കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു.
രണ്ടാം ഘട്ട പ്രചാരണത്തിനായി പ്രിയങ്ക ഇന്ന് വയനാട്ടിലെത്തി. ഇന്നും നാളെയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും. മീനങ്ങാടിയിലായിരുന്നു ആദ്യപരിപാടി.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു. മനുഷ്യന്‍ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടില്‍ കണ്ടില്ല.
വയനാട്ടിലെ ജനങ്ങള്‍ പോരാട്ടത്തിന്റെ ചരിത്രം ഉള്ളവരാണ്. വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലം.
ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയില്‍ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി ഞാന്‍ മാറുമെന്നും പ്രിയങ്ക പറഞ്ഞു.
താളൂര്‍ നീലഗിരി കോളജില്‍ 11.50 ഓടെയാണ് പ്രിയങ്കയുമായി ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. വയനാട്ടിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹത്തിന് നന്ദിയെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.
2.30ന് പനമരം, 4.30ന് പൊഴുതന എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നടക്കും. നാളെ 9.30ന് ഈങ്ങാപ്പുഴ, 12.30ന് തെരട്ടമ്മല്‍, 3ന് മമ്പാട്, 4.30ന് ചുങ്കത്തറ എന്നിവിടങ്ങളിലാണു യോഗം.