മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

മുന്‍ നിയമസഭാ സ്പീക്കറും എ.കെ ആന്‍ണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു

New Update
thankachan

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ നിയമസഭാ സ്പീക്കറും എ.കെ ആന്‍ണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു. നീണ്ട 13 വർഷമാണ് കൺവീനർ സ്ഥാനത്തിരുന്ന് പി,പി തങ്കച്ചൻ യുഡിഎഫിനെ നയിച്ചത്. 2005-ൽ എ കെ ആൻറണിക്ക് പകരം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് കൺവീനർ പദവി തങ്കച്ചൻ ഏറ്റെടുത്തത്. 

Advertisment


എട്ടാം നിയമസഭാ സ്പീക്കർ, എ കെ ആൻറണി മന്ത്രിസഭയിൽ കൃഷി മന്ത്രി (1995 മെയ് മൂന്ന് മുതൽ 1996 മേയ് 20 വരെ), 1996 മുതൽ 2001 വരെ പ്രതിപക്ഷ ചീഫ് വിപ്പ്, കെപിസിസി വൈസ് പ്രസിഡൻറ്, കെപിസിസി പ്രസിഡൻറ് താൽക്കാലിക ചുമതല എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു.

റവ. ഫാദർ പൗലോസ് പൈനാടത്തിൻ്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 29-ന് അങ്കമാലിയിലായിരുന്നു ജനനം. നിയമ ബിരുദം നേടി അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 1968-ൽ പെരുമ്പാവൂർ നഗരസഭയിലേക്ക് മത്സരിച്ച് ചെയർമാനായി. അന്ന് 29 വയസ് മാത്രം പ്രായമുണ്ടായിരുന്ന തങ്കച്ചൻ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാൻ എന്ന ഖ്യാതിയും സ്വന്തം പേരിൽ കുറിച്ചു. 

1982-ലാണ് പെരുമ്പാവൂരിൽ നിന്ന് നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങിയത്. സിപിഎമ്മിലെ പി ആർ ശിവനെ 6252 വോട്ടുകൾക്ക് തോൽപിച്ചു. 1987-ൽ മത്സരത്തിനിറങ്ങിയ അദ്ദേഹം രണ്ടാമതും പെരുമ്പാവൂരിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു.  1991-ൽ 3311 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജനതാദളിൻറെ എ ദേവസ്സിയെ തോൽപിച്ച് ഹാട്രിക് വിജയം നേടി. 1996-ൽ നാലാം ജയം. ജനതാദൾ സ്ഥാനാർഥി രാമൻ കർത്തയെ 4783 വോട്ടിന് തോൽപിച്ചു.

നാലു തവണ തുടർച്ചയായി വിജയിച്ച പി പി തങ്കച്ചൻ സ്വന്തം മണ്ഡലത്തിൽ ആദ്യമായി പരാജയപ്പെട്ടു.  2006-ൽ കുന്നത്തുനാട്ടിൽ ഒരു തവണ കൂടി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. 

death congress leader congress
Advertisment