തിരഞ്ഞെടുപ്പ് മുന്നൊരുക്കമായി വമ്പൻ പരസ്യപ്രചാരണത്തിന് സർക്കാർ; കെ.എസ്.ആർ.ടി.സി ബസുകൾക്കും ചാനലുകൾക്കും കിഫ്ബി വഴി കോടികൾ ഒഴുക്കും. മന്ത്രിമാരുടെ ഇൻറർവ്യുവും വികസന നേട്ടങ്ങളും സംപ്രേഷണം ചെയ്യുന്നതിനായി മുൻനിര ചാനലുകളുമായി കരാർ ഉണ്ടാക്കിക്കഴിഞ്ഞു. ഓരോ ചാനലിനും നൽകുന്നത് ഏറ്റവും കുറഞ്ഞത് ഒന്നര കോടി രൂപ ! സർക്കാരിന്റെ ധൂർത്തും ‘പെയ്ഡ് ന്യൂസ്’ വിവാദവും ശക്തമാകുന്നു

New Update
kifb pinarayi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വമ്പൻ പരസ്യ ക്യാമ്പയിനുമായി സർക്കാർ.

Advertisment

പത്ര-ദൃശ്യ-ഡിജിറ്റൽ മാധ്യമങ്ങൾക്ക് പുറമേ ഹോർഡിങ്ങുകൾ, കെ.എസ്.ആർ.ടി.സി ബസുകൾ, ട്രെയിനുകൾ എന്നിവയിലും വൻതോതിൽ പരസ്യം ചെയ്യുന്നു.


സർക്കാർ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും കെ.എസ്.ആർ.ടി.സി ബസുകളിലെ പരസ്യങ്ങൾക്ക് മാത്രം 75 കോടി രൂപയാണ് ചെലവിടുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.


മുൻപ് പരസ്യം ചെയ്ത വകയിൽ വൻതുക മാധ്യമങ്ങൾക്ക് നൽകാനുളളത് കൊണ്ട് മലയാള മനോരമ പോലെയുളള മുൻനിര ദിനപത്രങ്ങൾ സർക്കാർ പരസ്യം സ്വീകരിക്കുന്നില്ല. ഇതേ തുടർന്ന് കുടിശിക തുകയിൽ നല്ലൊരു ശതമാനം അനുവദിച്ചിട്ടുണ്ട്.

kifb cabinaet

സർക്കാരിന് പരസ്യത്തിന് ചെലാവാക്കാനാവുന്ന തുകയ്ക്ക് പരിമിതി ഉളളതിനാൽ കിഫ്ബി വഴിയാണ് വൻകിട പരസ്യങ്ങൾ നൽകുന്നത്.

മുൻനിര ടെലിവിഷൻ ചാനലുകളിൽ മന്ത്രിമാരുടെ പെയ്ഡ് ഇൻറർവ്യു, ജില്ലകളുടെ വികസന നേട്ടങ്ങൾ സംബന്ധിച്ച പ്രത്യേക പരിപാടികൾ എന്നിവക്ക് വേണ്ടിയാണ് കിഫ്ബിയിൽ നിന്ന് പണമൊഴുക്കുന്നത്.


മന്ത്രിമാരുടെ ഇൻറർവ്യു സംപ്രേഷണം ചെയ്യുന്നതിനായി ഏഷ്യാനെറ്റ് ന്യൂസ് അടക്കമുളള ചാനലുകളുമായി കരാർ ഉണ്ടാക്കിക്കഴിഞ്ഞു.


ഏറ്റവും കുറഞ്ഞത് ഒന്നര കോടി രൂപ വീതമാണ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കിഫ്ബി ചാനലുകൾക്ക് നൽകുന്നത്. മന്ത്രിമാരുടെ അഭിമുഖം കൂടാതെ കിഫ്ബി സി.ഇ.ഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ.കെ.എം. എബ്രഹാമിൻെറ അഭിമുഖവും ചില ചാനലുകളിൽ വരുന്നുണ്ട്.

ഇതെല്ലാം പരസ്യ സ്വഭാവത്തിലുളള സ്പോൺസർഷിപ്പ് പ്രോഗ്രാമുകളാണ്. പെയ്ഡ് ന്യൂസിനെപ്പറ്റി നിരന്തരം ആക്ഷേപങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്ന ഇടതുപക്ഷം നിയന്ത്രിക്കുന്ന സർക്കാരാണ് ഇത്തരത്തിൽ പണം ചെലവഴിക്കുന്നത് എന്നതാണ് ഏറെ വിചിത്രമായ കാര്യം.


2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കിഫ്ബി വഴി വൻതുകയുടെ പരസ്യങ്ങൾ നൽകിയിരുന്നു. 140 മണ്ഡലങ്ങളിലെയും വികസന നേട്ടങ്ങൾ പറയുന്ന 10മിനിറ്റ് ദൈർഘ്യമുളള എപിസോഡുകൾ സംപ്രേഷണം ചെയ്യുന്നതിനാണ് 2021ൽ കിഫ്ബി വഴി കോടികൾ ഇറക്കിയത്.


അതേ മാതൃകയിലാണ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കിഫ്ബിയെ കളത്തിലിറക്കിയിരിക്കുന്നത്.

G

അടിസ്ഥാന സൌകര്യവികസന പദ്ധതികൾക്കായി വായ്പയെടുത്ത തുകയിൽ നിന്നാണ് കിഫ്ബി രാഷ്ട്രീയലക്ഷ്യം വെച്ചുളള പരസ്യങ്ങൾക്ക് വേണ്ടി കിഫ്ബി കോടികൾ ചെലവിടുന്നത്.

ബജറ്റിന്  പുറത്തുളള  സാമ്പത്തിക സ്രോതസായാണ് കിഫ്ബിയെ വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് കിഫ്ബിയുടെ വായ്പകൾ തിരിച്ചടക്കുന്നത്.

സർക്കാരിന് ലഭിക്കുന്ന മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും കിഫ്ബിയുടെ അക്കൌണ്ടിലേക്കാണ് പോകുന്നത്. ഇതിനുപുറമേ ഇന്ധന സെസായി പിരിക്കുന്ന തുകയും സർക്കാർ കിഫ്ബിക്ക് നൽകുന്നുണ്ട്.


ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പരസ്യത്തിനായി കിഫ്ബി പണം ധൂർത്തടിക്കുമ്പോൾ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻകടഭാരമാണ്.


90000 കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുത്തിരിക്കുന്നു കിഫ്ബിക്ക് ഇവ പൂർത്തിയാകുന്നവേളയിൽ പണം നൽകേണ്ടതുണ്ട്.അതിനൊക്കെയുളള പണം എവിടെ നിന്ന് ലഭിക്കും എന്നതാണ് ധനപരമായ ആശങ്ക.

ഏത് മുന്നണി ജയിച്ചാലും അടുത്ത സർക്കാരിനെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ബാധ്യതയാണെന്ന കാര്യം ഉറപ്പാണ്. പരസ്യകരാർ ലഭിച്ചിരിക്കുന്ന പല ഏജൻസികളും സിപിഎമ്മിൻെറ പിന്തുണയുളളതാണെന്ന് ആക്ഷേപമുണ്ട്.

kerala toll road s kifb

സോഷ്യൽ മീഡിയാ പരസ്യ കാമ്പയിൻ കരാർ ലഭിച്ചിരിക്കുന്നതും സർക്കാരുമായും പാർട്ടിയുമായും അടുത്ത ബന്ധമുളളവരാണ്. 


വൻതുക ചെലവഴിച്ചുളള പരസ്യങ്ങളിലൂടെ സർക്കാരിൻെറ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനാകുമെന്നാണ് സർക്കാരിൻെറ പ്രതീക്ഷ.


വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര വാർത്താ പ്രധാന്യം ലഭിക്കാതെ വരുന്നതും പരസ്യം നൽകാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്.

സർക്കാരിൻെറ ഭരണപരമായ തീരുമാനങ്ങൾക്കും മാധ്യമങ്ങളിൽ കാര്യമായ പരിഗണന ലഭിക്കാതെ പോകുന്നതായി വിമർശനമുണ്ട്.

മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിപക്ഷവും സർക്കാരിനെതിരായ സമീപനം സ്വീകരിക്കുന്നവരാണെന്നാണ് സിപിഎമ്മിൻെറ സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസവും ചൂണ്ടിക്കാട്ടിയത്.

എതിർ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങളെ പരസ്യം നൽകി സർക്കാരിൻെറ വികസന നേട്ടങ്ങൾ പ്രസിദ്ധീകരിക്കാനും സംപ്രേഷണം ചെയ്യാനും നിർബന്ധിതമാക്കുന്നതിൽ ഒരു മധുര പ്രതികാരവും ഒളിഞ്ഞിരിക്കുന്നുണ്ട്.

Advertisment