ഭരണപക്ഷത്തുമില്ല, പ്രതിപക്ഷത്തുമില്ല, പി.വി. അന്‍വര്‍ ഇനി നിയമസഭയില്‍ രണ്ട് പക്ഷത്തിനും ഇടയില്‍ 'പ്രത്യേക ബ്ലോക്കി'ലിരിക്കും; ഭരണ -പ്രതിപക്ഷ ബ്ളോക്കുകൾക്ക് ഇടയിലുളള ബി5-10 ഇനി അന്‍വറിന്റെ പുതിയ ഇരിപ്പിടം; നിലമ്പൂര്‍ എംഎല്‍എയ്ക്ക് പുതിയ സീറ്റ് അനുവദിച്ചത് 'സ്പീക്കർ കൂര കെട്ടി തരേണ്ടതൊന്നുമില്ല' എന്ന രൂക്ഷപ്രതികരണത്തിന് പിന്നാലെ

നിയമസഭയിൽ പി.വി.അൻവറിൻെറ സീറ്റിൽ വീണ്ടും മാറ്റം

New Update
pv anvar-3

തിരുവനന്തപുരം: നിയമസഭയിൽ പി.വി.അൻവറിൻെറ സീറ്റിൽ വീണ്ടും മാറ്റം. പ്രതിപക്ഷ നിരയിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിന് സമീപം സീറ്റ് അനുവദിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അൻവറിന് പുതിയ സീറ്റ് അനുവദിച്ച് ലെജിസ്ളേറ്റിവ് സെക്രട്ടേറിയേറ്റ് തീരുമാനം എടുത്തത്.

Advertisment

ഭരണ പക്ഷ പ്രതിപക്ഷ ബ്ളോക്കുകൾക്ക് ഇടയിൽ  പ്രത്യേക ബ്ളോക്കായിട്ടാണ് അൻവറിന് സീറ്റ് ലഭിച്ചിരിക്കുന്നത്. ബി5-10 എന്നതാണ് അൻവറിൻെറ പുതിയ സീറ്റ് നമ്പർ. പുതിയ ഇരിപ്പിടം അനുവദിച്ചത് അറിയിച്ച് നിയമസഭാ സെക്രട്ടറി എൻ.കൃഷ്ണകുമാർ അൻവറിന് കത്തും നൽകി.


വൈകുന്നേരം ഗവർണറെ കണ്ടിറങ്ങിയ ശേഷം പ്രതിപക്ഷ നിരയിൽ സീറ്റ് നൽകിയതിന് എതിരെ പി.വി.അൻവർ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു.


''ഞാൻ എവിടെ ഇരിക്കണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്. സ്പീക്കർ കൂര കെട്ടി തരേണ്ടതൊന്നുമില്ല''  ഇതായിരുന്നു പ്രതിപക്ഷ നിരയിൽ സീറ്റ് അനുവദിച്ചതിന് എതിരെ അൻവർ നടത്തിയ പ്രതികരണം.

എന്തായാലും അൻവറിൻെറ രൂക്ഷമായ പ്രതികരണം ഫലം കണ്ടുവെന്നാണ് നിയമസഭാ സെക്രട്ടേറിയേറ്റിൻെറ തീരുമാനത്തിൽ നിന്ന് വ്യക്തമാകുന്നത്. പ്രതിപക്ഷ നിരയിൽ നിന്ന് സീറ്റ് മാറ്റി നൽകിയില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചിരുന്നു.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ അൻവറിൻെറ പ്രതിഷേധം കൂടി ഉണ്ടാവാൻ അനുവദിക്കേണ്ടെന്ന് കരുതിയാണ് നിയമസഭാ സെക്രട്ടേറിയേറ്റ് പെട്ടെന്ന് തന്നെ തീരുമാനം എടുത്തത്.

Advertisment