ പ്രതിരോധത്തിലായ സർക്കാരിന് കൂടുൽ നാണക്കേട് ഉണ്ടാക്കുന്നതാണ് ഇത്തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ.

Advertisment