വനിതാ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങള്‍ക്ക് 4 ശതമാനം പലിശ സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

ടൂറിസത്തില്‍ സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുന്ന പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്

New Update
pa muhannad riyaz
തിരുവനന്തപുരം: ടൂറിസം മേഖലയില്‍ വനിതകള്‍ക്ക് വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 4 ശതമാനം പലിശ സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ടൂറിസം മേഖലയില്‍ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പകള്‍ക്ക് സബ്സിഡി നല്‍കാന്‍ തീരുമാനിച്ചത്. ഇന്‍ററസ്റ്റ് സബ് വെന്‍ഷന്‍ പ്രോജക്ട് 2025-26 എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവായി.
Advertisment


നിലവില്‍ കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ (കെആര്‍ടിഎംഎസ്) രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായിട്ടാണ് സബ്സിഡി നല്‍കുന്നത്.

വായ്പാ തുക എത്രയായാലും പരമാവധി 15 ലക്ഷം രൂപ വരെയാണ് 4 ശതമാനം പലിശ സബ്സിഡി ലഭ്യമാകുക. ഈ വായ്പാ പദ്ധതിയില്‍ പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, ജനറല്‍ വിഭാഗക്കാര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്കും 4 ശതമാനം സബ്സിഡി ലഭിക്കും.

വിനോദസഞ്ചാര വകുപ്പിന്‍റെ കീഴിലുള്ള കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വനിതാ യൂണിറ്റുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമാണ് പദ്ധതി. കേരള വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയില്‍ കൂടുതല്‍ വനിതാ സംരംഭകര്‍ക്ക് കടന്നുവരാന്‍ ഈ പദ്ധതി പ്രോത്സാഹനമാകുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലയില്‍ സ്ത്രീകള്‍ നയിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ ആരംഭിച്ച് കേരളം രാജ്യത്തിന് മാതൃക സൃഷ്ടിച്ചിട്ടുണ്ട്. 2025-26 സാമ്പത്തികവര്‍ഷം കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിക്കായി സംസ്ഥാന ബജറ്റില്‍ അനുവദിച്ചിരിക്കുന്ന തുകയില്‍ 50% സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ്. സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായി മികച്ച ടൂറിസം ശൃംഖല സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോം സ്റ്റേ നടത്തിപ്പുകാര്‍, ടാക്സി ഓടിക്കുന്നവര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരെ പരസ്പരം ബന്ധപ്പെടുത്തി ഒരു ശൃംഖല രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കെആര്‍ടിഎംഎസ് സിഇഒ കെ. രൂപേഷ് കുമാര്‍ പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ടൂറിസം മാതൃക ശക്തിപ്പെടുത്തുന്നതില്‍ ആര്‍ടി മിഷന്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്, ഇത് പ്രാദേശിക സമൂഹങ്ങളെയും സാമൂഹികമായും സാമ്പത്തികമായും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ടൂറിസം മേഖലയിലെ വനിതാ സംരംഭകരെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും പുതിയ വനിതകളെ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇത് കേരളത്തിലെ ടൂറിസം മേഖലയിലെ വനിതാ ശാക്തീകരണ പ്രവര്‍ത്തനത്തിന് കൂടുതല്‍ ശക്തി പകരും.

Advertisment