/sathyam/media/media_files/6hzREOsEjOGogcK9uspq.jpg)
മേപ്പാടി: മുണ്ടക്കൈയില്‍ നൊമ്പരമായി പ്രജീഷ്. ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയപ്പോള്‍ കഴിയുന്നവരെയെല്ലാം രക്ഷപ്പെടുത്തിയ ശേഷം മരണത്തിലേക്ക് മറയുകയായിരുന്നു ഈ യുവാവ്. മൂന്നാം റൌണ്ട് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ജീപ്പെടുത്ത് പോയ പ്രജീഷ് പക്ഷേ ജീവനോടെ മടങ്ങി വന്നില്ല. മൂന്നാം ശ്രമത്തില്‍ ആരെയും രക്ഷപ്പെടുത്താനും ഈ യുവാവിന് ആയില്ല.
അവന്‍ എല്ലാവര്‍ക്കും വലിയ സഹായിയായിരുന്നു. കപ്പിയും കയറുമായി ഏത് മലയും കയറും. എല്ലായിടത്തും ഓടിയെത്തും. പക്ഷേ അവന്‍ ഇപ്പോള്‍ കൂടെയില്ല, അതാണ് ഏറ്റവും വലിയ സങ്കടമെന്ന് പറയുകയാണ് സുഹൃത്തുക്കള്‍.
ഉരുള്‍പൊട്ടിയതോടെ രണ്ട് തവണയായി കുറേയേറെ പേരെ പ്രജീഷ് രക്ഷപ്പെടുത്തി. കുടുംബത്തെയെല്ലാം സുരക്ഷിതമാക്കിയിരുന്നു, അവരെല്ലാം രക്ഷപ്പെട്ടു.
വീണ്ടും പോകാനിരുന്നപ്പോള്‍ കൂട്ടുകാര്‍ തടഞ്ഞു. പക്ഷേ തന്നെ തടയേണ്ട, കുറേപേര്‍ കുടുങ്ങിക്കിടക്കുകയാണ്, തനിക്ക് പോയെ പറ്റൂ എന്ന നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു അവന്‍ ജീപ്പെടുത്ത് പോയത്.
ചൂരല്‍മല പാലത്തിലേക്ക് എത്തും മുമ്പ് വണ്ടിയടക്കം ഉരുളവനെ കൊണ്ടുപോയി. മൃതദേഹം കിട്ടി. കൂട്ടുകാര്‍ അവന് ശ്മശാനത്തില്‍ അന്ത്യയാത്ര നല്‍കി.