/sathyam/media/media_files/WS0kTb1WgmAtz38S2PzU.jpg)
കോഴിക്കോട്: പാർട്ടിക്കും സർക്കാരിനും നാണക്കേടായി മാറിയ പി.എസ്.സി കോഴയിടപാട് സി.പി.എമ്മിന് അഴിയും തോറും മുറുകുന്ന കുരുക്കാകുന്നു. എന്തിനാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഏരിയാ കമ്മിറ്റി മുൻ അംഗം പ്രമോദ് കോട്ടുളി നടത്തുന്ന പ്രതികരണങ്ങൾ തലവേദന സൃഷ്ടിക്കുന്നതിനിടെ, ആർക്കും പണം കൊടുത്തിട്ടില്ല എന്ന പ്രതികരണവുമായി പരാതിക്കാരൻ രംഗപ്രവേശം ചെയ്തതാണ് സി.പി.എമ്മിനെ കുഴപ്പിച്ചിരിക്കുന്നത്.
പരാതിക്കാരൻ എന്ന് പറയപ്പെടുന്ന ശ്രീജിത്താണ് പണം കൊടുത്തതും പരാതി നൽകിയതും നിഷേധിച്ചുകൊണ്ട് വാർത്താ ചാനലിന് പ്രതികരണം നൽകിയത്. ഭാര്യയുടെ ജോലിക്ക് വേണ്ടി ആർക്കും പണം നൽകിയിട്ടില്ലെന്നാണ് ശ്രീജിത്തിൻെറ പ്രതികരണം. പരാതി നൽകിയെന്ന് കരുതപ്പെടുന്ന ആൾ തന്നെ പണം നൽകിയിട്ടില്ലെന്നും പരാതി നൽകിയിട്ടില്ലെന്നും പറയുമ്പോൾ വിവാദം പുതിയ വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്.
നിയമനത്തിന് പണം നൽകിയില്ലെന്ന വെളിപ്പെടുത്തലോടെ കോഴവിവാദം തന്നെ ആവിയായി പോകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കോഴ വിവാദത്തിൽ ആരോപണ വിധേയനായി നടപടി നേരിട്ട പ്രമോദ് കോട്ടൂളിയെ കൂടുതൽ പ്രകോപിക്കേണ്ടെന്ന തന്ത്രപരമായ നിലപാടിൽ നിൽക്കുമ്പോൾ ആരോപണം തന്നെ തളളിപ്പറഞ്ഞ് പരാതിക്കാരൻ രംഗത്തെത്തിയത് സി.പി.എം പ്രതീക്ഷിച്ചതല്ല.
എങ്ങനെയെങ്കിലും കോഴ ആരോപണത്തിന് തിരശീലയിടണമെന്ന താൽപര്യത്തിലാണ് പ്രമോദ് ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്ക് മറുപടി പറയേണ്ടെന്ന് തീരുമാനിച്ചത്. പ്രമോദിന് മറുപടി പറയാൻ പോയാൽ കോഴ ഇടപാടിൻ്റെ കൂടുതൽ വിവരങ്ങളും നേതാക്കളുടെ റിയൽ എസ്റേറ്റ് ബന്ധങ്ങളുടെ തെളിവുകളും പുറത്ത് വരുമെന്ന് ജില്ലാ നേതൃത്വത്തിന് ആശങ്കയുണ്ട്.
ഇതിനിടയിൽ പണം നൽകിയിട്ടില്ലെന്നും പരാതി നൽകിയിട്ടില്ലെന്നും പറഞ്ഞുകൊണ്ട് പരാതിക്കാരൻ തന്നെ രംഗത്ത് വന്നതോടെ എല്ലാ പദ്ധതിയും കീഴ്മേൽ മറിഞ്ഞു. ഭാര്യയ്ക്ക് നിയമനം ലഭിക്കുന്നതിനായി താൻ താൻ ആർക്കും പണം നൽകിയിട്ടില്ലെന്നും ആർക്കെതിരെയും പരാതിയോ കൊടുത്തിട്ടില്ലെന്നുമാണ് പരാതിക്കാരനെന്ന് കരുതപ്പെടുന്ന ശ്രീജിത്ത് വാർത്താ ചാനലിന് നൽകിയിരിക്കുന്ന പ്രതികരണത്തിൽ കാണുന്നത്.
കോഴയിടപാടിൽ പ്രമോദ് കോട്ടുളിയെ കുറ്റവിമുക്തനാക്കാനുളള ശ്രമവും ശ്രീജിത്തിൻെറ പ്രതികരണത്തിലുണ്ട്. പണം വാങ്ങിയെന്ന് ആരോപിച്ച് പരാതി നൽകിയതായി പ്രമോദിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ശ്രീജിത്ത് പറയുന്നത്.
വിവാദത്തിൻെറ ഉറവിടം ആരാണെന്ന് അറിയില്ല.തനിക്ക് പരാതിയൊന്നുമില്ല. പണം കൊടുത്തെങ്കിൽ മാത്രമല്ലേ പരാതി നൽകേണ്ടതുളളുവെന്നും ശ്രീജിത് ചാനലിനോട് പറയുന്നുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രമോദ് കോട്ടൂളി, പരാതിക്കാരനായ ശ്രീജിത്തിൻെറ വീടിന് മുന്നിൽ അമ്മയ്ക്കും മകനും ഒപ്പം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതിൽ ഭയം പൂണ്ടാണ് പരാതിയില്ലെന്നും പണം കൊടുത്തിട്ടില്ലെന്നും പറയാൻ കാരണമെന്നാണ് സി.പി.എം സംശയിക്കുന്നത്.
കേന്ദ്ര ഏജൻസി പോലുളള സംവിധാനങ്ങളുടെ അന്വേഷണ പരിധിയിലേക്ക് വരുമോയെന്ന ആശങ്കയും പരാതിയില്ലെന്ന് പറയാൻ പ്രേരിപ്പിച്ചിരിക്കാമെന്നും പാർട്ടി സംശയിക്കുന്നുണ്ട്. എന്നാൽ ശ്രീജിത്തിൻെറ പ്രതികരണത്തോടെ പ്രമോദ് കോട്ടുളിയും സി.പി.എമ്മിനെ കുരുക്കുന്ന പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഇനിയെങ്കിലും എന്തിനാണ് തന്നെ പുറത്താക്കിയതെന്ന് വ്യക്തമാക്കാൻ പാർട്ടി തയാറാകണമെന്നാണ് പ്രമോദ് കോട്ടുളിയുടെ ആവശ്യം.
പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗവും ഏരിയാ സെന്ററിൽ പ്രവർത്തിച്ചിരുന്ന നേതാവുമായ പ്രമോദ് കോട്ടൂളിയെ പുറത്താക്കിയതെന്നാണ് സി.പി.എം നേതൃത്വത്തിൻെറ വിശദീകരണം. എന്നാൽ പാർട്ടി നിലപാടുകളിലും കളളക്കളിയുണ്ടെന്ന് ആക്ഷേപമുണ്ട്. കാരണം പി.എസ്.സി കോഴ സംബന്ധിച്ച പരാതി പാർട്ടിക്ക് മുന്നിലെത്തിയിട്ട് മാസങ്ങളായി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
മാസങ്ങൾക്ക് മുൻപ് ലഭിച്ച പരാതിയിൽ അടയിരുന്ന ജില്ലാ നേതൃത്വം വിവാദം പുറത്തുവന്നശേഷം മാത്രമാണ് നടപടിയെടുക്കാൻ തയാറായത്. പാർട്ടിക്ക് ചേരാത്ത നടപടികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെങ്കിൽ എന്തുകൊണ്ട് നടപടി ഇത്രനാൾ വൈകി എന്നതാണ് പാർട്ടി നേതൃത്വത്തിന് എതിരെ ഉയരുന്ന ചോദ്യം. ഏറെ വൈകി നടപടി എടുത്തപ്പോൾ അതിൻെറ കാരണമെന്താണെന്ന് പരസ്യമാക്കാനും ജില്ലാ നേതൃത്വം തയ്യാറല്ല.
കോഴയിടപാട് സ്ഥിരീകരിച്ചാൽ ക്രിമിനൽ നടപടികൾ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാകുമെന്നതാണ് കാരണം വെളിപ്പെടുത്താത്തതിന് നേതൃത്വം പറയുന്ന ന്യായീകരണം. ഇതൊന്നുമല്ല, ജില്ലാ നേതൃത്വം രണ്ട് ചേരിയായി തിരിഞ്ഞ് നടത്തുന്ന കച്ചവടങ്ങളുടെയും അതിൻെറ ഭാഗമായുളള താൽപര്യങ്ങളുടെ സംഘട്ടനവുമാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.