പ്രിയങ്ക ഗാന്ധിയുടെ സ്വീകരണ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചു മുസ്ലിം ലീഗ്. നേതാക്കൾ ഉൾപ്പെടെ പലരും ചടങ്ങുകൾ ബഹിഷ്ക്കരിച്ചു. അനുനയ നീക്കവുമായി കെ പി സി സി നേതൃത്വം

കോണ്‍ഗ്രസിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രിയങ്കയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ലീഗ് പ്രതിനിധികള്‍ എത്തിയില്ല

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
Untitledtrrmp

വയനാട്:  കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്ലിം ലീഗ് നേതാക്കളെ  അവഗണിച്ചതില്‍ യുഡിഎഫില്‍ അതൃപ്തി.  

Advertisment

പ്രിയങ്കയുടെ സ്വീകരണ പരിപാടിയുടെ വിവരങ്ങള്‍ ലീഗിനെ ഔദ്യോഗികമായി അറിയില്ലെന്നാണ് ആക്ഷേപം. പരിപാടിയിലേക്ക് മുതിര്‍ന്ന നേതാക്കളെ ആരെയും ക്ഷണിച്ചില്ലെന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചരണ ഘട്ടങ്ങളില്‍ എല്ലാം നിറഞ്ഞു നിന്നത് ലീഗിന്റെ പ്രവര്‍ത്തകരായിരുന്നു. 

വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടിയ ശേഷം ആദ്യമായാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്. എന്നാല്‍ സന്ദര്‍ശന തീയ്യതി ലീഗ് നേതൃത്വവുമായി കെ.പിസിസി കൂടിയാലോചിച്ചില്ലെന്നാണ് ആക്ഷേപം. 


പ്രചാരണ ഘട്ടത്തില്‍ മുന്നണിയിലുണ്ടായിരുന്ന കൂടിയാലോചനയും ഏകോപനവും ഇപ്പോഴത്തെ സന്ദര്‍ശനത്തിലുണ്ടായില്ലെന്നാണു പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ പറയുന്നത്. വയനാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ ലീഗ് മലപ്പുറം ജി ല്ലാ പ്രസിഡന്റായ  പാണക്കാട് അബ്ബാസലി തങ്ങളാണ്. 


priyanka gandhi oath

അതുകൊണ്ടുതന്നെ സ്വീകരണച്ചടങ്ങിലും ലീഗ് നേതാക്കളുടെ പ്രാതിനിധ്യം കെപിസിസി ഉറപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല.  സാധാരണ പ്രിയങ്കയും രാഹുലും മലബറില്‍ എത്തുമ്പോള്‍ ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ എന്നിവരെ ക്ഷണിക്കാറുണ്ട്. 

എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇതാണ് വിമര്‍ശനത്തിനിടയാക്കിയത്. കോണ്‍ഗ്രസിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രിയങ്കയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ലീഗ് പ്രതിനിധികള്‍ എത്തിയില്ല. 

കരുളായിയിലെ വേദിയില്‍ പി.വി.അബ്ദുല്‍ വഹാബ് എംപിയും വണ്ടൂരില്‍ ഇ.ടി.മുഹമ്മദ് ബഷീറും പങ്കെടുക്കേണ്ടതായിരുന്നെങ്കിലും ഇരുവരും എത്തിയില്ല. അവഗണിച്ചതില്‍ പാര്‍ട്ടിക്കുള്ള കടുത്ത നീരസം ഔദ്യാഗികമായി തന്നെ കെപിസിസി പ്രസിഡണ്ടിനെ അറിയിക്കാനാണ് നീക്കം. 

എന്നാല്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടി യും വിദേശത്താണ് എന്നതിനാലാണ് ക്ഷണിക്കാതിരുന്നത് എന്നാണ് കെപിസിസി ഔദ്യോഗിക ഭാരവാഹികള്‍ അറിയിക്കുന്നത് എന്നാല്‍ ഇത് അംഗീകരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

Advertisment