/sathyam/media/media_files/ZO7L9GrH2XNyqEFoEOoe.webp)
തിരുവനന്തപുരം: സസ്പെൻസിന് അന്ത്യം കുറിച്ച് രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിച്ച് റായ്ബറേലിയിൽ ഉറയ്ക്കുമ്പോൾ മണ്ഡലത്തിലേക്കുളള പ്രിയങ്ക ഗാന്ധിയുടെ വരവ് മറ്റൊരു സസ്പെൻസായി. രാഹുൽ ഗാന്ധി ഒഴിയുന്ന മണ്ഡലത്തിൽ അദ്ദേഹത്തിൻെറ സഹോദരി പ്രിയങ്ക തന്നെ മത്സരിക്കാൻ വരുമ്പോൾ വയനാടിനെ കൈയ്യൊഴിയാൻ ഗാന്ധി കുടുംബം തയാറല്ലെന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നത്. രാഹുൽ ഗാന്ധി ഒഴിയുമ്പോൾ മറ്റേത് നേതാവ് പകരം വന്നാലും വയനാടിനെ കൈയ്യൊഴിഞ്ഞു എന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചരണത്തെ ഫലപ്രദമായി നേരിടാനാവില്ല. എന്നാൽ സ്വന്തം കുടുംബത്തിൽ നിന്ന് സഹോദരിയെ തന്നെ വയനാട്ടിലേക്ക് അയക്കുമ്പോൾ, വയനാട്ടുകാർക്ക് ഒപ്പം എക്കാലത്തും ഉണ്ടാകും എന്ന രാഹുലിൻെറ വാക്ക് പാലിക്കാൻ കഴിഞ്ഞെന്ന് ശക്തമായി തന്നെ പ്രതിരോധിക്കാനാവും.
മാത്രമല്ല, വയനാടിനെ എത്രമാത്രം കരുതലോടെയാണ് ഗാന്ധി കുടുംബം പരിഗണിക്കുന്നതെന്ന മറുവാദം ഉയർത്താനും കഴിയും. ഇതെല്ലാമാണ് പ്രിയങ്ക ഗാന്ധിയെ വയനാട്ടിലേക്ക് അയക്കുന്നതിലൂടെ കോൺഗ്രസ് നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്. വയനാട് ഉപേക്ഷിച്ച് റായ് ബറേലിയിൽ നിലയുറപ്പിക്കാനുളള രാഹുൽ ഗാന്ധിയുടെ തീരുമാനം അപ്രതീക്ഷിതമല്ല. എന്നാൽ സംഘടനാ പദവികളിലും പ്രചാരണ പരിപാടികളിലും മാത്രം ഒതുങ്ങി, സഹോദരൻെറ നിഴലായി ഒതുങ്ങി നിന്നിരുന്ന പ്രിയങ്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നത് അപ്രതീക്ഷിതമായിരുന്നു.
ഗാന്ധി കുടുംബാംഗം എന്ന നിലയിലും രാഹുലിൻെറ സഹോദരി എന്ന നിലയിലും പ്രിയങ്ക സ്ഥാനാർത്ഥി ആകുന്നതിനെ കോൺഗ്രസിൽ ആരും എതിർക്കില്ല. പ്രിയങ്ക അല്ലാതെ പുതിയൊരാളെ കണ്ടെത്താനായിരുന്നു തീരുമാനമെങ്കിൽ അതാകില്ല സ്ഥിതി. പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും സ്ഥാനാർത്ഥിയാകാൻ വേണ്ടി കടുത്ത സമ്മർദ്ദം ഉണ്ടാകുമെന്ന് ഉറപ്പാണ്.
രാഹുലിൻെറ തീരുമാനം പുറത്തുവരുന്നതിന് മുൻപ് തന്നെ അതിൻെറ സൂചനകൾ കണ്ടുതുടങ്ങിയിരുന്നു. കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലുളള സുന്നി വിഭാഗം മുസ്ലിം ഭൂരിപക്ഷമുളള വയനാട്ടിൽ കോൺഗ്രസ് മുസ്ലിം സമുദായത്തിൽ നിന്നുളള സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത് ഇതിൻെറ ഉദാഹരണമാണ്. എന്നാൽ രാഹുലിന് പകരം പ്രിയങ്ക വരുമ്പോൾ അത്തരം പ്രശ്നങ്ങളൊന്നുമില്ല. മോദി സർക്കാരിനും ബി.ജെ.പിക്കും എതിരെ പൊരുതുന്ന കോൺഗ്രസിൻെറ മുന്നണി പോരാളിയെന്ന നിലയിൽ എല്ലാവിഭാഗങ്ങൾക്കും സ്വീകാര്യയുമാണ്.
അമേഠിയിൽ പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് 2019ൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്തുന്നത്. 4.34ലക്ഷം വോട്ടിൻെറ ചരിത്ര ഭൂരിപക്ഷം നൽകിയാണ് വയനാട് രാഹുലിന് സംരക്ഷണം ഒരുക്കിയത്. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാടിനൊപ്പം റായ്ബറേലിയിൽ കൂടി മത്സരിച്ച രാഹുൽ 3.9 ലക്ഷം വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇന്ദിരാ ഗാന്ധിയും സോണിയാഗാന്ധിയും പ്രതിനിധീകരിച്ച മണ്ഡലമെന്ന നിലയ്ക്ക് റായ്ബറേലിയുമായി അഭേദ്യമായ ബന്ധമാണുളളത്. ഉത്തർ പ്രദേശിലെ ബി.ജെ.പി മുന്നേറ്റത്തിന് തടയിട്ടത് റായ് ബറേലിയിലെ രാഹുലിൻെറ സാന്നിധ്യമായിരുന്നു.
റായ്ബറേലിയിലേക്കുളള രാഹുലിൻെറ വരവിൽ അമേഠിയും തിരിച്ചുപിടിക്കാനായി. സ്മൃതി ഇറാനി എന്ന കേന്ദ്രമന്ത്രിയെ തോൽപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് അമേഠിയിൽ വിജയക്കൊടി പാറിച്ചത്. ഈ സാഹചര്യത്തിൽ ഉത്തരേന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ തന്നെ രാഹുൽ നിലയുറപ്പിക്കേണ്ടത് കോൺഗ്രസിൻെറയും ഇന്ത്യാ മുന്നണിയുടെയും ഭാവി രാഷ്ട്രീയ നീക്കങ്ങൾക്കും അത്യന്താപേക്ഷിതമാണ്.
ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് റായ്ബറേലി നിലനിർത്താൻ തീരുമാനിക്കുമ്പോഴും വയനാടിനെ കൈവിട്ടു എന്ന പ്രചരണം വരാൻ അവസരം കൊടുക്കരുതെന്ന് കോൺഗ്രസ് ഹൈക്കമാൻഡിന് നിർബന്ധമുണ്ടായിരുന്നു. അതാണ് ഇതുവരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാൽവെയ്ക്കാത്ത പ്രിയങ്കയെ തന്നെ വയനാടിൻെറ കളത്തിലിറക്കുന്നത്.
രാഹുൽ ഗാന്ധിയുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചെന്ന് ബോധ്യമുളള കേരളത്തിലെ നേതാക്കളും ഗാന്ധി കുടുംബത്തിൽ നിന്നുളള ഒരാൾ വയനാട്ടിൽ എത്തണമെന്ന് സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. അതിൻെറ ചാലക ശക്തിയായി പ്രവർത്തിച്ചത് സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ്. രാഹുൽ അല്ലെങ്കിൽ പ്രിയങ്കയുടെ സാന്നിധ്യം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കെ.സി. വേണുഗോപാലിന് നല്ല തിരിച്ചറിവുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രിയങ്കയുടെ വയനാട്ടിലെ സാന്നിധ്യം ഗുണകരമാകുമെന്ന കണക്കുകൂട്ടലും കെ.സി.വേണുഗോപാലിനുണ്ട്.