/sathyam/media/media_files/2024/11/05/W6wxsWQ0pc3J2B34eKJt.jpg)
കണ്ണൂര്‍ : എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ അനുകൂലിച്ചും എതിര്‍ത്തും സി.പി.എം ജില്ലാ സമ്മേളനത്തില്‍ ചൂടേറിയ പൊതുചര്‍ച്ച.
തളിപ്പറമ്പയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ -സംഘടനാ റിപോര്‍ട്ടില്‍തന്നെ ദിവ്യയുടെ നടപടിയെ വിമര്‍ശിക്കുമ്പോഴാണ് സമ്മേളനത്തില്‍ അവരെ അനുകൂലിച്ചും ചര്‍ച്ച നടക്കുന്നത് എന്നതാണ് ശ്രദ്ധേയം.
പി.പി.ദ്യവ്യയെ തിടുക്കപ്പെട്ട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയതും പിന്നീട് പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് പ്രാഥമികാംഗത്വത്തിലേക്ക് തരം താഴ്ത്തിയതും മാധ്യമ വിചാരണക്ക് വഴങ്ങിയാണെന്നാണ് പി.പി.ദിവ്യക്ക് അനുകൂലമായി ഉയര്‍ന്ന വാദഗതികള്‍.
പാര്‍ട്ടി നടപടി ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും ദിവ്യക്ക് അനുകൂലമായി വാദിച്ച പ്രതിനിധികള്‍ കുറ്റപ്പെടുത്തി. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി വേണമന്ന കര്‍ശന നിലപാട് എടുത്ത സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് എതിരെയും ദിവ്യ അനുകൂലികളായ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.
നിര്‍ഭാഗ്യകരമായ സംഭവത്തില്‍ പാര്‍ട്ടിക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുകയാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചെയ്തതെന്നാണ് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന ആക്ഷേപം. ഈ വാദങ്ങള്‍ ഫലത്തില്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപോര്‍ട്ടിലെ വിലയിരുത്തലിനെ തന്നെ തളളിപ്പറയുന്നതിന് തുല്യമായി.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയപ്പ് യോഗത്തില്‍ പങ്കെടുത്ത് പി.പി ദിവ്യ നടത്തിയ പരാമര്‍ശങ്ങള്‍ ന്യായീകരിക്കാനാവാത്ത തെറ്റാണെന്നാണ് പ്രവര്‍ത്തന റിപോര്‍ട്ടിലെ പരാമര്‍ശം. എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗം ഒരു തരത്തിലും ന്യായീകരിക്കാനാവാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
എ.ഡി.എമ്മിന്റെ മരണത്തിന് പിന്നാലെ പി.പി. ദിവ്യക്കെതിരെ സ്വീകരിച്ച നടപടികള്‍ പരാമര്‍ശിക്കുന്നതിനിടയിലാണ് പ്രവര്‍ത്തന റിപോര്‍ട്ട് യാത്രയയപ്പ് യോഗത്തിലെ പ്രസംഗത്തെ തളളിപ്പറഞ്ഞത്. ദിവ്യക്ക് അനുകൂലമായി വാദങ്ങള്‍ ഉയര്‍ന്നത് പോലെ തന്നെ അവരെ തളളിപ്പറയുന്ന വിമര്‍ശനങ്ങളും പൊതു ചര്‍ച്ചയില്‍ ഉയര്‍ന്നു.
എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി.ദിവ്യയെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് എതിര്‍ത്ത് സംസാരിച്ചവരുടെ പ്രധാന ആക്ഷേപം. പാര്‍ട്ടി നേതാവിനും ജനപ്രതിനിധിക്കും ചേരാത്ത അപക്വമായ പെരുമാറ്റമാണ് ദിവ്യയില്‍ നിന്ന് ഉണ്ടായത്. സ്വയം തീരുമാനമെടുത്ത് നടത്തിയ പ്രവര്‍ത്തിയാണ് യാത്രയയപ്പ് യോഗത്തിലെ പ്രസംഗമെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
ലോകസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ പാര്‍ട്ടിയുടെ സ്വാധീന കേന്ദ്രങ്ങളില്‍ വന്‍തോതില്‍ വോട്ട് ചോര്‍ന്നതായി ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ജില്ലയില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിക്കുക ആണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
താഴെത്തട്ടില്‍ അണികളും നേതാക്കളും തമ്മിലുളള ഇഴയടുപ്പം ഇല്ലാതാകുന്നുവെന്ന ഗുരുതരമായ നിരീക്ഷണവും റിപ്പോര്‍ട്ടിലുണ്ട്. റിപോര്‍ട്ടിനെ അധികരിച്ച് നടന്ന പൊതുചര്‍ച്ചയിലും ഈ നിരീക്ഷണം ശരിവെക്കപ്പെടുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായി. ജില്ലയിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇതുവരെയില്ലാത്ത വോട്ട് ചോര്‍ച്ചയാണ് ലോകസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്.
പല മേഖലകളിലേക്കും ബി.ജെ.പി കടന്നുകയറിയിട്ടുണ്ട്. നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ പഴയ ആത്മബന്ധമില്ല. സ്വാധീന മേഖലകളിലെ വോട്ടു ചോര്‍ച്ച കണ്ണില്‍പെടാതിരുന്നതിന് വേറെ കാരണം അന്വേഷിക്കേണ്ടെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. നേതാക്കളുടെ സാമ്പത്തിക വളര്‍ച്ച പരിശോധിക്കണമെന്ന ആവശ്യം താഴെ തട്ടിലുളള സമ്മേളനങ്ങളില്‍ ഉയര്‍ന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടു.
പാര്‍ട്ടിയിലേക്ക് മികവുളള പ്രവര്‍ത്തകരെ കണ്ടെത്തി കൊണ്ടുവരാനാകുന്നില്ല. നേതാക്കളുടെ ജാഗ്രത കുറവ് നിത്യസംഭവമായി മാറിയിരിക്കുന്നു. ഇത് പാര്‍ട്ടിക്ക് ബാധ്യതയായിരിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.
സ്വര്‍ണക്കടത്ത് ആരോപണ വിവാദത്തില്‍ മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളും വിമര്‍ശിക്കപ്പെട്ടു. സമൂഹമാധ്യമത്തിലൂടെ നടത്തിയ പോര് അവമതിപ്പുണ്ടാക്കിയെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. ജയരാജന്റെ കുറിപ്പുകള്‍ ആരോപണ വിധേയരായവര്‍ക്ക് പിന്തുണയുണ്ട് എന്ന പ്രതീതിയാണ് ഉണ്ടാക്കിയതെന്നും പൊതുചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.