New Update
/sathyam/media/media_files/2025/08/08/hggkiyu-2025-08-08-15-49-35.jpg)
തിരുവനന്തപുരം: അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ വര്‍ധനയ്ക്കെതിരെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി ഒത്തുചേര്‍ന്ന് പ്രതിഷേധിക്കണമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ദേശീയ കൈത്തറി ദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള കൈത്തറി-ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Advertisment
1990കളില്‍ ആഗോളവത്കരണത്തെയും സ്വതന്ത്ര വ്യാപാരത്തെയും പ്രോത്സാഹിപ്പിച്ച രാജ്യമാണ് അമേരിക്കയെന്നും എന്നാല്‍ ഇപ്പോള്‍ അതിനെതിരെ വലിയ തടസ്സങ്ങളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൈത്തറി അടക്കമുള്ള തൊഴില്‍ മേഖലകളെ സംരക്ഷിക്കാനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനും തീരുവ വര്‍ധനയ്ക്കെതിരായ പ്രതിഷേധിക്കേണ്ടത് അത്യാവശ്യമാണന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൈത്തറി മേഖലയ്ക്ക് കുറേക്കൂടി കാര്യക്ഷമമായി മുന്നോട്ടുപോകാനാകണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പുതിയ രീതികളും രൂപകല്‍പ്പനയും നടപ്പാക്കേണ്ടതുണ്ട്. മാറുന്ന അഭിരുചിക്കനുസരിച്ച് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനാകണം. മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ സ്കൂളുകളില്‍ കൈത്തറി യൂണിഫോം നടപ്പിലാക്കിയത് പ്രതിസന്ധിയിലായിരുന്ന കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തില്‍ നിര്‍ണായകമായി. തൊഴിലാളികളുടെ കൂലി ഓണത്തിനു മുമ്പ് നല്‍കും. ഹാന്‍റെക്സിന് 15 കോടി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന്‍റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഉദ്ഘാടനം ഈ വര്‍ഷമുണ്ടാകും. നാടുകാണിയിലെ ഡയിങ് യൂണിറ്റ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈത്തറി സഹകരണ സംഘങ്ങള്‍ക്കുള്ള സംസ്ഥാനതല, ജില്ലാതല അവാര്‍ഡ് വിതരണവും കൈത്തറി തൊഴിലാളികളെ ആദരിക്കലും മന്ത്രി നിര്‍വ്വഹിച്ചു.
പുതിയ രൂപകല്‍പ്പനയിലൂടെയും ആശയങ്ങളിലൂടെയും കൂടുതല്‍ പേരെ കൈത്തറി മേഖലയിലേക്ക് ആകര്‍ഷിക്കാനാകണമെന്ന് അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കൈത്തറി മേഖലയെ പിന്തുണയ്ക്കാനും വിപണി ഉറപ്പാക്കാനുമായുള്ള നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നപ്പാക്കുന്നതെന്ന് സ്വാഗതപ്രസംഗത്തില്‍ കൈത്തറി-ടെക്സ്റ്റൈല്‍സ് ഡയറക്ടര്‍ ഡോ. കെ.എസ് കൃപകുമാര്‍ പറഞ്ഞു.
എക്കോടെക്സ് ഹാന്‍ഡ് ലൂം കണ്‍സോര്‍ഷ്യം വി. ഗോപിനാഥന്‍, ഹാന്‍വീവ് ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍, കൈത്തറി സഹകരണ സംഘം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എം ബഷീര്‍, കൈത്തറി തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് പാറക്കുഴി സുരേന്ദ്രന്‍, കൈത്തറി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് സുബോധന്‍ ജി., കൈത്തറി തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം പ്രഭാകരന്‍ കൂവളശ്ശേരി, സഹകരണ സംഘം അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ബാഹുലേയന്‍ ഡി., ഐഐഎച്ച്ടി കണ്ണൂര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്‍. ശ്രീധന്യന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ദിനേശ് ആര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തിരുവനന്തപുരം ജില്ലയില്‍ പുതിയതായി അനുമതി ലഭിച്ച മൂന്ന് കൈത്തറി ക്ലസ്റ്ററുകളുടെ ഉദ്ഘാടനവും നടന്നു. കൈത്തറി മേഖലയിലെ കേരളത്തിന്‍റെ ദീര്‍ഘകാല പാരമ്പര്യം, ഗുണനിലവാരം, വൈവിധ്യം, പുതിയ പ്രവണതകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ദിനാഘോഷം സംഘടിപ്പിച്ചത്. വിവിധ ജില്ലകളിലെ കൈത്തറി ക്ലസ്റ്ററുകളുടെ നവീന ആശയങ്ങളിലുള്ള ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, ഐഐഎച്ച്ടി-സിസിഎഫ് ഡി കണ്ണൂരിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫാഷന്‍ ഷോ എന്നിവ ദിനാഘോഷത്തിലെ പ്രധാന പരിപാടികളായിരുന്നു.
കൈത്തറി മേഖലയെ അഭിസംബോധന ചെയ്യുന്ന വിവിധ വിഷയങ്ങളില്‍ ടെക്നിക്കല്‍ സെഷനുകള്‍ സംഘടിപ്പിച്ചു. 'ഭൗമസൂചിക പദവിയുടെ പ്രാധാന്യത്തോടെ കൈത്തറിക്ക് ആഗോള തിരിച്ചറിയല്‍' എന്ന വിഷയത്തില്‍ ഐഐഎച്ച്ടി കണ്ണൂരിലെ ടെക്നിക്കല്‍ സൂപ്രണ്ട് ബ്രിജേഷ് കെ.വി, 'കൈത്തറി വസ്ത്രങ്ങളുടെ വിപണന സാധ്യതകളി'ല്‍ കൊല്ലം ഐഎഫ്ടിയിലെ ഫാക്കല്‍റ്റി ഡോ. കരോലിന്‍ ബേബി, 'ഡിസൈന്‍- പ്രിന്‍റിംഗ് സാധ്യതകള്‍ ആയാസകരമായ നെയ്ത്തി'ല്‍ ഐഐഎച്ച്ടി സേലം സീനിയര്‍ ലക്ചര്‍ (റിട്ട.) ജി. സുകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കൈത്തറി തൊഴിലാളികളുടെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറി.
ഇന്ത്യന്‍ കൈത്തറി വ്യവസായത്തിന്‍റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും നെയ്ത്തുകാരുടെ സാമൂഹിക-സാമ്പത്തിക വികസനം ലക്ഷ്യമിട്ടുമാണ് ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്.