/sathyam/media/media_files/2025/03/02/tMlKsEEMO1S2mSftbczF.jpg)
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യയെ ന്യായീകരിച്ച് സി.പി.ഐ നേതാവ് രംഗത്ത്. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.ഐ നേതാവുമായ വി.കെ സുരേഷ് ബാബുവാണ് ദിവ്യയ്ക്ക് അനുകൂലമായ പുതിയ ന്യായവാദങ്ങളുമായി രംഗപ്രവേശം ചെയ്തിട്ടുള്ളത്.
നവീൻ ബാബുവിനെ ദിവ്യ ശകാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് നൽകിയ കണ്ണൂർ വിഷൻ എന്ന പ്രദേശിക ചാനലിന് സുരേഷ് ബാബു നൽകിയ അഭിമുഖത്തിലാണ് പരാമർശമുള്ളത്. പരാമർശം പുറത്ത് വന്ന് നാല് ദിവസങ്ങൾ പിന്നിട്ടിട്ടും അത് തിരുത്താനോ മറ്റ് നടപടികൾക്കോ സി.പി.ഐ നേതൃത്വമോ ജോയിന്റ് കൗൺസിലോ തയ്യാറായിട്ടില്ല.
സിപി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ദിവ്യയ്‌ക്കെതിരെ നടത്തിയ വിമർശനത്തെയും അദ്ദേഹം തള്ളുന്നുണ്ട്. വിഷയത്തിൽ സി.പി.എം പെട്ടത് പത്തനംതിട്ട ജില്ലാ കമ്മിറ്റി എടുത്ത നിലപാട് കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
/sathyam/media/media_files/2025/01/30/BsjEYuvDXY8LhejoEzQX.jpg)
എ.ഡി.എമ്മിന്റെ ആത്മഹത്യയെ തുടർന്ന് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി.പി ദിവ്യ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കേരളത്തിന്റെ ഭാവി വാഗ്ദാനമായിരുന്ന നല്ലൊരു രാഷ്ട്രീയ നേതാവിനെ ദിവ്യയുടെ രാജിയിലൂടെ നഷ്ടമായി.
നവീൻ ബാബുവിന്റെ മരണത്തേക്കാൾ കണ്ണൂർ ജില്ലയ്ക്കും കേരളത്തിനും ഏറെ നഷ്ടമാണ് ഇതുമൂലമുണ്ടായത്. 9 വർഷമായി അവരെ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നന്നായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന പക്വതയുള്ള സ്ത്രീയാണ് ദിവ്യ. സ്ത്രീകളുടെ ഇടയിൽ യാതൊരു പരിമിതിയുമില്ലാതെ സത്യസന്ധമായി രാഷ്ട്രീയ രപവർത്തനം നടത്തുന്ന വ്യക്തിത്വമാണ് അവർ. ഭാവിയിൽ നല്ല പ്രതീക്ഷയായിരുന്നു
വിഷയത്തിൽ യഥാർത്ഥ വസ്തുത ആളുകൾ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തൻ എൻ.ഒ.സിക്കായി ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ദിവ്യയെ സമീപിച്ചിരുന്നു. നിങ്ങൾ ഒന്ന് വിളിച്ച് പറയൂ എന്ന് പറഞ്ഞ് വരുന്നത് താൻ കാണുന്നതാണെന്നും അഭിമുഖത്തിൽ സുരേഷ് ബാബു വ്യക്തമാക്കുന്നു.
എന്നാൽ താൻ വിളിച്ചു പറഞ്ഞിട്ടും അത് നടക്കില്ലെന്നറിഞ്ഞ ദിവ്യ പലതവണ പ്രശാന്തനെ ഒഴിവാക്കിയിരുന്നു. എ.ഡി.എം തനിക്കാവില്ല എന്ന് പറഞ്ഞകാര്യം തന്നെ കൊണ്ട് നടപടിയാക്കാൻ പറ്റില്ലെന്ന് ദിവ്യ പ്രശാന്തനോട് പറഞ്ഞിരുന്നു.
എന്നാൽ നിങ്ങൾ പറഞ്ഞിട്ട് നടക്കാത്ത കാര്യം താൻ പണം കൊടുത്ത് നേടിയെന്ന പ്രശാന്തൻ ഒരു ദിവസം ദിവ്യയോട് വന്ന് പറഞ്ഞപ്പോൾ ദിവ്യയ്ക്ക് ഇച്ഛാഭംഗമുണ്ടായി. അവരുടെ വ്യക്തിത്വത്തിനല്ല കേട് പറ്റിയത്.
കേരളത്തിലെ മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ വിളിച്ചു പറഞ്ഞിട്ടും നടക്കാത്ത കാര്യം പൈസ കൊടുത്ത് നേടിയെന്ന് പറയുമ്പോൾ അവർക്കുണ്ടാകുന്ന ഇച്ഛാഭംഗം ചെറുതല്ല. അപ്പോൾ തന്നെ നവീൻ ബാബുവിനെ വിളിച്ച് ശകാരിക്കാൻ ദിവ്യ ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലം മാറിപോയി എന്ന അറിയിപ്പാണ് ലഭിച്ചത്.
ആ വിഷയം അവിടെ തീർന്നതായിരുന്നു. അപ്പോഴാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് പങ്കെടുക്കണമെന്ന് കാട്ടി കളക്ടർ വിളിക്കുന്നത്. ആ അവസരത്തിൽ കണക്ക് തീർക്കാമെന്ന് കരുതിയാണ് അവിടെ പോയി കാര്യങ്ങൾ പറഞ്ഞത്
അഴിമതിയെ എതിർക്കുന്ന രാഷ്ട്രീയ നേതാവിന്റെ ആർജ്ജവമായാണ് അതിനെ താൻ കാണുന്നതെന്നും സുരേഷ് ബാബു വിശദീകരിക്കുന്നു.
/sathyam/media/media_files/2024/11/05/W6wxsWQ0pc3J2B34eKJt.jpg)
നവീൻ ബാബു ആത്മഹത്യ െചയ്തത് ദിവ്യ ശകാരിച്ചതു കൊണ്ട് മാത്രമാണെന്ന് ഉറപ്പുണ്ടോയെന്നും അദ്ദേഹം അഭിമുഖത്തിൽ ചോദ്യമുയർത്തുന്നു. മറ്റ് പലരും നവീൻ ബാബുവിനെ ഫോണിൽ വിളിച്ച കാര്യം ആരും അന്വേഷിക്കാത്തത് എന്താണ്?
ദിവ്യ പ്രസംഗിച്ചതിന് ശേഷം കളക്‌ട്രേറ്റിൽ എത്തിയ നവീൻ ബാബുവിനെ കളക്ടർ അരുൺ.കെ.വിജയൻ ശകാരിച്ചിരുന്നോ എന്ന് അന്വേഷിക്കേണ്ടതാണ്. ഇങ്ങനെ ചെയ്ത് ഞങ്ങൾക്ക് അപമാനമുണ്ടാക്കിയില്ലേ എന്ന് നവീൻ ബാബുവിന്റെ ബന്ധുക്കൾ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നോയെന്നും അന്വേഷിക്കണം.
അയാൾ ആത്മഹത്യ ചെയ്തിട്ടില്ലെങ്കിൽ ദിവ്യ ഹീറോ ആയേനെ എന്നും സുരേഷ് ബാബു പറയുന്നു. വയനാട്ടിൽ കോൺഗ്രസ് എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ പ്രേരണയിൽ ഒരാൾ ആത്മഹത്യ ചെയ്തില്ലേയെന്നും എന്നിട്ട് എം.എൽ.എ രാജിവെച്ചോയെന്നും സുരേഷ് ബാബു ചോദ്യമുയർത്തുന്നു.
ആത്മഹത്യ ചെയ്താൽ ഉടൻ തന്നെ അത്തരം കാര്യങ്ങൾ പറഞ്ഞയാൾ കുറ്റവാളിയാകുന്നില്ല. അതിന്റെ പേരിൽ അത് ഭീകരമായി ഉയർത്തിക്കൊണ്ട് വന്നത് സ്ത്രീക്ക് നേരെ നടത്തിയ കടന്നാക്രമണമാണ്.
ഒരു സ്ത്രീ വലിയ ആളാവേണ്ട എന്ന് പുരുഷമേധാവിത്വത്തിൽ അധിഷ്ഠിതമായ കേരളത്തിലെ പൊതുസമൂഹത്തിന് ഒരു ചിന്തയുണ്ട്. ഈ ചിന്ത ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
സ്ത്രീകൾ അങ്ങനെ നെഗളിക്കേണ്ട എന്ന വിചാരം കേരളത്തിലെ എല്ലാ പാർട്ടിക്കാർക്കുമുണ്ട്. അന്ന് ഒരു പുരുഷനായിരുന്നു പ്രസംഗിച്ചതെങ്കിൽ വിഷയമുണ്ടാവില്ല. യഥാർത്ഥത്തിൽ വസ്തു നിഷ്ഠമായല്ല മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും വിഷയത്തെ കണ്ടതെന്നും സുരേഷ് ബാബു വിശദീകരിക്കുന്നു.
സി.പി.എം ഇതിൽ പെട്ടുപോയത് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാടുകൊണ്ടാണ്. ആദ്യം കണ്ണൂർ ജില്ലാ കമ്മിറ്റി ശക്തമായ നിലപാട് വിഷയത്തിൽ എടുത്തിരുന്നു. പക്ഷേ അവിടെയും പാർട്ടിയെ സംരക്ഷിക്കേണ്ടതു കൊണ്ടാണ് അവർ അതിൽ പെട്ട് പോയത്. ദിവ്യ ചെയ്തത് മഹാപാതകമല്ല.
/sathyam/media/media_files/2024/12/07/eYPU5lHJy8pxYVQ90kln.jpg)
പ്രശാന്തൻ ദിവ്യയുടെ ബിനാമിയാണെന്ന പ്രചാരണം തട്ടിപ്പാണ്. താൻ വേറെ രീതിയിൽ അതന്വേഷിച്ചു. പ്രശാന്തന്റെ കുടുംബ സാഹചര്യത്തെപ്പറ്റിയും ബന്ധുക്കളെപ്പറ്റിയും അന്വേഷിച്ചു. പ്രശാന്തൻ അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ബിനാമിയാണ്. ദിവ്യയെ തനിക്ക് നന്നായി അറിയാം.
അവർക്ക് അങ്ങനെ സ്വത്തുണ്ട്, ഇങ്ങനെ സത്തുണ്ട് എന്ന് വെറുതെ പറഞ്ഞ് പരത്തുന്നതാണ്. അതിൽ യാഥാർത്ഥ്യമില്ല എന്നും സുരേഷ് ബാബു വ്യക്തമാക്കുന്നുണ്ട്.
നവീൻബാബു വിഷയത്തിൽ കുറ്റാരോപണ വിധേയനായ ജില്ലാ കളക്ടർ അരുൺ.കെ.വിജയനെ സ്ഥാനത്ത് നിന്ന് മാറ്റാൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ല.
വിഷയത്തിൽ അന്വേഷണം തൃപ്തികരമല്ലെന്നും നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നും കാട്ടി അേദ്ദഹത്തിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us