എയ്ഡഡ് അധ്യാപകരുടെ നിയമന പ്രശ്‌നം നീട്ടി വഷളാക്കി.. വോട്ട് ചെയ്തും ചെയ്യാതെയും പ്രതിഷേധിച്ച് അധ്യാപകര്‍. ഇനിയും നിയമനമില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതികരിക്കും.  സര്‍ക്കാരിനെതിരെ പ്രചാരണത്തിന് ഇറങ്ങേണ്ടി വന്നാല്‍ അതിനും തയാറായി 25,000-ത്തോളം വരുന്ന എയ്ഡഡ് അധ്യാപകരും അവരുടെ കുടുംബങ്ങളും

കേരളത്തിലെ 80% വിദ്യാര്‍ഥികള്‍ പഠിക്കുന്ന എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരെ 'പട്ടിണിക്കിട്ടാല്‍' സമൂഹത്തില്‍ ചലനം ഉണ്ടാകില്ലെന്ന് ഇടതു സര്‍ക്കാര്‍ വിശ്വസിച്ചതു രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മണ്ടത്തരമായി മാറി. 

New Update
school teacher
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനേറ്റ തിരിച്ചടി സര്‍ക്കാര്‍ ദുരിതത്തിലാക്കിയ എയ്ഡഡ് അധ്യാപകരുടെ പ്രതിഷേധം കൂടിയാണ്. എയ്ഡഡ് അധ്യാപകർ നിയമന പ്രശ്‌നം നീട്ടി വഷളാക്കിയ സംസ്ഥാന സര്‍ക്കാരിനോടുള്ള തങ്ങളുടെ പ്രതിഷേധം ബാലറ്റിലൂടെ സര്‍ക്കാരിനെ അറയിക്കുകയായിരുന്നു.  

Advertisment

കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്തെ 25,000-ത്തോളം വരുന്ന എയ്ഡഡ് അധ്യാപകര്‍ നേരിടുന്ന നിയമന നിരോധനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തിന്റെ അവഗണനയും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിച്ചു. 


വിഷയത്തില്‍ അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിനു അതിരൂക്ഷമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് അധ്യാപകരുടെ മുന്നറിയിപ്പ്. 


കേരളീയ സമൂഹത്തില്‍ ശക്തമായ ജനകീയ സ്വാധീനമുള്ള അധ്യാപക വിഭാഗത്തെ ഭരണകൂടം അവഗണിച്ച നിലപാടാണു തിരിച്ചടിക്കു കാരണമായതെന്നാണു വിലയിരുത്തല്‍.

കേരളത്തിലെ 80% വിദ്യാര്‍ഥികള്‍ പഠിക്കുന്ന എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരെ 'പട്ടിണിക്കിട്ടാല്‍' സമൂഹത്തില്‍ ചലനം ഉണ്ടാകില്ലെന്ന് ഇടതു സര്‍ക്കാര്‍ വിശ്വസിച്ചതു രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മണ്ടത്തരമായി മാറി. 


അധ്യാപകരുടെ ദുരിതം ഓരോ വീട്ടിലും ഭരണകൂടത്തിനെതിരായ വികാരമായി മാറി. അധ്യാപകരായ അലീനയുടെയും ഷിജോയുടെയും ആത്മഹത്യകള്‍ കേവലം വ്യക്തിപരമായ ദുരന്തങ്ങളായി കാണാതെ, ഭരണകൂടത്തിന്റെ അവഗണനയുടെ നേര്‍ചിത്രമായി സമൂഹം കണ്ടു.


സമരങ്ങളെയും കോടതി ഉത്തരവുകളെയും ഭയമില്ലാത്ത രീതിയിലേക്ക് ഉദ്യോഗസ്ഥരും ഭരണകൂടവും നീങ്ങുന്നതു ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും ഭീഷണിയാണെന്നു അധ്യാപകര്‍ പറയുന്നു. 

വിഷയത്തില്‍ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍, 25,000 അധ്യാപകര്‍ ചാവേറുകളെപ്പോലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെതിരെ പ്രവര്‍ത്തിക്കുമെന്നു കേരള എയ്ഡഡ് ടീച്ചേഴ്‌സ് കളക്ടീവ് സ്റ്റേറ്റ് കമ്മിറ്റിപോലുള്ള സംഘടനകള്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.  

ഒരു ജനകീയ പ്രസ്ഥാനം അതിന്റെ മനുഷ്യത്വപരമായ മുഖം നഷ്ടപ്പെടുത്തിയതിന്റെ രാഷ്ട്രീയ പാഠമാണ് ഈ തോല്‍വി. ഈ ദുരിതം ഭരണകൂടം അടിയന്തരമായി തിരിച്ചറിഞ്ഞില്ലെങ്കില്‍, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു അതിരൂക്ഷമായ തിരിച്ചടിയാകും നല്‍കുകയെന്നും അധ്യാപകര്‍ പറയുന്നു.

Advertisment