/sathyam/media/media_files/2025/08/19/biju-prabhakar-2025-08-19-17-39-52.jpg)
തിരുവനന്തപുരം: മനുഷ്യ ജീവനെക്കാൾ മറ്റൊരു ജീവികൾക്കും പ്രധാന്യം നൽകേണ്ടെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തിൽ ഇനിയും തെരുവ് നായ് ആക്രമങ്ങൾ തടയാൻ സംസ്ഥാന സർക്കാർ ഒരു നിമിഷം പോലും പാഴാക്കരുതെന്ന് മുൻ തിരുവനന്തപുരം കളക്ടർ ബിജു പ്രഭാകർ ഐഎഎസ് (റിട്ട) പറഞ്ഞു. സംസ്ഥാനത്തെ തെരുവ് നായ ആക്രമണങ്ങൾക്കെതിരെ കേരളത്തിലെ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ ( കോർവ കേരള) സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ജീവൻ അപഹരിക്കപ്പെടുന്ന വന്യ മൃഗങ്ങളെപ്പോലും കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ട്. കൂടാതെ പല പക്ഷികളേയും, മൃഗങ്ങളെ വരേയും കൊല്ലുകയും , ഭക്ഷിക്കുകയും ചെയ്യുന്നു. എന്നിട്ടും നമ്മുടെ പിഞ്ചു മക്കളെപ്പോലും അതി ക്രൂരമായി ആക്രമിക്കുകയും, പേ വിഷ ബാധയേറ്റ് മാരക രീതിയിൽ മരണങ്ങൾക്ക് കാരണമാകുന്ന തെരുവ് നായ്കക്കൾക്കെതിരെ നടപടി എടുക്കുന്നതിന് നിയമങ്ങൾ തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു.
1960 ൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിന് വേണ്ടി നിർമ്മിച്ച എബിസി ആക്ടിലെ സെക്ഷൻ 11- 3 (ബി)യിൽ പറയുന്നത് തന്നെ മരണ ചേമ്പറുകളിൽ വെച്ച് തെരുവ് നായ്ക്കളെ ഉൻമൂലനം ചെയ്യാമെന്നാണ്. അതിന് ഇപ്പോഴും നിയമ തടസമില്ല. എന്നാൽ കോടതികളിൽ വാദിച്ച് വാദിച്ച് എബിസി നിയമത്തിൽ മാറ്റം വരുത്തിയ ശേഷമേ ഇവയെ കൊല്ലാൻ കഴിയുമെന്ന രീതിയിൽ ഇതിന് വേണ്ടി പ്രവർത്തിക്കുന്ന തൽപര കക്ഷികൾ സ്ഥാപിച്ച് എടുക്കുകയായിരുന്നു. എന്നാൽ അത് തെറ്റായ വാദമാണ്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിന് വേണ്ടിയുള്ള നിയമത്തിലെ സെക്ഷൻ 11- 3 (ബി) പ്രകാരം സംസ്ഥാന സർക്കാർ ഒരു ഉത്തരവ് മാത്രം ഇറക്കിയാൽ മതി ഇത് പരിഹരിക്കാൻ. ഇതിന്റെ മറവിൽ മുഴുവൻ തെരുവ് നായ്ക്കളേയും കൊന്നൊടുക്കാൻ ആരും ആവശ്യപ്പെടുന്നില്ല. മനുഷ്യരെ കടിക്കുന്നവ, പേ പിടിച്ചവ , മനുഷ്യ ജീവ നാശത്തിന് കാരണമാകുന്നവ, മറ്റ് രീതിയിൽ ആക്രമിക്കുന്ന എന്നീ വിഭാഗങ്ങളിലെ തെരുവ് നായ്ക്കളെ ആദ്യ ഘട്ടത്തിൽ ഉത്മൂലനം ചെയ്യണം.
രണ്ടാം ഘട്ടമായി തെരുവ് നായ്ക്കളെ പിടികൂടി മൈക്രോ ചിപ്പ് ഘടിപ്പിച്ച് സ്റ്റെറിലൈസ് ചെയ്തു വിടുകയും, പിന്നീട് ഇവ ആക്രമണ കാരികൾ ആകുന്ന പക്ഷം അവയെ കൂടെ കൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിന് പകരം കേന്ദ്രം എബിസി ചട്ടം അമെന്റ് ചെയ്യാത്തത് കൊണ്ടാണ് ഇവിടെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റാത്തതെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണ്. അത് കൊണ്ട് പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് ആക്ട് അനുസരിച്ച് 11- 3 (ബി) പ്രകാരം സർക്കാർ ഉടൻ ഉത്തരവ് ഇറക്കണമെന്നും ബിജു പ്രഭാകർ ആവശ്യപ്പെട്ടു.
തെരുവ് പട്ടികളെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ് വീടുകളിലെ മാലിന്യങ്ങൾ കൊണ്ടു വന്ന് മനുഷ്യർ ഉപയോഗിക്കുന്ന തെരുവിൽ കൊണ്ട് നിക്ഷേപിക്കുന്നവർക്കെതിരെ നിലവിലുള്ള നിയമപ്രകാരം കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യുന്നവർക്ക് പിഴ ചുമത്തണം. അങ്ങനെ വരുമ്പോൾ ഇവയുടെ പ്രജജനം കുറയുയും ചെയ്യും.
പല വിഷയങ്ങൾക്കും കൂട്ടമായി കേരളത്തിൽ സർവ്വ കക്ഷി യോഗം ചേരുകയും, കേന്ദ്രത്തിൽ സർവ്വകക്ഷി സംഘം പോകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്രയേറെ ഗൗരവമേറിയ ഒരു വിഷയത്തിൽ സർവ്വകക്ഷി സംഘം യോഗം ചേരാത്തത് ഗുരുതരമാണ്. ഇത്രയും ഗുരുതരമായ വിഷയം ഉണ്ടായിട്ട് ജനപ്രതിനിധികൾ ഇതിനെതിരെ നിയമ സഭയിലോ, പാർലമെന്റിലോ പ്രതികരിച്ചിട്ടില്ല. ഒരു സർവ്വ കക്ഷി സംഘവും കേന്ദ്രത്തിലോ, സുപ്രീം കോടതിയിലോ സമീപിക്കാതെ പരസ്പരം കുറ്റം പറഞ്ഞു കൈ ഒഴിയുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ തലസ്ഥാത്ത് തെരുവ് നായ് പ്രശ്നം ഉണ്ടായപ്പോൾ കേസെടുത്ത സുപ്രീം കോടതി വരെ അതിനെതിരെ പ്രതികരിച്ചത് അധികാരികൾ കേൾക്കേണ്ട കാര്യമാണ്. ഇനിയും നമ്മുടെ പിഞ്ചോമനകളെ തെരുവ് നായ്ക്കകൾക്ക് വിട്ടു കൊടുക്കാതെ അടിയന്തിരമായി നടപടി കൈക്കൊള്ളമെന്നും ബിജു പ്രഭാകർ ആവശ്യപ്പെട്ടു. നിരത്തിലൂടെ നടക്കുന്നവർ , ബൈക്ക് യാത്രക്കാർ ഉൾപ്പെടെ സാധാരണക്കാരാണ് ഇത്തരം ആക്രമണങ്ങളിൽ ഇവയാകുന്നത്. അവർക്ക് നീതി നിക്ഷേധിക്കുന്ന പക്ഷം തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സാധാരണക്കാരെ തള്ളിവിടാതെ അടിയന്തിരമായി തന്നെ പ്രശ്ന പരിഹാരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോർവ്വ പ്രസിഡന്റ് മുരളീധരൻ പുതുക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ , ജനറൽ സെക്രട്ടറി അജിത് കുമാർ, മുൻ സംസ്ഥാന പ്രസിഡന്റ് എംഎസ് വേണുഗോപാൽ , വർക്കിംഗ് പ്രസിഡന്റ് അനിൽ കുമാർ, വൈസ് പ്രസിഡന്റ് ബീരാൻ കോഴിക്കോട്, ഫ്രാറ്റ് ജനറൽ സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.