ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും. 2019-ലെ തട്ടിപ്പ് നടത്തിയ സംഘത്തെ തന്നെ വീണ്ടും അറ്റകുറ്റപ്പണിക്ക് നിയോഗിച്ചതില്‍ ദുരൂഹതയെന്ന് ഹൈക്കോടതി. പ്രശാന്ത് അധ്യക്ഷനായ ഭരണസമിതിയുടെ കാലത്തെ നടപടികളിലും അടിമുടി സംശയം. പ്രശാന്തിനും ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ട്. ഇക്കാലത്ത് ഇരുവരും വൻതോതിൽ സമ്പാദിച്ചെന്നും ആക്ഷേപം

New Update
ps prasanth

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ തിരുവിതാംകൂർ  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യംചെയ്യും.

Advertisment

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പി.എസ് പ്രശാന്തിനെ അറിയിച്ചിട്ടുണ്ട്.


2019 ലേതിന് സമാനമായി 2025 ലും ശബരിമല സന്നിധാനത്ത് നിന്ന് സ്വർണ്ണപ്പാളികൾ വീണ്ടും അറ്റകുറ്റ പണിക്കെന്ന പേരിൽ പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിലാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.


മുൻപൊരിക്കൽ ചോദ്യം ചെയ്തു വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ വീണ്ടുമെത്തിച്ച് സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാൻ ഏൽപ്പിച്ചതിൽ ദൂരൂഹതയുണ്ട്.

prasanth Untitledsyria

അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതിയുടെ ഇടക്കാല റിപോർട്ടിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചരുന്നു.

2019ൽ തട്ടിപ്പ് നടത്തിയ അതേ സംഘത്തെ തന്നെ വീണ്ടും അറ്റകുറ്റപ്പണിക്ക് നിയോഗിച്ചത് സംശയകരമാണെന്നായിരുന്നു ഇടക്കാല റിപോർട്ടിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.


നേരത്തെ സ്വർണക്കൊളള നടത്തിയ സംഘത്തെ തന്നെ വീണ്ടും അറ്റകുറ്റപ്പണിക്ക് നിയോഗിച്ചത് എങ്ങനെയെന്ന് കൃത്യമായി വിശദീകരിക്കാൻ പി.എസ് പ്രശാന്തിന് കഴിഞ്ഞിട്ടില്ല.


അറ്റകുറ്റപ്പണിയെ സംബന്ധിച്ച ചില രേഖകളിൽ ചില പൊരുത്തക്കേടുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

unnikrishnan

ചോദ്യം ചെയ്യലിനായി വൈകാതെ ഹാജരാകണമെന്നാണ് പി.എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് .ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം പ്രശാന്തിനെ ബന്ധപ്പെട്ട് ഹാജരാകാൻ അറിയപ്പ് നൽകിയത്.


പ്രശാന്ത് അധ്യക്ഷനായ ഭരണസമിതിയുടെ കാലത്തെ നടപടികളും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യമുണ്ട്.


പ്രശാന്തിനും ഉണ്ണികൃഷ്ണൻ പോറ്റിയുമായി  അടുത്ത ബന്ധമുണ്ടെന്നും ഭരണസമിതി അധ്യക്ഷനായിരുന്ന കാലത്ത് വൻതോതിൽ സമ്പാദിച്ചെന്നും ആക്ഷേപമുണ്ട്.

പി.എസ് പ്രശാന്തിൻെറ ഭരണസമതിയിൽ അംഗമായിരുന്ന എ.അജികുമാറിനും ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ട്.

അജികുമാറിൻെറ കുടുംബക്ഷേത്രത്തിന് ചുറ്റുവിളക്ക് നിർമ്മിച്ച് നൽകിയതും വീടുകൾ നിർമ്മിച്ച് നൽകിയതിലും സ്പോൺസറായി പ്രവർത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു.

k raghavan a padmakumar kp sankardas

എന്നാൽ അജികുമാറിനെ ഇനിയും ചോദ്യം ചെയ്തിട്ടില്ലെന്നാണ് സൂചന. അനധികൃത സ്വത്ത് സമ്പാദനത്തിൽ പാർട്ടിതല അന്വേഷണം നേരിടുന്ന അജികുമാറിനെ സിപിഐ ജില്ലാ കൌൺസിലിൽ നിന്ന് ഒഴിവാക്കിയിരുന്നു.

സ്വർണക്കൊളള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരർക്ക് എതിരെ ഇപ്പോൾ രണ്ട് കേസുകളായി. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റെങ്കിൽ ദ്വാരപാലക ശിൽപ്പങ്ങൾ കടത്തിയ കേസാണ് രണ്ടാം കേസ്.


ദ്വാരപാലക ശില്പങ്ങൾ കടത്തിയ കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ദ്വാരപാലക ശില്പങ്ങൾ കടത്തിയ കേസിൽ  ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പദ്ധതി.


ഇന്നലെ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിൻെറ റിമാൻഡ് നടപടികൾ  തിരുവനന്തപുരത്തെ എസ്.പി ഫോർട്ട് ആശുപത്രിയിൽ എത്തി പൂർത്തിയാക്കും.

ഇതിനായി കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തും.കെ.പി ശങ്കരദാസിന്റെ ജാമ്യ ഹർജി നാളെ  കൊല്ലം വിജിലൻസ് കോടതി പരിഗണിക്കുന്നുണ്ട്

Advertisment