കൊച്ചി മുസിരിസ് ബിനാലെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി ഓഫീസ് ഉപദേഷ്ടാവ് തരുൺ കപൂർ

New Update
Pic. .1
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി) ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് വലിയ പ്രചോദനമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉപദേഷ്ടാവ് തരുൺ കപൂർ പറഞ്ഞു. ബിനാലെ വേദിയായ ആസ്പിൻവാൾ ഹൗസിലെ ഡയറക്‌ടേഴ്‌സ് ബംഗ്ലാവ്, കയർ ഗോഡൗൺ എന്നിവിടങ്ങളിലെ കലാസൃഷ്ടികൾ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി കൂടിയായ തരുൺ കപൂർ ഫോർട്ട് കൊച്ചിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയതാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ബി കാശിവിശ്വനാഥനൊമൊപ്പമാണ് അദ്ദേഹം ബിനാലെ സന്ദര്‍ശിക്കാനെത്തിയത്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സിഇഒ തോമസ് വർഗീസ് വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

ബിനാലെയുടെ ആറാം പതിപ്പിന്റെ പ്രമേയമായ 'ഫോർ ദി ടൈം ബീയിംഗ്'എന്ന ആശയത്തോട് ചേർന്നുനിൽക്കുന്ന കലാസൃഷ്ടികള്‍ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കലാസൃഷ്ടികളുടെ ആശയങ്ങൾ, രൂപഭംഗി, ആഴം, വലുപ്പം, സൗന്ദര്യശാസ്ത്രം എന്നിവയെല്ലാം ആകര്‍ഷിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

കലാസൃഷ്ടികളെ ആഴത്തില്‍ മനസിലാക്കാനും അതെക്കുറിച്ച് കൂടുതൽ സംസാരിക്കാനും ഈ സന്ദർശനം മതിയാകില്ലെന്ന് തരുണ്‍ കപൂര്‍ പറഞ്ഞു. ആർട്ട് മീഡിയേറ്റർ അരുന്ധതി കാർത്തിക് ആണ് വിശിഷ്ടാതിഥികള്‍ക്ക് കലാസൃഷ്ടികള്‍ വിശദീകരിച്ച് നല്‍കിയത്. പഞ്ചേരി ആര്‍ട്ടിസ്റ്റ് യൂണിയന്‍, ധീരജ് രാഭ, ബിരേന്ദർ യാദവ്, ആർ ബി ഷാജിത്, കീർത്തിക കെയ്‌ന്‍, പല്ലവി പോള്‍, ബിരാജ് ദോഡിയ, സറീന മുഹമ്മദ്, മറീന അബ്രമോവിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എംഎഐ) ആർക്കൈവുകള്‍, അബുൽ ഹിഷാം ഫൈസ ഹസ്സൻ തറയിൽ, സ്മിത ബാബു, അഞ്ജ ഇബ്ഷ്, ഹുമ മുൽജി, രത്ന ഗുപ്ത, ഭാഷ ചക്രവർത്തി തുടങ്ങിയവരുടെ സൃഷ്ടികളും പ്രതിഷ്ഠാപനങ്ങളും അദ്ദേഹത്തെ ആകര്‍ഷിച്ചു.
Advertisment
Advertisment