സ്റ്റാന്‍ഫോര്‍ഡിന്‍റെ ഗ്ലോബല്‍ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം നേടി കേരളത്തില്‍ നിന്നുള്ള പ്രൊഫ. അനില്‍ സുകുമാരന്‍

New Update
Prof
തിരുവനന്തപുരം: സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ 2025 ലെ ഗ്ലോബല്‍ ഡാറ്റാബേസില്‍ ഇടം പിടിച്ച് കേരളത്തില്‍ നിന്നുള്ള ദന്തചികിത്സാ ഗവേഷകനായ പ്രൊഫ. അനില്‍ സുകുമാരന്‍. ഏറെ പ്രമുഖമായ ആഗോള റാങ്കിങ്ങാണിത്. ലോകത്തിലെ ഏറ്റവും മുന്‍നിരക്കാരായ രണ്ട് ശതമാനത്തോളം മാത്രം വരുന്ന ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് അനില്‍ സുകുമാരന്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
Advertisment

തിരുവനന്തപുരം ഗവണ്‍മെന്‍റ് ഡെന്‍റല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രൊഫ. അനില്‍, ഖത്തര്‍ സര്‍വകലാശാലയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ദന്തചികിത്സാ വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റും പ്രൊഫസറും ഹോസ്പിറ്റല്‍ റിസര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍മാനുമായാണ് നിലവില്‍ സേവനം അനുഷ്ഠിക്കുന്നത്.
 
സ്റ്റാന്‍ഡേര്‍ഡ് സൈറ്റേഷന്‍ മെട്രിക്സ് അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. ദീര്‍ഘകാലത്തെ ഗവേഷണ ഫലങ്ങളും ശാസ്ത്രീയ സംഭാവനകളും വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഗവേഷകരുടെ പ്രസിദ്ധീകരണങ്ങളും അവയുടെ ഉദ്ധരണികളെയും അടിസ്ഥാനമാക്കി ദീര്‍ഘകാല സ്വാധീനം വിലയിരുത്തുന്ന സി-സ്കോര്‍ എന്ന മാനദണ്ഡമാണ് ഉപയോഗിച്ചത്. 22 ശാസ്ത്രീയ മേഖലകകളായും 174 ഉപമേഖലകളായും പട്ടിക തരംതിരിച്ചിട്ടുണ്ട്.

പ്രൊഫ. അനിലിന്‍റെ കൃതികള്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ വ്യാപകമായി ഉദ്ധരിക്കുകയും പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് പട്ടികയില്‍ ഇടം പിടിച്ചത് തെളിയിക്കുന്നത്. ദന്തചികിത്സാ മേഖലയില്‍ ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ദന്ത ഗവേഷകരില്‍ നിന്ന് മുന്‍നിരയിലേക്ക് അദ്ദേഹത്തെ ഈ റാങ്കിംഗ് ഉയര്‍ത്തുന്നു.

മെറ്റീരിയല്‍ സയന്‍സ് (കോമ്പോസിറ്റുകള്‍, ഇംപ്ലാന്‍റ്സ്), പൊതുജനാരോഗ്യം (ഓറല്‍ രോഗങ്ങളുടെ പകര്‍ച്ചവ്യാധി), അടിസ്ഥാന ശാസ്ത്രം (മൈക്രോബയോളജി, ഇമ്മ്യുണോളജി), ക്ലിനിക്കല്‍ സ്പെഷ്യാലിറ്റികള്‍ (പീരിയോണ്‍ഡോളജി, എന്‍ഡോഡോണ്ടിക്സ്) എന്നിങ്ങനെ വളരെ വിശാലമായ മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് ദന്ത ഗവേഷണം. തന്‍റെ ഗവേഷണങ്ങളുടെ സാര്‍വ്വത്രിക സ്വാധീനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.

തിരുവനന്തപുരം ഗവണ്‍മെന്‍റ് ഡെന്‍റല്‍ കോളേജില്‍ നിന്ന് പീരിയോണ്‍ഡോളജിയില്‍ എംഡിഎസ് നേടിയ ശേഷം പീരിയോഡോണ്ടിക്സ്/ഓറല്‍ മൈക്രോബയോളജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കി. വിവിധ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ അധ്യാപകനായും മുഖ്യ ഗവേഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് പാത്തോളജിസ്റ്റ്, എഡിന്‍ബര്‍ഗിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ്, ഗ്ലാസ്ഗോയിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ആന്‍ഡ് ഫിസിഷ്യന്‍സ്, യുഎസ്എ യിലെ ഇന്‍റര്‍നാഷണല്‍ കോളേജ് ഓഫ് ഡെന്‍റിസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് ഫെലോഷിപ്പുകളും അദ്ദേഹം നേടിയിട്ടുണ്ട്.
 
ദോഹയിലെ ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ഡെന്‍റിസ്ട്രി പ്രൊഫസര്‍, 2017 മുതല്‍ പീരിയോണ്‍ഡിക്സ് ആന്‍ഡ് ഇംപ്ലാന്‍റ് ഡെന്‍റിസ്ട്രിയില്‍ പ്രൊഫസറും കണ്‍സള്‍ട്ടന്‍റും. ചെന്നൈയിലെ സവീത യൂണിവേഴ്സിറ്റി, കോളേജ് ഓഫ് ഡെന്‍റിസ്ട്രി, സൗദി അറേബ്യയിലെ ജസാന്‍ യൂണിവേഴ്സിറ്റിയിലെ പീരിയോണ്‍ഡിക്സ് ആന്‍ഡ് ഇംപ്ലാന്‍റ് ഡെന്‍റിസ്ട്രി എന്നിവിടങ്ങളില്‍ പ്രൊഫസറും കണ്‍സള്‍ട്ടന്‍റും, സൗദി അറേബ്യയിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലെ പീരിയോണ്‍ഡിക്സ് ആന്‍ഡ് ഇംപ്ലാന്‍റ് ഡെന്‍റിസ്ര്ടിയില്‍ പ്രൊഫസറും കണ്‍സള്‍ട്ടന്‍റും (2008-2015) തുടങ്ങിയ അക്കാദമിക് പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

പെരിയോഡോന്‍റല്‍ ഡിസീസ് ഇമ്മ്യൂണോളജി, പീരിയോഡോന്‍റല്‍ ഡിസീസ് ആന്‍ഡ് സിസ്റ്റമിക് ഹെല്‍ത്ത്, ഓസിയോ ഇന്‍റഗ്രേഷന്‍ ആന്‍ഡ് പീരിയോഡോണ്ടല്‍ റീജനറേഷന്‍, ഓറല്‍ മൈക്രോബയോളജി തുടങ്ങിയ മേഖലകളിലാണ് നിലവില്‍ അദ്ദേഹത്തിന്‍റെ ഗവേഷണം.

കിംഗ് സൗദ് സര്‍വകലാശാലയുടെ ഗവേഷണത്തിനുള്ള ഗോള്‍ഡന്‍ ക്വില്‍ അവാര്‍ഡ്, ഇന്ത്യന്‍ ഡെന്‍റല്‍ അസോസിയേഷന്‍റെ ഡോ. രത്തന്‍ എച്ച് ഡോക്ടര്‍ മെമ്മോറിയല്‍ നാഷണല്‍ അവാര്‍ഡ് (1991), ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്ത്യ-യംഗ് അച്ചീവര്‍ അവാര്‍ഡ് (1991) തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളില്‍ ഉള്‍പ്പെടുന്നു.
 
Advertisment