Advertisment

വേനൽ ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് തീച്ചൂളയിലേക്ക് കേരളം; അഞ്ചിടത്ത് ശക്തമായ ത്രികോണ മത്സരമെന്ന് വിലയിരുത്തൽ; ജയിച്ചില്ലെങ്കിലും പലേടത്തും ജയം നിർണയിക്കുക ബി.ജെ.പി ! തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ പ്രചാരണത്തിൽ ഒരു ലാപ് പിന്നിട്ട് എൽ.ഡി.എഫ്; ബി.ജെ.പിക്കായി മണ്ഡലം ഉഴുതുമറിക്കാൻ കേന്ദ്രമന്ത്രിമാരായ മുരളിയും രാജീവും

തൃശൂരിൽ കോൺഗ്രസിലെ സിറ്റിംഗ് എം.പി ടി.എൻ.പ്രതാപനൊപ്പം എൽ.ഡി.എഫിലെ കരുത്തനായ മുൻ മന്ത്രി വി.എസ്.സുനിൽ കുമാറും വിജയക്കൊടി പാറിക്കാനുള്ള  പോരാട്ടത്തിലാണ്. തൃശൂർ ആരെടുക്കുമെന്നത് ഇപ്പോഴേ പ്രവചനാതീതം

New Update
ldf udf nda cpm congress bjp

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പ് മാ‌ർച്ച് രണ്ടാംവാരം പ്രഖ്യാപിക്കാനിരിക്കെ, കേരളത്തിൽ തിരഞ്ഞെടുപ്പ് കളം കൊഴുക്കുകയാണ്. ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ ഒരു ലാപ്പ് മുന്നിലെത്തിയിരിക്കുകയാണ് എൽ.ഡി.എഫ്. പിന്നാലെ ബി.ജെ.പിയും സ്ഥാനാർത്ഥികളുമായെത്തി. യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളെ പിന്നാലെ പ്രഖ്യാപിക്കും. സിറ്റിംഗ് എം.പിമാരെല്ലാം മത്സരിച്ചേക്കാമെന്നതിനാൽ യു.ഡി.എഫ് പട്ടികയിൽ കാര്യമായ സസ്പെൻസില്ല.

Advertisment

ബി.ജെ.പി ശക്തമായ സ്ഥാനാർത്ഥികളെ ഇറക്കിയതോടെ 5 മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരം നടക്കുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം, തൃശൂ‌ർ, പാലക്കാട് അടക്കം എ പ്ലസ് മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്. അനിൽ ആന്റണി വന്നതോടെ പത്തനംതിട്ടയിൽ സ്ഥിതിഗതികൾ മാറുമോയെന്ന ആശങ്കയാണ് യു.ഡി.എഫിനുള്ളത്. ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ജയം നിർണയിക്കുന്ന ശക്തിയാവാൻ ബി.ജെ.പിക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

2019 പാർലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഫലം പ്രവചനാതീതമായേക്കാവുന്ന മണ്ഡലങ്ങൾ ഇത്തവണ ഏറെയാണ്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, കോട്ടയം, തൃശൂർ, പാലക്കാട്, ആലത്തൂർ, വടകര, കോഴിക്കോട്, കണ്ണൂർ, കാസർകോട് സീറ്റുകൾ ഇഞ്ചോടിഞ്ച് മത്സരത്തിനു വേദിയാവും. ഇതിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, തൃശൂർ, പാലക്കാട് സീറ്റുകളിൽ കടുത്ത ത്രികോണപ്പോര് പ്രതീക്ഷിക്കപ്പെടുന്നു. ആലപ്പുഴ, വയനാട്, കണ്ണൂർ സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വ്യക്തത വരാനുണ്ട്. എന്തായാലും കഴിഞ്ഞ തവണത്തെ 19 സീറ്റുകൾ നിലനിർത്താൻ യു.ഡി.എഫ് ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നുറപ്പാണ്.

ബി.ജെ.പി മത്സരിക്കുന്ന  നാലു സീറ്റുകളിലെയും സഖ്യ കക്ഷിയായ ബി.ഡി.ജെ.എസ് മത്സരിക്കുന്ന നാലു സീറ്റുകളെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളിൽപ്പെട്ട തിരുവനന്തപുരത്തും ആറ്റിങ്ങലിലും കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിനെയും വി. മുരളീധരനെയും സ്ഥാനാർത്ഥികളാക്കിയതോടെ പ്രചാരണത്തിൽ ബിജെപി അരയും തലയും മുറുക്കി രംഗത്തുണ്ട്.

 ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന രാജീവ് ചന്ദ്രശേഖ‌ർ മണ്ഡലം ഇളക്കിമറിക്കാനുള്ള ഒരുക്കത്തിലാണ്. ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ മത്സരിക്കുന്നതിൽ വ്യക്തതയായിട്ടില്ല. കോൺഗ്രസ് ടിക്കറ്റിൽ പകരം ആരായാലും എൽ.ഡി.എഫിലെ സിറ്റിംഗ് എം.പി എ.എം.ആരിഫുമായുള്ള ഏറ്റുട്ടൽ കടുക്കും. തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനെ ഇറക്കി ബി.ജെ.പി അവിടെ ത്രികോണ മത്സര പ്രതീതിയുണ്ടാക്കി. കോട്ടയത്ത് ഇരു കേരള കോൺഗ്രസുകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ്.

2019ൽ തന്നെ ത്രികോണ മത്സരം നടന്ന തൃശൂരിൽ കോൺഗ്രസിലെ സിറ്റിംഗ് എം.പി ടി.എൻ.പ്രതാപനൊപ്പം എൽ.ഡി.എഫിലെ കരുത്തനായ മുൻ മന്ത്രി വി.എസ്.സുനിൽ കുമാറും വിജയക്കൊടി പാറിക്കാനുള്ള  പോരാട്ടത്തിലാണ്. തൃശൂർ ആരെടുക്കുമെന്നത് ഇപ്പോഴേ പ്രവചനാതീതം. പാലക്കാട്ട് സീറ്റ് നില നിറുത്താനുള്ള കോൺഗ്രസിലെ സിറ്റിംഗ് എം.പി വി.കെ.ശ്രീകണ്ഠന്റെ കരുനീക്കങ്ങൾക്ക് കനത്ത വെല്ലുവിളിയാണ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ എം.പിയുമായ എ.വിജയരാഘവനും ബി.ജെ.പിയിലെ  കൃഷ്ണകുമാറും ഉയർത്തുന്നത്. എന്തായാലും വേനൽ ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂടിലേക്കാണ് കേരളം ഇനിയുള്ള ദിനങ്ങളിൽ കടന്നുപോവുന്നത്.

Advertisment