മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പിതാവിനെ പോലെ എന്ന് പറഞ്ഞയിടത്ത് നിന്ന്, പിണറായി ഇന്ന് കെട്ടുപോയ സൂര്യനാണെന്ന് തിരുത്താന്‍ അന്‍വറിന് വേണ്ടിവന്നത് വെറും ഒരു മാസം മാത്രം. പരസ്യപ്രഖ്യാപനം പാടില്ലെന്ന പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് സിപിഎമ്മിനും, മുഖ്യമന്ത്രിക്കുമെതിരെ പരസ്യമായ 'യുദ്ധപ്രഖ്യാപനം' നടത്തുന്നതായിരുന്നു ഇന്ന് അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനം.
കേരളത്തിൽ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. ആ സൂര്യൻ കെട്ടുപോയി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ൽനിന്ന് പൂജ്യമായെന്നായിരുന്നു അന്‍വറിന്റെ വിമര്‍ശനം.
മുഖ്യമന്ത്രിയുടെ മരുമകനും, മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടായിരുന്നു അന്‍വറിന്റെ വാക്കുകള്‍. ഈ പാർട്ടി ഇവിടെ നിലനിൽക്കണം. ഒരു റിയാസ് മതിയോ എന്ന് സഖാക്കൾ ആലോചിക്കട്ടെയെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം.
പാര്‍ട്ടിക്കെതിരെ പരസ്യമായ പോര്‍മുഖം തുറക്കുമ്പോഴും, പ്രവര്‍ത്തകരുടെ പിന്തുണ ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളും അന്‍വറിന്റെ വാക്കുകളില്‍ വ്യക്തം.
''എനിക്ക് ഈ ദുരന്തങ്ങളൊന്നും ഏറ്റെടുക്കേണ്ട കാര്യമില്ലായിരുന്നു. പാവപ്പെട്ട പാർട്ടി സഖാക്കളെയാണ് താന്‍ ആലോചിച്ചത്. കേരളത്തിൽ ഒരു റിയാസിനെ മാത്രം നിലനിർത്താനാണോ പാർട്ടി. പാർട്ടി എന്നു പറയുന്നത് പാർട്ടി സഖാക്കളാണ്. അതിനു മുകളിലുള്ള മേൽക്കൂര മാത്രമാണ് പാർട്ടി നേതാക്കൾ''-അന്‍വറിന്റെ വാക്കുകള്‍.
ഇങ്ങനെ പോയാല്‍ പിണറായി അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും ?
വാക്കുകളുടെ കടുപ്പം ഒട്ടും കുറയ്ക്കാതെയായിരുന്നു അന്‍വറിന്റെ വിമര്‍ശനം. ഇങ്ങനെ പോയാല്‍ പിണറായി അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്ന് പോലും അന്‍വര്‍ പറഞ്ഞുവച്ചു.
''ഞാനുമായി ബന്ധപ്പെട്ട ഒരു സഖാവും ശശിയെപ്പറ്റി നല്ല വാക്ക് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി എന്തിനാണ് ഇവനെ കെട്ടിപ്പിടിച്ചു കിടക്കുന്നത്? ഈ രീതിയിലാണെങ്കിൽ കമ്യൂണിസ്റ്റ് സർക്കാരിന്റെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും പിണറായി. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപക സംഘമാണ്. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്ക്''-അന്‍വര്‍ ആഞ്ഞടിച്ചു.