പോസ്റ്റൽ ബാലറ്റ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രം

കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്ത ഒരു വിഭാഗത്തിനും പോസ്റ്റൽ വോട്ട്  സൗകര്യം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കമ്മീഷൻ അറിയിച്ചു.

New Update
ELECTION

തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് സമ്മതിദായകരായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമേ ഉള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

Advertisment

കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്ത ഒരു വിഭാഗത്തിനും പോസ്റ്റൽ വോട്ട്  സൗകര്യം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കമ്മീഷൻ അറിയിച്ചു.

കോവിഡ് സമയത്ത് നടന്ന 2020 ലെ പൊതുതിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രമേ പോസ്റ്റൽ വോട്ട് സൗകര്യം ലഭ്യമായിരുന്നുള്ളൂ. 

കോവിഡ് രോഗികൾക്കും ക്വാറന്റയിനിലുള്ളവർക്കും മാത്രം അന്ന് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിരുന്നു. എപിഡെമിക് ഡിസീസ് ആക്ടിന്റെ പരിധിയിലുള്ളവർക്കായാണ് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പരിമിതപ്പെടുത്തിയിരുന്നത്.

അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യും.  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ അവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകർപ്പ് സഹിതം നിശ്ചിത ഫാറത്തിലും, സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകാൻ  എല്ലാ വരണാധികാരികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഇതിനായി സമ്മതിദായകനായി രജിസ്റ്റർ ചെയ്തിട്ടുള്ള വാർഡിലെ വരണാധികാരികൾക്ക് വേണം അപേക്ഷ നൽകേണ്ടത്.

പോസ്റ്റൽ ബാലറ്റ് അപേക്ഷകർക്ക് അയച്ചു കൊടുക്കാനും,  വോട്ട് രേഖപ്പെടുത്തി ബന്ധപ്പെട്ട വരണാധികാരിക്ക് തിരിച്ച് അയക്കുന്നതിനും തപാൽ സ്റ്റാമ്പ് ആവശ്യമില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം തപാൽവകുപ്പ് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisment