എ.ഡി.എമ്മിന്റെ മരണത്തിൽ പി.പി ദിവ്യ കുറ്റക്കാരിയെന്ന് കുറ്റപത്രം. ദിവ്യ യോഗത്തിനെത്തിയത് ആസൂത്രിതമായി, ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഏർപ്പാടാക്കിയെന്നും കുറ്റപത്രത്തിൽ. ദിവ്യക്കെതിരെ ചുമത്തിയത് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ആത്മഹത്യ പ്രേരണക്കുറ്റം

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
pp divya-5

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി.

Advertisment

എ.ഡി.എമ്മിനെ മരണത്തിലേക്ക് നയിച്ചത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ പരാമർശങ്ങളാണെന്നും നവീൻ ബാബുവിനെ അപമാനിക്കാൻ ആസുത്രണം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. 97 സാക്ഷികളുള്ള കേസിൽ 400 പേജിലേറെയുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 


എ.ഡി.എം മരിക്കുന്നതിന്‍റെ തലേദിവസം കലക്ട്രേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തിയ പി.പി. ദിവ്യ, എ.ഡി.എമ്മിനു നേരെ അഴിമതിയാരോപണമുന്നയിക്കുകയും ഭീഷണിപ്പെടുത്തുന്ന പരാമർശം നടത്തുകയും ചെയ്തു. 


ഇതിനേത്തുടർന്ന് മനോവിഷമമുണ്ടായ എ.ഡി.എം ആത്മഹത്യ ചെയ്തെന്നും കുറ്റപത്രത്തിൽ പറയുന്നു. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ആത്മഹത്യ പ്രേരണക്കുറ്റമാണ് പി.പി. ദിവ്യക്കെതിരെ ചുമത്തിയത്. അത് സാധൂകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പരാമർശിക്കുന്നത്.

ജില്ലാ കലക്ടറിൽനിന്ന് യാത്രയയപ്പിന്‍റെ വിവരങ്ങൾ ശേഖരിച്ച പി.പി. ദിവ്യ ആസൂത്രിതമായി യോഗത്തിനെത്തുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കി. 

ചെങ്ങളായിയിലെ പെട്രോൾ പമ്പിന് അനുമതി നൽകാൻ എ.ഡി.എം വഴിവിട്ട നീക്കങ്ങൾ നടത്തിയെന്ന ആരോപണം കലക്ടറുടെയും സഹപ്രവർത്തകരുടെയും മുന്നിൽ വച്ചാണ് പി.പി. ദിവ്യ ഉന്നയിച്ചത്. 

വിഡിയോ പ്രാദേശിക ചാനലിൽനിന്ന് ശേഖരിച്ച ദിവ്യ, ഇത് തന്‍റെ ഫോണിലൂടെ പലർക്കും അയച്ചുനൽകി. ആറ് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രധാന തെളിവായി അന്വേഷണ സംഘം സമർപ്പിച്ചത്.

Advertisment